പെട്രോള്‍, ഡീസല്‍ തുടങ്ങിയ ഇന്ധനങ്ങള്‍ വില്‍ക്കുന്ന പമ്ബ് തുടങ്ങണമെങ്കില്‍ കുറഞ്ഞത് 900 ചതുരശ്രമീറ്റര്‍ സ്ഥലവും ഒന്നേകാല്‍ കോടിയിലധികം രൂപയും വേണം.
കേരളത്തില്‍ 398 ഇടത്ത് അടക്കം ഇത്തവണ 2023 ജൂണിലാണ് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍)അപേക്ഷ ക്ഷണിച്ചത്. ഇതില്‍ 21 എണ്ണം കണ്ണൂരിലാണ്.
ബിപിസിഎല്‍ വെബ് സൈറ്റില്‍ രേഖപ്പെടുത്തിയ കണക്ക് പ്രകാരം സൗകര്യങ്ങള്‍ ഒരുക്കാന്‍ 75 ലക്ഷം രൂപയും കമ്ബനി നിര്‍ദേശിക്കുന്ന പ്രവര്‍ത്തനമൂലധനമായി 32 ലക്ഷം രൂപയുമടക്കം1.07 കോടി രൂപയാണ് ചെലവ്. ലേലത്തുകയായി 15 ലക്ഷം രൂപ നേരത്തേ അടയ്ക്കണം. കരുതല്‍നിക്ഷേപമായി നാലുലക്ഷം രൂപയും അടയ്ക്കണം.
പമ്ബുകളുടെ അനുമതിക്ക് മാനദണ്ഡങ്ങളേറെ
പമ്ബ് ആരംഭിക്കുന്നതിന് ആദ്യം പ്രദേശത്ത് സര്‍വേ നടത്തും. നിശ്ചിത ദൂരപരിധിയില്‍ വേറെ പമ്ബുകള്‍,വീടുകള്‍ എന്നിവ ഉണ്ടോ, വാഹനങ്ങളുടെ തിരക്ക് തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കും. അതിനുശേഷം പമ്ബുകള്‍ തുടങ്ങാനുള്ള സ്ഥലത്തിനായുള്ള താത്പര്യപത്രം ക്ഷണിക്കും. പിന്നീട് ഡീലര്‍ഷിപ്പിനായും താത്പര്യപത്രം നല്‍കും.
ആരാണ് അപേക്ഷ നല്‍കുന്നത് ?
ഡീലര്‍ഷിപ്പ് തുടങ്ങാന്‍ അനുമതി നല്‍കിക്കഴിഞ്ഞാല്‍, കമ്ബനി എതിര്‍പ്പില്ലാരേഖ എന്ന എന്‍.ഒ.സിക്കായി ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്‍കും. അനുമതി വേഗത്തിലാക്കാന്‍ ഡീലര്‍മാരാണ് ശ്രമിക്കുക. പമ്ബ് തുടങ്ങാന്‍ കമ്ബനികളാണ് അപേക്ഷ നല്‍കുന്നത്. ജില്ലാ കളക്ടര്‍ക്കാണ് അപേക്ഷ നല്‍കുന്നത്. അതില്‍ സര്‍വേ നമ്ബര്‍, വില്ലേജ്, പ്ലാന്‍ അടക്കം ഉണ്ടാകും. ആരാണ് ഡീലര്‍ എന്നത് ലെറ്റര്‍ ഓഫ് ഇന്റന്റില്‍ രേഖപ്പെടുത്തും. കളക്ടറുടെ നിര്‍ദേശപ്രകാരം എഡിഎം ആയിരിക്കും ഫയല്‍ കൈകാര്യം ചെയ്യുന്നത്.
എന്‍.ഒ.സി കിട്ടാൻ ആരുടെയൊക്കെ അനുകൂല റിപ്പോർട്ട് വേണം ?
എന്‍.ഒ.സി. തയ്യാറാക്കുന്നതിന് ആറ് വകുപ്പുകളില്‍നിന്ന് എഡിഎം റിപ്പോര്‍ട്ട് തേടും.
1.തദ്ദേശസ്ഥാപനം
2. ജില്ലാ പോലീസ് മേധാവി
3.ജില്ലാ സപ്ലൈ ഓഫീസര്‍
4. ആര്‍.ഡി.ഒ./സബ് കളക്ടര്‍,
5.ഫയർ ഫോഴ്സ്
6. പൊതുമരാമത്ത് (റോഡ്സ്) വകുപ്പ്
എന്നിങ്ങനെ ആറ് വകുപ്പിലേക്ക് അയച്ച് റിപ്പോര്‍ട്ട് എടുക്കും. പരാതി വന്നാല്‍ മലിനീകരണനിയന്ത്രണ ബോര്‍ഡും ഇടപെടും.
നിയമപ്രകാരം എല്ലാ വകുപ്പുകളും അപേക്ഷ നല്‍കി മൂന്നുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം. അതിനുശേഷം കളക്ടര്‍/എഡിഎം നേരിട്ട് സ്ഥലപരിശോധന നടത്തും. എല്ലാം കൃത്യമാണെങ്കില്‍ എന്‍.ഒ.സി. നല്‍കും.
അപേക്ഷ നിരസിക്കുകയാണെങ്കില്‍ എന്തുകൊണ്ടാണെന്ന് തെളിവെടുപ്പുവെച്ച് അറിയിക്കും. എന്‍.ഒ.സി. അടക്കം പരിശോധിച്ച് ചെന്നൈയിലെ കണ്‍ട്രോളര്‍ ഓഫ് എക്സ്പ്ലോസീവാണ് പ്രവര്‍ത്തനാനുമതി നല്‍കുക. എന്‍.ഒ.സി. ലഭിച്ചശേഷമാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍നിന്നടക്കമുള്ള മറ്റ് അനുമതികള്‍ ലഭിക്കുക. എല്ലാ അനുമതിയും ലഭിച്ചശേഷം പമ്ബ് നിര്‍മിക്കാനാവശ്യമായ സഹായവും കമ്ബനികള്‍ നല്‍കാറുണ്ട്