പൂച്ചകള്‍ക്ക് ഇഷ്ടപ്പെട്ട ഭക്ഷണങ്ങള്‍ എന്ത് എന്ന ചോദ്യത്തിന് പാല്‍, മീൻ എന്നിവയായിരിക്കും പൊതുവെയുള്ള ഉത്തരങ്ങള്‍.
എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി വിസ്‌കിയും മാംസാഹാരങ്ങളും ഫാസ്റ്റ്ഫുഡും മാത്രം കഴിച്ചിരുന്ന ഒരു പൂച്ചയാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ഇടംപിടിക്കുന്നത്.
കഴിഞ്ഞയാഴ്ചയാണ് റഷ്യയിലെ ഒരു ആശുപത്രി ബേസ്‌മെന്റില്‍ നിന്നും ക്രോഷിക് എന്ന പൂച്ചയെ മൃഗസ്‌നേഹികള്‍ കണ്ടെത്തിയത്. ക്രോഷികിനെ കണ്ടെത്തുന്ന സമയത്ത് അവന് നടക്കാൻ പോലും സാധിച്ചിരുന്നില്ല. അവന്റെ ദേഹത്ത് പരിക്കുകളോ മറ്റോ ഉണ്ടായിരുന്നില്ല. മറിച്ച് ക്രോഷിക്കിന്റെ ഭാരമായിരുന്നു ആരോഗ്യനില മോശമാകുന്നതിലേക്ക് നയിച്ചത്.
ഒരു മനുഷ്യ കുഞ്ഞിനോളം, 17 കിലോഗ്രാം ഭാരമായിരുന്നു ഈ പൂച്ചയ്‌ക്കുണ്ടായിരുന്നത്. ക്രോഷിക്കിന്റെ ഉടമ സ്ഥിരമായി മാംസാഹാരങ്ങളും, സൂപ്പുകളും, വിസ്‌കിയും മറ്റും നല്‍കിയാണ് അവനെ വളർത്തിയതെന്നാണ് റഷ്യൻ പ്രാദേശിക മാദ്ധ്യമങ്ങള്‍ പറയുന്നത്. പൂച്ചയ്‌ക്ക് അമിത ഭാരം ആയതോടെ ക്രോഷിക്കിനെ അവർ ആശുപത്രിയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.
ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് മൃഗസ്‌നേഹികള്‍ ക്രോഷിക്കിനെ മട്രോസ്‌കിൻ അഭയകേന്ദ്രത്തിലേക്ക് മാറ്റി. ഇപ്പോള്‍ കൃത്യമായ ഭക്ഷണശീലങ്ങളും മിതമായ മാംസാഹാരങ്ങളും കഴിച്ച് തടി കുറയ്‌ക്കാനുള്ള ശ്രമത്തിലാണ് ക്രോഷിക്. നിലവില്‍ പൂച്ചയ്‌ക്ക് പതിയെ നടക്കാൻ സാധിക്കുെമന്നും അഭയകേന്ദ്രത്തിലെ ജീവനക്കാർ പറഞ്ഞു. ക്രോഷിക്കിനെ പതിയെ നടത്തിപ്പിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലാവുന്നത്.