Click to learn more 👇

യു ഡി എഫിന്റെ കണക്ക് കൂട്ടലുകള്‍ക്കും അപ്പുറത്തേക്കുള്ള ലീഡ്; റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ പാലക്കാട് നിലനിര്‍ത്തി രാഹുല്‍


 

പാലക്കാടന്‍ കോട്ട മികച്ച ഭൂരിപക്ഷത്തില്‍ നിലനിർത്തി യു ഡി എഫ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍.


18198 എന്ന മികച്ച വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു ഡി എഫ് വിജയം. വിജയം പ്രതീക്ഷിച്ചിരുന്ന ബി ജെ പി ദയനീയമായി പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്. പാർട്ടി മുന്നേറ്റം പ്രതീക്ഷിച്ചിരുന്ന നഗരസഭ മേഖലയില്‍ അടക്കം സി കൃഷ്ണകുമാറിന് വലിയ തോതില്‍ വോട്ട് കുറഞ്ഞു.

യു ഡി എഫിന്റെ കണക്ക് കൂട്ടലുകള്‍ക്കും അപ്പുറത്തേക്കുള്ള ലീഡിലേക്കാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പോയത്. 10000ന് മുകളില്‍ വോട്ടുകളുടെ ഭൂരിപക്ഷത്തോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിക്കുമെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് വികെ ശ്രീകണ്ഠൻ്റെ പ്രതികരണം. യു ഡി എഫിന് 58389 വോട്ടുകള്‍ ലഭിച്ചപ്പോള്‍ 39549 വോട്ടുകളാണ് ബി ജെ പിക്ക് ലഭിച്ചത്. 37293 വോട്ടുകളുമായി എല്‍ ഡി എഫ് മൂന്നാമതായി.


കോർപ്പറേഷനിലെ വോട്ടുകള്‍ എണ്ണിയപ്പോള്‍ മുതല്‍ തന്നെ ട്രെന്‍ഡ് വ്യക്തമായിരുന്നു. ബി ജെ പി വോട്ടുകള്‍ വല്ലാതെ കുറയുകയും രാഹുല്‍ കൃത്യമായ മേധാവിത്വം പുലർത്തുകയും ചെയ്തു. കോർപ്പറേഷന്‍ മേഖല കഴിഞ്ഞ് പിരായിരി പഞ്ചായത്തിലെ വോട്ടുകളെണ്ണിയപ്പോള്‍ യു ഡി എഫിന്റെ ലീഡ് കുത്തനെ ഉയർന്നു.

പിരായിരിയില്‍ 6775 വോട്ട് നേടിയ രാഹുല്‍ ബി ജെ പി സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിനെക്കാള്‍ 4124 വോട്ടുകളാണ് ഇവിടെ നേടിയത്.


2021 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 3859 വോട്ടിനായിരുന്നു ബി ജെ പി ടിക്കറ്റില്‍ മത്സരിച്ച മെട്രോമാന്‍ ഇ ശ്രീധരനെതിരെ ഷാഫി പറമ്ബില്‍ നേടിയത്. അന്ന് 54079 വോട്ടുകളാണ് യു ഡി എഫിന്റെ പെട്ടിയില്‍ വീണത്. അതിനേക്കാള്‍ നാലായിരത്തോളം വോട്ടുകള്‍ അധികമായി നേടിക്കൊണ്ടാണ് ഇത്തവണ രാഹുല്‍ മാങ്കൂട്ടത്തില്‍ മണ്ഡലം നിലനിർത്തിയത്. എന്നാല്‍ 50220 വോട്ടുകള്‍ നേടിയ ബി ജെ പിയുടെ വോട്ടാണ് ഇത്തവണ 39549ലേക്ക് കൂപ്പുകുത്തിയത്. എല്‍ ഡി എഫിനെ സംബന്ധിച്ചാകട്ടെ ഇത്തവണയും മൂന്നാം സ്ഥാനത്താണെങ്കിലും കഴിഞ്ഞ തവണത്തേക്കാള്‍ ആയിരത്തോളം വോട്ടുകള്‍ അധികമായി നേടാന്‍ സാധിച്ചുവെന്നതാണ് ആശ്വാസകരം.


അതേസമയം, ചേലക്കര മണ്ഡലത്തില്‍ എല്‍ ഡി എഫ് സീറ്റ് നിലനിർത്തി. 12201 വോട്ടിനാണ് യു ആർ പ്രദീപിന്റെ വിജയം. എല്‍ ഡി എഫ് 64827 വോട്ട് നേടിയപ്പോള്‍ യു ഡി എഫിന് ലഭിച്ചത് 52626 വോട്ടുകളാണ്. അതേസമയം 33609 വോട്ട് നേടി ബി ജെ പിയും മികച്ച മുന്നേറ്റം കാഴ്ചവെച്ചു.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക