പ്രപഞ്ചത്തില്‍ അമ്മയേക്കാള്‍ വലിയ പോരാളിയില്ല, സ്വന്തം കുഞ്ഞുങ്ങളെ പരിപാലിക്കാനും സംരക്ഷിക്കാനും അമ്മയോളം മറ്റാരും ശ്രമിക്കില്ലതാനും
മനുഷ്യരില്‍ മാത്രമല്ല മൃഗങ്ങളിലും പക്ഷികളിലും മാതൃസ്നേഹത്തിന്റെ കാഴ്ചകള്‍ ചിലപ്പോള്‍ കാണാറുണ്ട്.
അത്തരത്തിലൊന്നാണ് ഈ വീഡിയോ. സ്വന്തം കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ഒരു പുള്ളിപ്പുലി സിംഹവുമായി നടത്തുന്ന പോരാട്ടമാണ് ഈ വീഡിയോയില്‍. ടാൻസാനിയയിലെ സെരെൻഗെറ്റി ദേശീയോദ്യാനത്തില്‍ നടത്തിയ യാത്രയ്ക്കിടെ ദമ്ബതികളായ കാരോളും ബോബും പകർത്തിയതാണ് ഈ രംഗം. ഒക്ടോബർ 24 നാണ് ഈ വീഡിയോ അപ് ലോഡ് ചെയ്യപ്പെട്ടത്.
ഒരു പാറക്കെട്ടിന് മുകളില്‍ അസ്വസ്ഥയായി നില്‍ക്കുന്ന പുള്ളിപ്പുലിയെ കണ്ടാണ് ബോബും കാരോളും രംഗം വീക്ഷിക്കുന്നത്. അപ്പോഴാണ് ദൂരെ നിന്ന് ഒരു പെണ്‍ സിംഹം വരുന്നത് കണ്ടത്. പുള്ളിപ്പുലിക്ക് പിറകിലെ പാറയിടുക്കില്‍ രണ്ട് പുലിക്കുട്ടികളെയും കാണാം.
സിംഹം അടുത്തെത്തിയതോടെ പുള്ളിപ്പുലി ചാടി വീഴുകയും സിംഹത്തെ ആക്രമിക്കുകയും ചെയ്യുന്നു. നിമിഷങ്ങള്‍ നീണ്ട പോരാട്ടത്തിന് പിന്നാലെ സിംഹത്തിനടുത്ത് നിന്ന് പുലി മറ്റൊരിടത്തേക്ക് ഓടി മറയുന്നതും പിന്നാലെ സിംഹം ഓടുന്നതുമാണ് വീഡിയോയില്‍.