Click to learn more 👇

ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റ ക്ലിക്കിൽ (20/10/2024)


 


2024 | ഒക്ടോബർ 20 | ഞായർ | തുലാം 4 |

◾ കേരളത്തിലെ ഉപതെരഞ്ഞെടുപ്പിനുളള ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. വയനാട്ടില്‍ നവ്യ ഹരിദാസും പാലക്കാട് സി കൃഷ്ണകുമാറും ചേലക്കരയില്‍ കെ ബാലകൃഷ്ണനും ബിജെപി സ്ഥാനാര്‍ത്ഥികളാകും. ഡല്‍ഹിയില്‍ ഇന്നലെ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിന് ശേഷമാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.


◾ പാലക്കാട്ടെ  ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഡോ. പി.സരിന്റെ റോഡ് ഷോയില്‍ ആവേശത്തോടെ അണിനിരന്ന് ഇടതുമുന്നണി പ്രവര്‍ത്തകര്‍. സരിന്‍ ബ്രോ എന്നെഴുതിയ പ്ലക്കാര്‍ഡുകളുമേന്തിയാണ് പ്രവര്‍ത്തകര്‍ റോഡ് ഷോയില്‍ പങ്കെടുത്തത്. സരിന്‍ എന്ന വ്യക്തിയല്ല, പ്രസ്ഥാനം മുന്നില്‍ വെച്ച സ്ഥാനാര്‍ത്ഥിക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും  ആ സ്ഥാനാര്‍ത്ഥിയെ വിജiയിപ്പിക്കാന്‍ പ്രവര്‍ത്തിക്കുമെന്നും വോട്ട് ചെയ്ത് വിജയിപ്പിക്കുമെന്നും ഇടതുമുന്നണി പ്രവര്‍ത്തകര്‍ വ്യക്തമാക്കി.


◾ പി.സരിനു പിന്നാലെ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ കലാപക്കൊടി ഉയര്‍ത്തിയ പാലക്കാട് നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി എകെ ഷാനിബിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി. സംഘടനാ വിരുദ്ധപ്രവര്‍ത്തനവും അച്ചടക്കലംഘനവും കാട്ടിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി പാലക്കാട് ജില്ലാ കമ്മിറ്റി അറിയിച്ചു.


◾ വയനാട് ലോക്സഭാ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെയും ഉപതെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് പഞ്ചായത്ത് സെക്രട്ടറിമാരെ സ്ഥലം മാറ്റിയതിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കും പരാതി നല്‍കി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പെരുമാറ്റച്ചട്ടം മറികടക്കുന്നതിനു വേണ്ടി ചട്ടം നിലവില്‍ വരുന്നതിന് മുന്‍പുള്ള തീയതി എഴുതിച്ചേര്‍ത്തതാണെന്നും നടപടി വേണമെന്നും പ്രതിപക്ഷ നേതാവ് പരാതിയില്‍ ചൂണ്ടിക്കാട്ടി.


◾ പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പതിനായിരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സ്ഥാനാര്‍ഥിയാകാന്‍ ബി.ജെ.പിയുമായി ചര്‍ച്ച നടത്തി പരാജയപ്പെട്ടാണ് സരിന്‍ സി.പി.എമ്മിലേക്ക് പോയതെന്നും ഇത് സി.പി.എമ്മിന്റെ ജീര്‍ണതയേയാണ് തുറന്ന് കാണിക്കുന്നതെന്നും വി.ഡി. സതീശന്‍ വിമര്‍ശിച്ചു.


◾ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കളക്ടര്‍ക്ക് പങ്കുണ്ടെന്നാരോപിച്ച് കണ്ണൂര്‍ കളക്ടറേറ്റിലേക്ക് യുവമോര്‍ച്ചയുടേയും കെഎസ് യുവിന്റേയും പ്രതിഷേധം. കളക്ടര്‍ സ്ഥാനത്ത് നിന്ന് മാറി അന്വേഷണം നേരിടണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കളക്ടര്‍ ചുമതലയില്‍ നിന്ന് ഒഴിയുന്നതുവരെ പ്രതിഷേധങ്ങള്‍ തുടരുമെന്നാണ് കെഎസ്യുവിന്റെ നിലപാട്.


◾ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന പിപി ദിവ്യ എഡിഎം നവിന്‍ബാബുവിനെക്കുറിച്ച്  പറഞ്ഞതിനെ അവിശ്വസിക്കേണ്ടതില്ലെന്ന് ഡിവൈഎഫ്ഐ .അതുകൊണ്ടാണ് അന്വേഷണം നടക്കട്ടേയെന്ന് പറഞ്ഞതെന്നും സംസ്ഥാന പ്രസിഡണ്ട് വി.വസീഫ് പറഞ്ഞു. ഡിവൈഎഫ്ഐ മരിച്ച നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്നും വ്യാജ പരാതിയാണെങ്കില്‍ പ്രശാന്തനെ പൊലീസ് അറസ്റ്റ് ചെയ്യട്ടെയെന്നും സംരക്ഷിക്കേണ്ട കാര്യം ഡിവൈഎഫ്.ഐ ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.


◾ പി.പി.ദിവ്യയെ അവിശ്വസിക്കേണ്ടെന്ന ഡിവൈഎഫ്ഐ നിലപാട് തള്ളി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ. പി. ഉദയഭാനു. പാര്‍ട്ടി പൂര്‍ണ്ണമായും നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്നും അതല്ലാതെ ഏതു സംഘടന ദിവ്യയെ പിന്തുണച്ചാലും അംഗീകരിക്കാന്‍ ആവില്ലെന്നും ദിവ്യയുടെ പെരുമാറ്റം പൊതുപ്രവര്‍ത്തകര്‍ക്ക് ഒരു പാഠമാകണമെന്നും ഉദയഭാനു കൂട്ടിചേര്‍ത്തു.



◾ പി പി ദിവ്യക്കെതിരെ സംഘടനാ നടപടി  ഉടന്‍ എടുക്കേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റില്‍  തീരുമാനം. പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് കൂടി വന്ന ശേഷം തുടര്‍നടപടികള്‍ തീരുമാനിക്കുമെന്നും ദിവ്യയ്ക്ക് വീഴ്ച ഉണ്ടായെന്ന് കണ്ടെത്തിയാല്‍ സംഘടനാ നടപടി ഉണ്ടാകുമെന്നും സംസ്ഥാന സെക്രട്ടേറിയേറ്റ് വ്യക്തമാക്കി.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  എന്ന നിലയില്‍ വീഴ്ച വരുത്തിയപ്പോഴാണ്  ഔദ്യോഗിക പദവിയില്‍ നടപടി സ്വീകരിച്ചതെന്നും നേതൃത്വം വ്യക്തമാക്കി.


◾ എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍  മുഖ്യമന്ത്രി അനുശോചിക്കുകയോ പ്രതികരിക്കുകയോ ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എ.ഡി.എം അഴിമതിക്കാരനെന്നു വരുത്തി തീര്‍ക്കാന്‍ സി.പി.എം ശ്രമിച്ചത് കൊന്നതിനേക്കാള്‍ വലിയ ക്രൂരതയാണെന്നും പ്രശാന്തന്‍ ഏത് സി.പി.എം നേതാവിന്റെ ബിനാമിയാണെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.


◾ പെട്രോള്‍ പമ്പിന്റെ എന്‍ഒസിക്കായി കൈക്കൂലി കൊടുത്തെന്ന ആരോപണത്തില്‍ പ്രശാന്തന്റെ മൊഴിയെടുത്തു. കണ്ണൂരിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് കൈക്കൂലി ആരോപണത്തില്‍ വിജിലന്‍സ് വിവരങ്ങള്‍ തേടിയത്. കൈക്കൂലി നല്‍കിയ പണത്തിന്റെ ഉറവിടം, മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി എന്നിവയുടെ രേഖകള്‍ അടക്കം ഹാജരാക്കാന്‍ അറിയിച്ചു. രേഖകള്‍ പരിശോധിച്ചതിനുശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും.


◾ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ മൊഴി നല്‍കാന്‍ സാവകാശം തേടി പി.പി. ദിവ്യ; നവീന്‍ ബാബുവിന്റെ മരണത്തില്‍ വകുപ്പുതല അന്വേഷണം നടത്തുന്ന എ.ഗീത ഐഎഎസിന് മുമ്പാകെ മൊഴി നല്‍കാനാണ് ഗീത സാവകാശം തേടിയത്. ജോയിന്റ് കമ്മീഷണര്‍ എ.ഗീത കളക്ടര്‍ അരുണ്‍ കെ.വിജയന്‍, ഡെപ്യൂട്ടി കളക്ടര്‍മാര്‍, സ്റ്റാഫ് കൗണ്‍സില്‍ അംഗങ്ങള്‍, പമ്പിന് അപേക്ഷ നല്‍കിയ പ്രശാന്ത്, എഡിഎമ്മിന്റെ ഡ്രൈവര്‍ ഷംസുദ്ദീന്‍ തുടങ്ങിയവരുടെ മൊഴി ഇന്നലെയെടുത്തു.


◾ ശബരിമലയില്‍ എട്ട് മണിക്കൂറിലധികം കാത്തു നിന്നിട്ടും തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനം ലഭിച്ചില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ആവശ്യത്തിന് പൊലീസുകാരില്ലാത്തതാണ് സന്നിധാനത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. കുട്ടികളും പ്രായമുളളവരുമടക്കം ഭക്ഷണവും വെളളവും പോലും ഇല്ലാതെ മണിക്കൂറുകളോളമാണ് നില്‍ക്കുന്നതെന്നും വിശ്വാസികള്‍ പ്രതികരിച്ചു. ഓണ്‍ലൈന്‍ ബുക്കിങിലൂടെ കൂടുതല്‍ പേരെത്തുമെന്നതില്‍ വ്യക്തതയുണ്ടായിട്ടും മതിയായ രീതിയില്‍ ആളെ വിന്യസിക്കാതിരുന്ന പൊലീസിന് ഗുരുതര വീഴ്ച പറ്റിയെന്നാണ് സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.  


◾ ബലാത്സംഗ കേസില്‍ ഇടക്കാല ജാമ്യം ലഭിച്ച നടന്‍ സിദ്ദിഖ് അന്വേഷണവുമായി സഹകരിച്ചിട്ടില്ലെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും  സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ചോദ്യംചെയ്യലില്‍ പലതും മറന്നു പോയെന്ന ഉത്തരമാണ് പ്രതി നല്‍കുന്നത്. ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ പൊലീസ് ആവശ്യപ്പെട്ട കാര്യങ്ങള്‍ കൈമാറാന്‍ തയ്യാറായില്ലെന്നും സര്‍ക്കാര്‍ സുപീംകോടതിയെ അറിയിച്ചു.  സിദ്ദിഖിന്റെ മൂന്‍കൂര്‍ ജാമ്യപേക്ഷയെ എതിര്‍ത്താണ് സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പുറത്ത് നില്‍ക്കുന്ന സിദ്ദിഖ് സാക്ഷികളെ സ്വാധീക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്നും  ചരിത്രം സിദ്ദിഖിനെ നായകനായി വാഴ്ത്തുന്നതിന് മുന്‍പ് കള്ളത്തരം പുറത്തു കൊണ്ടുവരണമെന്നും സര്‍ക്കാര്‍ സുപീംകോടതിയെ അറിയിച്ചു.


◾ സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ് എ ടി ആശുപത്രിയില്‍ ഫീറ്റല്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്വകാര്യ മേഖലയില്‍ വളരെയധികം ചിലവുള്ള ഈ ചികിത്സ സര്‍ക്കാര്‍ പദ്ധതികളിലൂടെ സൗജന്യമായാണ് നല്‍കുന്നത്. നവജാത ശിശുക്കളുടെ ആരോഗ്യം ഉറപ്പാക്കുന്നതില്‍ ഈ വിഭാഗത്തിന് വളരെ പങ്കുവഹിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.


◾ കൊച്ചി-ബെംഗളൂരു വിമാനത്തില്‍ ബോംബ് ഭീഷണി. രാത്രി ബെംഗളൂരുവിലേക്ക് പുറപ്പെടുന്ന വിമാനത്തിനാണ് ബോംബ് ഭീഷണി വന്നത്. ഭീഷണിയെത്തുടര്‍ന്ന് വിമാനത്തില്‍ പരിശോധന നടത്തി. വിമാനത്തില്‍ പോകേണ്ട യാത്രക്കാരെ ദേഹപരിശോധനക്ക് വിധേയമാക്കി. രാജ്യത്ത് ബോംബ് ഭീഷണി തുടരുന്ന സാഹചര്യത്തില്‍ വിമാന കമ്പനികളുടെ സിഇഒമാരുമായി ദില്ലിയില്‍ യോഗം ചേര്‍ന്നു. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷനാണ് സിഇഒമാരെ ദില്ലിക്ക് വിളിപ്പിച്ചത്.


◾ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഷോളയാര്‍ ഡാം തുറക്കുന്നു. ജലനിരപ്പ് 2662.10 അടിയായ സാഹചര്യത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ ഇന്ന് രാവിലെ 6 നും വൈകീട്ട് 6 നും ഇടയില്‍ ഡാം തുറന്ന് ഘട്ടം ഘട്ടമായി 100 ക്യുമെക്‌സ് ജലം പെരിങ്ങല്‍ക്കുത്ത് ഡാമിലൂടെ ചാലക്കുടി പുഴയിലേക്ക് ഒഴുക്കും. ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു.


◾ നിര്‍ദ്ദിഷ്ട ചെങ്ങന്നൂര്‍ പമ്പ റെയില്‍വേ പാതക്ക് സര്‍വ്വെ നടക്കുന്നുവെന്ന് റെയില്‍വേ മന്ത്രാലയം. സര്‍വ്വെയുടെ അടിസ്ഥാനത്തില്‍ 75 കിലോമീറ്റര്‍ പാതയ്ക്ക് പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കും. 3726 കോടിയാണ് പദ്ധതിക്ക് നിലവില്‍ ചെലവ് പ്രതീക്ഷിക്കുന്നത്. രാജ്യസഭയില്‍ ഹാരിസ് ബീരാന്റെ പരാമര്‍ശത്തിനാണ് റെയില്‍വേയുടെ രേഖാമൂലമുള്ള മറുപടി.  


◾ എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ ഡാന്‍സാഫ് സംഘവും നൂല്‍പ്പുഴ പൊലീസും ചേര്‍ന്ന് പിടികൂടി. നമ്പ്യാര്‍കുന്ന് മുളക്കല്‍ പുള്ളത്ത് ജിഷ്ണു (29), ബത്തേരി റഹ്‌മത്ത് നഗര്‍ മേനകത്ത് മെഹബൂബ് (26) എന്നിവരെയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിസ്ട്രിക്റ്റ് ആന്റി നാര്‍കോട്ടിക്‌സ് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സ് പിടികൂടിയത്. ഇവരില്‍ നിന്ന് 12.8 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തതായി നൂല്‍പ്പുഴ പൊലീസ് അറിയിച്ചു.


◾ സംസ്ഥാനത്ത് ഇന്ന് തിരുവനന്തപുരം, ഇടുക്കി ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്. ഒക്ടോബര്‍ 23 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


◾ തമിഴ്നാട് വാല്‍പ്പാറയ്ക്ക് സമീപം ഉഴേമല എസ്റ്റേറ്റില്‍ ജോലിയ്ക്ക് വന്ന ജാര്‍ഖണ്ഡ് സ്വദേശികളുടെ 6 വയസ്സുള്ള കുട്ടിയെ പുള്ളിപ്പുലി ആക്രമിച്ച് കൊന്നു. അപ്സര ഖാത്തൂന്‍ എന്ന കുട്ടിയാണ് പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കുട്ടിയുടെ അമ്മയുടെ കണ്‍മുന്നില്‍ വെച്ചാണ് പുലി ആക്രമിച്ചത്. പുള്ളിപ്പുലി കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു.  


◾ തമിഴ് സൂപ്പര്‍ താരവും ടിവികെ പാര്‍ട്ടിയുടെ നേതാവുമായ വിജയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ച് ബിഎസ്പി. ടിവികെ പതാകയിലെ ആനയുടെ ചിത്രം നീക്കണമെന്നാണ് ആവശ്യം. ആന ബിഎസ്പിയുടെ ചിഹ്നമാണ്. 5 ദിവസത്തിനകം പതാകയില്‍ മാറ്റം വരുത്തണമെന്നും ഇല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും ബിഎസ്പി പറയുന്നു.  


◾ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും ഗവര്‍ണര്‍ ആര്‍എന്‍ രവിയും തമ്മിലുള്ള പോര് രൂക്ഷമാവുന്നു. തമിഴ്‌നാടിന്റെ സംസ്ഥാന ഗീതമായ തമിഴ് തായ് വാഴ്ത്ത് ആലപിച്ചപ്പോള്‍ ദ്രാവിഡ എന്ന വാക്ക് വിട്ടുപോയതാണ് പ്രശ്‌നങ്ങളുടെ ആരംഭം. ഗവര്‍ണര്‍ ദ്രാവിഡ വംശത്തെ നിന്ദിക്കുകയും ഹിന്ദി ഭാഷയെ നിര്‍ബന്ധപൂര്‍വ്വം അടിച്ചേല്‍പ്പിക്കാനും ശ്രമിക്കുന്നുവെന്നാണ് എം കെ സ്റ്റാലിന്റെ ആരോപണം. സംസ്ഥാനത്തിന്റെ നിയമങ്ങള്‍ അംഗീകരിക്കാത്ത ആര്‍.എന്‍. രവി ഗവര്‍ണര്‍ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നും അദ്ദേഹത്തെ തിരിച്ചുവിളിക്കണമെന്നും മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ആവശ്യപ്പെട്ടു.


◾ ദില്ലിയില്‍ പല ഭാഗങ്ങളിലും വായു ഗുണനിലവാര സൂചിക മുന്നൂറ് കടന്നു. യമുനയിലെ വിഷപ്പത തീരത്തു താമസിക്കുന്നവര്‍ക്ക് കടുത്ത ആശങ്കയാകുകയാണ്. ഇന്നലെ രാവിലെ മുതലാണ് കാളിന്ദി കുഞ്ച് പ്രദേശത്ത്  വിഷപ്പത കണ്ടുതുടങ്ങിയത്. ഉയര്‍ന്ന അളവില്‍ നദിയിലെത്തുന്ന  അമോണിയയും ഫോസ്ഫേറ്റുമൊക്കെയാണ് വിഷപ്പത രൂപപ്പെടുന്നതിന്റെ പ്രധാനകാരണം.


◾ ഝാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പാര്‍ട്ടി സ്ഥാനാര്‍ഥികളെ ബി.ജെ.പി പ്രഖ്യാപിച്ചു. 66 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ മറണ്ടി ധന്‍വര്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. മുന്‍ മുഖ്യമന്ത്രിയും ജെ.എം.എം. നേതാവുമായിരുന്ന ചമ്പായ് സോറന്‍, മുന്‍മുഖ്യമന്ത്രി ഷിബു സോറന്റെ മരുമകളായ സീത സോറന്‍ എന്നിവരും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.


◾ ഝാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണി ഒന്നിച്ച് മത്സരിക്കുമെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ അറിയിച്ചു. 81 നിയമസഭാ മണ്ഡലങ്ങളില്‍ 70 എണ്ണത്തിലും ഝാര്‍ഖണ്ഡിലെ ഭരണകക്ഷിയായ ജെ.എം.എമ്മും കോണ്‍ഗ്രസും മത്സരിക്കാനാണ് ധാരണയായിരിക്കുന്നത്. ബാക്കി സീറ്റുകള്‍ ഇന്ത്യ മുന്നണിയിലെ മറ്റ് കക്ഷികള്‍ക്ക് വീതിച്ചുനല്‍കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.


◾ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ കൈമാറിയ വിവരങ്ങള്‍ പ്രകാരം ജമ്മു കശ്മീരില്‍ സുരക്ഷാ സേന നടത്തിയ വ്യാപക തെരച്ചിലില്‍ രണ്ട് ഭീകരര്‍ പിടിയില്‍. പൂഞ്ച് സെക്ടറില്‍ ഇന്ത്യന്‍ സൈന്യത്തിന്റെയും ജമ്മു കശ്മീര്‍ പൊലീസിന്റെയും നേതൃത്വത്തില്‍ നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് സുരക്ഷാ സേന ഏറെക്കാലമായി തിരയുകയായിരുന്ന ഭീകരരെ പിടികൂടാനായത്.


◾ ഝാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പാര്‍ട്ടി സ്ഥാനാര്‍ഥികളെ ബി.ജെ.പി പ്രഖ്യാപിച്ചു. 66 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ മറണ്ടി ധന്‍വര്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. മുന്‍ മുഖ്യമന്ത്രിയും ജെ.എം.എം. നേതാവുമായിരുന്ന ചമ്പായ് സോറന്‍, മുന്‍മുഖ്യമന്ത്രി ഷിബു സോറന്റെ മരുമകളായ സീത സോറന്‍ എന്നിവരും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.


◾ ഝാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണി ഒന്നിച്ച് മത്സരിക്കുമെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ അറിയിച്ചു. 81 നിയമസഭാ മണ്ഡലങ്ങളില്‍ 70 എണ്ണത്തിലും ഝാര്‍ഖണ്ഡിലെ ഭരണകക്ഷിയായ ജെ.എം.എമ്മും കോണ്‍ഗ്രസും മത്സരിക്കാനാണ് ധാരണയായിരിക്കുന്നത്. ബാക്കി സീറ്റുകള്‍ ഇന്ത്യ മുന്നണിയിലെ മറ്റ് കക്ഷികള്‍ക്ക് വീതിച്ചുനല്‍കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.


◾ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ കൈമാറിയ വിവരങ്ങള്‍ പ്രകാരം ജമ്മു കശ്മീരില്‍ സുരക്ഷാ സേന നടത്തിയ വ്യാപക തെരച്ചിലില്‍ രണ്ട് ഭീകരര്‍ പിടിയില്‍. പൂഞ്ച് സെക്ടറില്‍ ഇന്ത്യന്‍ സൈന്യത്തിന്റെയും ജമ്മു കശ്മീര്‍ പൊലീസിന്റെയും നേതൃത്വത്തില്‍ നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് സുരക്ഷാ സേന ഏറെക്കാലമായി തിരയുകയായിരുന്ന ഭീകരരെ പിടികൂടാനായത്.


◾ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വസതി ലക്ഷ്യമാക്കി ഡ്രോണ്‍ ആക്രമണം. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു. ലെബനനില്‍ നിന്നാണ് ഡ്രോണ്‍ വിക്ഷേപിച്ചതെന്നും അതൊരു കെട്ടിടത്തില്‍ ഇടിച്ചെന്നും ഇസ്രയേല്‍ സൈന്യം അറിയിച്ചു. അതേസമയം ഡ്രോണ്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹിസ്ബുല്ല ഇതുവരെ ഏറ്റെടുത്തിട്ടില്ല.


◾ ഇസ്രായേല്‍ ഈ യുദ്ധത്തില്‍ വിജയിക്കാന്‍ പോകുകയാണെന്നും ഒന്നും നമ്മളെ പിന്തിരിപ്പിക്കില്ലെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. തന്റെ വസതിയ്ക്ക് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തിന് ശേഷം ആദ്യ പ്രതികരിക്കുയായികുന്നു ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.


◾ വടക്കന്‍ ഗാസയിലെ ബെയ്റ്റ് ലഹിയ പട്ടണത്തില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 73 പേര്‍ കൊല്ലപ്പെട്ടു. ഗാസയില്‍ ഇസ്രയേല്‍ ഇന്നലെ നടത്തിയ മറ്റൊരു ആക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെ ഗാസയില്‍ ഇന്നലെ മാത്രം കൊല്ലപ്പെട്ടവരുടെ എണ്ണം 108 ആയി. അതേസമയം ആയുധം വച്ച് കീഴടങ്ങുന്നവരെയും ബന്ദികളായ ഇസ്രയേലുകാരെ വിട്ടയയ്ക്കുന്നവരെയും സമാധാനമായി ജീവിക്കാന്‍ അനുവദിക്കുമെന്നും ഹമാസ് ഇനി ഗാസ ഭരിക്കില്ലെന്നും വടക്കന്‍ ബെയ്റൂട്ടില്‍ പൗരന്മാരോട് ഒഴിഞ്ഞു പോകാന്‍ പറയുന്ന ലഘുലേഖ ഇസ്രായേല്‍ വിതരണം ചെയ്തു.


◾ കോളറ രോഗം പടരുന്നത് തടയാനുള്ള  വാക്സിന് ക്ഷാമമെന്ന് റിപോര്‍ട്ട് . ആഗോള ശേഖരത്തില്‍ വാക്സിന്‍ സ്റ്റോക്കുകള്‍ അവശേഷിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന  വെളിപ്പെടുത്തി. ആഗോളതലത്തില്‍ വാക്‌സിന്‍ ഉത്പാദനം പൂര്‍ണ്ണശേഷിയില്‍ നടക്കുന്നുണ്ടെങ്കിലും ആവശ്യം വിതരണത്തേക്കാള്‍ കൂടുതലാണെന്നും ഡബ്ല്യുഎച്ച്ഒ പ്രതിമാസ റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭരിച്ചുവെച്ചിരുന്ന ഓറല്‍ കോളറ വാക്‌സിന്‍ ഒക്ടോബര്‍ 14ന് പൂര്‍ണമായും തീര്‍ന്നതായി ലോകാരോഗ്യ സംഘടന പറഞ്ഞു.


◾ ഐ.എസ്.എലില്‍ സീസണിലെ ആദ്യജയംകുറിച്ച് ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്.സി. ഗോവ എഫ്.സി.യെ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് മുംബൈ കീഴടക്കിയത്.


◾ ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പത്തുവിക്കറ്റും ഒരു ദിവസവും ശേഷിക്കേ ന്യൂസിലന്‍ഡിന് 107 റണ്‍സിന്റെ വിജയലക്ഷ്യം. 356 റണ്‍സിന്റെ  ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ 150 റണ്‍സെടുത്ത സര്‍ഫറാസ് ഖാന്റേയും 99 റണ്‍സെടുത്ത റിഷഭ് പന്തിന്റേയും മികവോടെ പൊരുതിയെങ്കിലും നാലാം ദിനം ചായക്കുശേഷം 462 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. തുടര്‍ന്ന് രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ന്യൂസിലന്‍ഡ് നാലു പന്തുകള്‍ നേരിട്ടപ്പോഴേക്കും വെളിച്ചക്കുറവ് മൂലം നാലാം ദിവസത്തെ കളി നിര്‍ത്തുകയായിരുന്നു.


◾ ലാപ്ടോപ്പുകള്‍, ടാബ്ലെറ്റുകള്‍, പേഴ്സണല്‍ കമ്പ്യൂട്ടറുകള്‍ എന്നിവയുടെ ഇറക്കുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ആഭ്യന്തര ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ആപ്പിള്‍ പോലുള്ള കമ്പനികളെ പ്രേരിപ്പിക്കാനാണ് നീക്കം. 2025 ജനുവരിക്ക് ശേഷം പുതിയ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നേക്കും. ലാപ്ടോപ്പുകളും ടാബ്ലെറ്റുകളും ഉള്‍പ്പെടെയുള്ള ഐടി ഹാര്‍ഡ്വെയര്‍ ഉല്‍പ്പന്നങ്ങള്‍ക്കായുള്ള ഇന്ത്യയിലെ നിലവിലെ ഇംപോര്‍ട്ട് മാനേജ്മെന്റ് സിസ്റ്റം കഴിഞ്ഞ വര്‍ഷം 2024 ഡിസംബര്‍ 31 വരെ നീട്ടിയിരുന്നു. 2025 ജനുവരി 1 മുതല്‍ ഈ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് ഇറക്കുമതിക്കാര്‍ പുതിയ അംഗീകാരങ്ങള്‍ക്കായി അപേക്ഷിക്കണം. സൈബര്‍ ആക്രമണങ്ങളും ഡാറ്റ മോഷണവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇലക്ട്രോണിക്‌സ്, കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങളുടെ വിശ്വസനീയത ഉറപ്പാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. 2025 ഏപ്രില്‍ മുതല്‍ എല്ലാ സിസിടിവി കാമറകള്‍ക്കും സുരക്ഷാ സിബന്ധനകള്‍ ഇന്ത്യ നടപ്പിലാക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.


◾ തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്കും പ്രേമലു എന്ന ബ്ലോക്ക്ബസ്റ്ററിനും  ശേഷം ഗിരീഷ് എ ഡി- നസ്ലെന്‍ ടീമൊന്നിച്ച 'ഐ ആം കാതലന്‍' റിലീസ് നവംബര്‍ 7 ന്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനും ഡോ. പോള്‍സ് എന്റര്‍ടെയിന്മെന്റസിന്റെ ബാനറില്‍ ഡോ. പോള്‍ വര്‍ഗീസ്, കൃഷ്ണമൂര്‍ത്തി എന്നിവരുമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തീയേറ്ററുകളില്‍ വിതരണം ചെയ്യുന്നത്. അനിഷ്മ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തില്‍  ദിലീഷ് പോത്തന്‍, ലിജോമോള്‍, ടി ജി രവി, സജിന്‍, വിനീത് വാസുദേവന്‍, വിനീത് വിശ്വം,  എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. പ്രശസ്ത നടനായ സജിന്‍ ചെറുകയില്‍ തിരക്കഥ രചിച്ച ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് ശരണ്‍ വേലായുധന്‍, എഡിറ്റിംഗ് നിര്‍വഹിച്ചത് ആകാശ് ജോസഫ് വര്‍ഗീസ്, സംഗീതമൊരുക്കിയത് സിദ്ധാര്‍ത്ഥ പ്രദീപ് എന്നിവരാണ്.


◾ ബോളിവുഡ് സൂപ്പര്‍താരം സണ്ണി ഡിയോളിനെ നായകനാക്കി സൂപ്പര്‍ ഹിറ്റ് തെലുങ്ക് സംവിധായകന്‍ ഗോപിചന്ദ് മലിനേനി ഒരുക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. 'ജാട്ട്' എന്നാണ് ചിത്രത്തിന്റെ. പേരിനൊപ്പം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറക്കാര്‍ പുറത്ത് വിട്ടിട്ടുണ്ട്. സണ്ണി ഡിയോളിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തു വിട്ടത്. ശരീരത്തിലുടനീളം രക്ത കറകളുമായി ഒരു വലിയ ഫാന്‍ കയ്യില്‍ പിടിച്ചിരിക്കുന്ന ലുക്കിലാണ് സണ്ണി ഡിയോളിനെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ കാണാന്‍ സാധിക്കുന്നത്. വമ്പന്‍ ആക്ഷന്‍ ചിത്രമായാണ് ജാട്ട് ഒരുക്കുക എന്ന സൂചനയും പോസ്റ്റര്‍ തരുന്നുണ്ട്. അടുത്തിടെ ഗദ്ദര്‍ 2 എന്ന ചിത്രത്തിലൂടെ ബ്ലോക്ക്ബസ്റ്റര്‍ വിജയം സമ്മാനിച്ച സണ്ണി ഡിയോള്‍ തന്റെ കരിയറിലെ നൂറാം ചിത്രത്തിലേക്ക് അടുക്കുകയാണ്. രണ്‍ദീപ് ഹൂഡ, വിനീത് കുമാര്‍ സിംഗ്, സയാമി ഖേര്‍, റെജീന കസാന്ദ്ര എന്നിവരാണ് ജാട്ടിലെ മറ്റു പ്രധാന താരങ്ങള്‍.


◾ പ്രമുഖ ചൈനീസ് കാര്‍ നിര്‍മ്മാതാക്കളായ ബിവൈഡി ഈ ഉത്സവ സീസണില്‍ അതിന്റെ ജനപ്രിയ ഇലക്ട്രിക് കാര്‍ ബ്രാന്‍ഡിന് ബമ്പര്‍ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു. ഈ കാലയളവില്‍, ഉപഭോക്താക്കള്‍ക്ക് ബിവൈഡി സീല്‍ സെഡാന്റെ ടോപ്പ്-സ്പെക്ക് വേരിയന്റ് വാങ്ങുന്നതിലൂടെ പരമാവധി 2.50 ലക്ഷം രൂപ ലാഭിക്കാനാകും. ഇന്ത്യന്‍ വിപണിയിലെ ഉപഭോക്താക്കള്‍ക്കായി മൂന്ന് വേരിയന്റുകളില്‍ ബിവൈഡി സീല്‍ ലഭ്യമാണ്. ബിവൈഡി സീലിന്റെ ടോപ്പ്-സ്പെക്ക് പെര്‍ഫോമന്‍സ് ട്രിമ്മില്‍ ഉപഭോക്താക്കള്‍ക്ക് പരമാവധി 2.50 ലക്ഷം രൂപ വരെ ലാഭിക്കാം. ബിവൈഡി സീലിന്റെ പെര്‍ഫോമന്‍സ് വേരിയന്റില്‍ 2 ലക്ഷം രൂപ ക്യാഷ് ഡിസ്‌കൗണ്ടും 50,000 രൂപയുടെ മൂന്ന് വര്‍ഷത്തെ സേവനവും മെയിന്റനന്‍സ് പാക്കേജും വാഗ്ദാനം ചെയ്യുന്നുണ്ട്. 53 ലക്ഷം രൂപയാണ് ബിവൈഡി സീലിന്റെ പെര്‍ഫോമന്‍സ് വേരിയന്റിന് ഇന്ത്യന്‍ വിപണിയിലെ എക്‌സ് ഷോറൂം വില.


◾ സാധാരണജീവിതങ്ങളിലെ പ്രശനങ്ങളെയും അമൂര്‍ത്തമായ ദാര്‍ശനിക പ്രശ്നങ്ങളെയും കുട്ടിയിണക്കുന്ന പ്രമേയങ്ങള്‍ ശിഹാബുദ്ദീന്റെ കഥകളുടെ സവിശേഷതകളിലൊന്നാണ്. പരിചിതമായ യാഥാര്‍ത്ഥ്യത്തിന്റെ അപരിചിതമായ വശങ്ങളാണ് കഥകളില്‍ വ്യഞ്ജിക്കുന്നത്. 'മഞ്ഞുകാലം'. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്. ഡിസി ബുക്സ്. വില 150 രൂപ.


◾ രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകള്‍ പരിഹരിക്കുന്നതിന് 'സ്മാര്‍ട്ട്' ഇന്‍സുലിന്‍ വികസിപ്പിച്ച് ഗവേഷകര്‍. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് അനുസരിച്ച് സ്വയം ക്രമീകരിക്കാന്‍ കഴിയുന്ന ഓണ്‍ ആന്റ് ഓഫ് സ്വിച്ച് ഇന്‍സുലിന്‍ തന്മാത്രയാണ് ഗവേഷകര്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. ഡെന്മാര്‍ക്ക്, യുകെ, ചെക്കിയ എന്നിവിടങ്ങളിലെ ഗവേഷകരും ബ്രിട്ടോള്‍ സര്‍വകലാശാലയിലെ ഗവേഷകരും അടങ്ങുന്ന അന്താരാഷ്ട്ര ശാസ്ത്രജ്ഞരുടെ ഒരു സംഘമാണ് ഇന്‍സുലിന്‍ തന്മാത്രയുടെ രൂപകല്‍പനയ്ക്ക് പിന്നില്‍. എന്‍എന്‍സി2215 എന്ന് പേരിട്ടിരിക്കുന്ന ഇന്‍സുലിന്‍ ഗ്ലൂക്കോസ് സെന്‍സിറ്റീവ് ഘടകങ്ങള്‍ ഉപയോഗിച്ച് സ്വയം പരിഷ്‌ക്കരിച്ചു ഏറ്റക്കുറച്ചിലുകളെ പരിഹരിക്കുമെന്ന് നെച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. രക്തത്തിലെ ഗ്ലൂക്കോസ് അളവിനെ അടിസ്ഥാനപ്പെടുത്തി ഓണ്‍ ആന്റ് ഓഫ് രീതിയില്‍ സ്വയം സ്വിച്ച് ചെയ്യാവുന്ന രീതിയിലാണ് ഇന്‍സുലിന്‍ തന്മാത്രയുള്ളത്. ഒരു വളയത്തിന്റെ ആകൃതിയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഇന്‍സുലിന് മാക്രോസൈക്കിള്‍, ഗ്ലൂക്കോസൈഡ് എന്നിങ്ങനെ രണ്ട് വശങ്ങളുണ്ട്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയുമ്പോള്‍ ഗ്ലൂക്കോസൈഡ് സജീവമാകുകയും ഇത് ഇന്‍സുലിനെ നിഷ്‌ക്രിയമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു. എന്നാല്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഉയരുമ്പോള്‍ ഗ്ലൂക്കോസൈഡ് നിഷ്‌ക്രിയമാവുകയും ഇന്‍സുലിന്‍ സജീവമാവുകയും ചെയ്യുന്നു. രൂപകല്‍പന ചെയ്ത ഇന്‍സുലിന്‍ പന്നികളിലും എലികളിലും പരീക്ഷിച്ചു വിജയിച്ചതായും ഗവേഷകര്‍ വ്യക്തമായി. മനുഷ്യരില്‍ ട്രയല്‍ പരീക്ഷണം ഉടന്‍ ആരംഭിക്കുമെന്നും ഗവേഷകര്‍ അറിയിച്ചു.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക