Click to learn more 👇

'നൈറ്റ് ക്ലബില്‍ വെച്ച്‌ സുഹൃത്തിനെ ചുംബിച്ചു..'; മരണത്തിന്റെ വക്കിലെത്തിച്ച അലര്‍ജിയേക്കുറിച്ച്‌ യുവതി; എന്താണ് അനഫിലാക്സിസ്?; എന്താണ് ലക്ഷണങ്ങള്‍


 

ചുംബനം മരണത്തെ മുഖാമുഖം കാണിക്കുമെന്നു പറഞ്ഞാല്‍ അതിശയോക്തിയായി തോന്നിയേക്കാം. എന്നാല്‍, അങ്ങനെയൊരു ചുംബനം നല്‍കിയ ദുരനുഭവത്തേക്കുറിച്ച്‌ തുറന്നുപറഞ്ഞിരിക്കുകയാണ് ബ്രീട്ടീഷ് എഴുത്തുകാരിയും നിർമാതാവുമായ 28 വയസ്സുകാരി ഫിയോബി കാംബല്‍ ഹാരിസ്.


തന്റെ പതിനെട്ടാം വയസ്സില്‍ പാരിസിലെ നൈറ്റ് ക്ലബില്‍ അപ്രതീക്ഷിതമായി കണ്ട സുഹൃത്തിനെ ചുംബിച്ചതോടെയാണ് പ്രശ്നത്തിന് തുടക്കം. ഇതിന് ശേഷം തന്റെ മുഖം ചൊറിഞ്ഞുതടിച്ചുവെന്നും ഭക്ഷണവും വെള്ളവും ഇറക്കാൻപോലും കഴിയാതെ തൊണ്ട സാൻഡ് പേപ്പർ പോലെ കുരുക്കള്‍ വന്ന് തടിച്ചുവെന്നും കാംബല്‍ പറയുന്നു. ഉടൻ ആശുപത്രിയില്‍ ചികിത്സതേടിയെങ്കിലും മരണത്തിനുവരെ കാരണമായേക്കാവുന്ന അനഫിലാക്സിസ്

അലർജി പിടിപെടുകയായിരുന്നുവെന്ന് കാംബല്‍ ചൂണ്ടിക്കാട്ടുന്നു.


ആശുപത്രിയില്‍ ചികിത്സ തേടിയപ്പോള്‍ ഡോക്ടർമാർ പല പരിശോധനകള്‍ നടത്തി. ഏതെങ്കിലും തരത്തിലുള്ള ഭക്ഷണം അലർജിക്ക് കാരണമായോ എന്നായിരുന്നു ആദ്യ പരിശോധനകള്‍. ഒടുവില്‍ ചുംബനത്തെ തുടർന്നുണ്ടായ അലർജിയാണെന്ന് തിരിച്ചറിയുകായിരുന്നുവെന്നും കാംബല്‍ പറയുന്നു. ഒരുപക്ഷെ, താൻ ചുംബിച്ചയാള്‍ നൈറ്റ്ക്ലബില്‍നിന്ന് അലർജിക്ക് കാരണമായ ഏതെങ്കിലും തരത്തിലുള്ള ഭക്ഷണം കഴിച്ചതാവാം കാരണമെന്നും ഡോക്ടർമാർ പറഞ്ഞു.


ആറ് തവണ ഇതുമായി ബന്ധപ്പെട്ട ചികിത്സയ്ക്ക് ആശുപത്രയില്‍ പോവേണ്ടി വന്നുവെന്നും ഇവർ വ്യക്തമാക്കുന്നുണ്ട്. ഇത്തരമൊരു സംഭവം അലർജിയിലേക്ക് നയിച്ചതോടെ ഇതുമായി ബന്ധപ്പെട്ട ബോധവത്കരണത്തിന് ഒരുങ്ങുകയാണ് കാംബല്‍.


അലർജി പിടിപെട്ട ഉടനെ കൃത്യമായി ചികിത്സിച്ചില്ലെങ്കില്‍ മരണംവരെ സംഭവിക്കാവുന്നതാണ് അനഫിലാക്സിസ് അലർജി. കഴുത്ത് തടിച്ച്‌ നീര് വെക്കുക, ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുക, തളർച്ച എന്നിവയെല്ലാമാണ് അനഫിലാക്സിസ് അലർജിയുടെ ലക്ഷണം.


എന്താണ് അനഫിലാക്സിസ്?


ഗുരുതരമായതും ജീവൻ വരെ പോകാവുന്നതുമായ അലർജിയാണ് അനഫിലാക്സിസ്. പ്രാണികളുടെ കടിയേല്‍ക്കുക, ഭക്ഷണപദാർഥങ്ങള്‍, മരുന്നുകള്‍ എന്നിവയെല്ലാം ഇതിന് കാരണമാകാം. രക്തത്തിലെ ശ്വേതരക്താണുക്കളില്‍നിന്ന് ഹാനികരമായ ചില രാസപദാർഥങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുന്നതാണ് അനഫിലാക്സിസിനും കാരണം. ഇത് പിന്നീട് ശരീരം മുഴുവൻ വ്യാപിക്കുന്നു.


അലർജിയുണ്ടാക്കുന്ന വസ്തുക്കളുമായി സമ്ബർക്കം ഉണ്ടായശേഷം മിനിറ്റുകള്‍ക്കകംതന്നെ രോഗലക്ഷണങ്ങള്‍ ഉണ്ടായേക്കാം. കൃത്യമായ സമയത്ത് വൈദ്യസഹായം ലഭ്യമാക്കിയില്ലെങ്കില്‍ രോഗിയുടെ ജീവൻ അപകടത്തിലാകും. ലോകത്ത് രണ്ട് ശതമാനം ആളുകള്‍ അവരുടെ ജീവിതകാലത്ത് ഏതെങ്കിലും തരത്തിലുള്ള അനഫിലാക്സിസിന് ഇരയാകുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.


ലക്ഷണങ്ങള്‍


ദേഹമാസകലം ഉള്ള ചൊറിച്ചില്‍, ചുവന്നു തടിക്കല്‍, ചുണ്ട് തടിച്ചു വീർക്കുക, ദേഹം നീരുവെയ്ക്കല്‍, നാവു തടിച്ചു വീർക്കല്‍ മുതലായവയാണ് സാധാരണയായി കണ്ടുവരുന്ന ചർമസംബന്ധിയായ രോഗലക്ഷണങ്ങള്‍. കുറഞ്ഞ രക്തസമ്മർദം, ശ്വാസതടസം, ശ്വാസം എടുക്കുന്നതിനുള്ള ബുദ്ധിമുട്ട് എന്നിവയുമുണ്ടാവാം. ശ്വാസനാളത്തിലെ പേശികള്‍ ചുരുങ്ങുന്നതും തൊണ്ടവീക്കം മൂലവുമാണ് ശ്വാസതടസം ഉണ്ടാവുന്നത്. ഹൃദയാഘാതം, ഹൃദയമിടിപ്പിലുള്ള വ്യത്യാസങ്ങള്‍, കുറഞ്ഞ രക്തസമ്മർദം, ഛർദ്ദി മുതലായ ലക്ഷണങ്ങളും ഉണ്ടാകാം.


പ്രതിരോധം, ചികിത്സ


രോഗകാരിയായ വസ്തുവുമായുള്ള സമ്ബർക്കം കഴിയുന്നതും ഒഴിവാക്കുക എന്നുള്ളതാണ് അനഫിലാക്സിസിന്റെ പ്രധാന പ്രതിരോധം. രോഗകാരിയായ വസ്തുവിനോടുള്ള സംവേദനക്ഷമത കുറയ്ക്കുക എന്നത് മറ്റൊരു രീതിയാണ്. ഇത്തരത്തില്‍ തേനീച്ച കുത്തല്‍, ഭക്ഷണ പദാർത്ഥങ്ങള്‍ എന്നിവയോടുള്ള അലർജി കുറയ്ക്കാവുന്നതാണ്. അലർജിയുള്ള ഭക്ഷണ പദാർത്ഥങ്ങള്‍ കഴിവതും ഒഴിവാക്കുകയാണ് ഉത്തമം. അഡ്രിനാലിൻ, സ്റ്റിറോയിഡ് മുതലായവ അനഫിലാക്സിന് ഫലപ്രദമാണ്. കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ രോഗി മരിച്ചേക്കാം


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക