പട്ടാപ്പകല്‍ സുരക്ഷാജീവനക്കാർക്ക് നേരേ വെടിയുതിർത്ത് എ.ടി.എമ്മില്‍ നിറയ്ക്കാനെത്തിച്ച പണം കവർന്നു.
വ്യാഴാഴ്ച രാവിലെ കർണാടകയിലെ ബിദറിലായിരുന്നു നടുക്കുന്ന സംഭവം. ഇതിന്റെ വീഡിയോദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ വെടിയേറ്റ രണ്ട് സുരക്ഷാ ജീവനക്കാരും മരിച്ചു.
എസ്.ബി.ഐ. എ.ടി.എമ്മില്‍ നിറയ്ക്കാനായി കൊണ്ടുവന്ന 93 ലക്ഷത്തോളം രൂപയാണ് ബൈക്കിലെത്തിയ അക്രമികള്‍ കവർന്നതെന്നാണ് പ്രാദേശികമാധ്യമങ്ങളുടെ റിപ്പോർട്ട്. രണ്ട് സുരക്ഷാജീവനക്കാരാണ് പണം കൊണ്ടുവന്ന വാഹനത്തിലുണ്ടായിരുന്നത്. പണംകൊണ്ടുവന്ന വാഹനം എ.ടി.എം. കൗണ്ടറിന് മുന്നില്‍ നിർത്തിയതിന് പിന്നാലെ ബൈക്കിലെത്തിയ രണ്ടുപേർ ഇവർക്ക് നേരേ വെടിയുതിർക്കുകയും പണം സൂക്ഷിച്ച പെട്ടികളുമായി ബൈക്കില്‍ കടന്നുകളയുകയുമായിരുന്നു.
Bidar, Karnataka: Filmy style robbery attempt at SBI. The robbery attempt took place outside the bank branch behind the district court premises when cash was being loaded into the ATM from a cash van. Two bike-borne criminals looted the cash box at around 10:30 am. Chilli powder… pic.twitter.com/xT57jCCNu9
വെടിയേറ്റവരില്‍ ഒരാള്‍ സംഭവസ്ഥലത്തുവെച്ച് തന്നെ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഗുരുതരമായി പരിക്കേറ്റയാള്‍ പിന്നീട് ആശുപത്രിയില്‍വെച്ച് മരിച്ചതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
വെടിവെപ്പ് നടത്തിയശേഷം അക്രമികള്‍ പണപ്പെട്ടിയുമായി ബൈക്കില്‍ രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പട്ടാപ്പകല്‍ ആളുകള്‍ നോക്കിനില്‍ക്കേ തിരക്കേറിയ റോഡിലായിരുന്നു സംഭവം. ബൈക്കിലെത്തിയ രണ്ടുപ്രതികളും ഹെല്‍മെറ്റ് ധരിച്ചിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ഊർജിതമാക്കിയതായാണ് റിപ്പോർട്ട്.