ഒറ്റക്ക് താമസിച്ചിരുന്ന വീട്ടമ്മയെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്.
പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് കൊലപാതകം സ്ഥിരീകരിച്ചത്. പെരുമ്ബാവൂർ സ്വദേശി ജെയ്സി ഏബ്രഹാമിനെ (55) ആണ് കളമശ്ശേരി കൂനംതൈയിലെ അപ്പാർട്മെൻ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ വൈകുന്നേരമാണ് സംഭവം. കളമശ്ശേരിയിലെ അപ്പാർട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ജെയ്സിയുടെ മകള്‍ കാനഡയിലാണ്. അമ്മയെ ഫോണില്‍ വിളിച്ചപ്പോള്‍ കിട്ടാത്തതിനെ തുടർന്ന് ബന്ധുക്കളേയും പൊലീസിനേയും വിളിച്ചറിയിക്കുകയായിരുന്നു. പൊലീസെത്തി വാതില്‍ തുറന്നപ്പോഴാണ് ജെയ്സിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട് ബിസിനസ് നടത്തിയിരുന്ന ആളാണ് ജെയ്സി.
അതുകൊണ്ടു തന്നെ അത്തരത്തിലൊരു തർക്കമോ മറ്റോ ഉണ്ടായിരുന്നോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. തലയിലുള്ള ആഴത്തിലുള്ള മുറിവു കണ്ടതോടെ പൊലീസിന് കൊലപാതകമാണോ എന്ന് സംശയമുണ്ടായിരുന്നു. മുഖത്ത് വികൃതമായ രീതിയിലായിരുന്നു പരിക്കേറ്റിരുന്നത്. മർദനത്തിന് ശേഷമാണ് മരണമെന്ന് ഇന്നലെ തന്നെ പൊലീസിന് വിവരമുണ്ടായിരുന്നു. തുടർന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് തലക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്ന് പൊലീസ് സ്ഥിരീകരിച്ചത്.
അതേസമയം, പ്രതിയെ ഇതുവരേയും പിടികൂടാനായിട്ടില്ല. ഫ്ലാറ്റില്‍ സ്ഥിരമായി വന്നുപോവുന്നവരെയും സിസിടിവിയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.