തകഴിയില്‍ മുയലിന്റെ കടിയേറ്റതിനെ തുടർന്ന് വാക്സിനെടുത്ത വീട്ടമ്മ മരിച്ചു. തകഴി കല്ലേപുറത്ത് സോമന്റെ ഭാര്യ ശാന്തമ്മ (63) യാണ് മരിച്ചത്.
മുയലിന്റെ കടിയേറ്റതിനെത്തുടർന്ന് ഇവർ പ്രതിരോധ വാക്സിൻ കുത്തിവെയ്പ്പ് എടുത്തിരുന്നു. ഇതിനുശേഷം ശരീരം തളർന്ന് കിടപ്പിലാവുകയായിരുന്നു.
ഒക്ടോബർ 21 നാണ് ശാന്തമ്മയ്‌ക്ക് വീട്ടിലെ വളർത്തു മുയലിന്റെ കടിയേറ്റത്. പാദത്തിലാണ് മുയല്‍ കടിച്ചത്. ഇതിനെത്തുടർന്ന് അമ്ബലപ്പുഴ അർബൻ ഹെല്‍ത്ത് സെന്ററിലും തുടർന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സ തേടി. എന്നാല്‍ ആലപ്പുഴ മെഡി. കോളജാശുപത്രിയില്‍ ആൻ്റി റാബീസ് വാക്സിനെടുത്തതിനെത്തുടർന്ന് ഇവരുടെ ശരീരം തളർന്നതായി ബന്ധുക്കള്‍ ആരോപിക്കുന്നു.
വാക്സിന്റെ മൂന്നാമത്തെ ഡോസ് എടുത്തതോടെ ഇവർ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് ശാന്തമ്മ യെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ആശുപത്രി വിട്ട് വീട്ടില്‍ കഴിയവെയാണ് മരിച്ചത്. സംഭവത്തില്‍ മകള്‍ സോണി അമ്ബലപ്പുഴ പൊലീസിനും ആശുപത്രി സൂപ്രണ്ടിനും പരാതി നല്‍കിയിട്ടുണ്ട്.