മനുഷ്യനേപ്പോലെയോ, ചിലപ്പോള്‍ അതിലധികമായോ സഹജീവികളോടുള്ള ബഹുമാനം മൃഗങ്ങള്‍ കാട്ടിയേക്കാം. അത്തരമൊരു സംഭവത്തിൻറെ വീഡിയോ ആണ് സാമൂഹ്യമാധ്യമങ്ങളില്‍ കൗതുകമുണർത്തുന്നത്. തനിക്ക് കടന്നുപോകേണ്ട വഴിയില്‍ നില്‍ക്കുന്ന ആളോട് വഴിമാറാൻ ആവശ്യപ്പെടുന്ന ഒരു കാട്ടാനയുടെ ദൃശ്യമാണത്.
നടന്നുവരുന്ന കാട്ടാനയേയും അത് കടന്നുവരുന്ന വഴിയില്‍ നില്‍ക്കുന്ന ഒരാളെയുമാണ് വീഡിയോ ദൃശ്യത്തിൻറെ തുടക്കത്തില്‍ കാണാൻ കഴിയുക. കാട്ടാന നടന്നുവരുന്നതിനേക്കുറിച്ച് അറിയാതെയാണ് അയാള്‍ നില്‍ക്കുന്നതെന്ന് ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്. അടുത്തെത്തിയിട്ടും ഇയാള്‍ വഴിയില്‍നിന്ന് മാറാതിരുന്നതോടെ തൻറെ വരവ് അറിയിക്കാനുള്ള ആനയുടെ ശ്രമമാണ് കൗതുകമുണർത്തുന്നത്.
വഴിയില്‍നിക്കുന്ന ആളുടെ തൊട്ടു പിന്നിലെത്തിയ ആന കാലുകൊണ്ട് മണ്ണ് ചവിട്ടിത്തെറിപ്പിച്ച് ശ്രദ്ധക്ഷണിക്കുകയാണ്. മണ്ണ് തെറിച്ചതിനെ തുടർന്ന് ഞെട്ടി തിരിഞ്ഞുനോക്കിയ ആള്‍ ആനയെ കണ്ട് വഴിയില്‍നിന്ന് ഓടിമാറുന്നതും ദൃശ്യത്തില്‍ കാണാം.
തുടർന്ന് ആന ശാന്തനായി തന്റെ പാതയിലൂടെ നടന്നുനീങ്ങുകയും ചെയ്യുന്നു.
'നേച്ചർ ഈസ് അമേസിങ്' എന്ന എക്സ് പേജിലാണ് വീഡിയോ ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. 23 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോ ഇതിനോടകം നിരവധിയാളുകളാണ് കണ്ടത്. നിരവധി പേർ വൈറല്‍ വീഡിയോയ്ക്ക് പ്രതികരണവുമായെത്തുകയും ചെയ്തു.
ഇതുകൊണ്ടൊക്കെയാണ് ആനകള്‍ തന്റെ ഇഷ്ടപ്പെട്ട വന്യജീവിയാകുന്നതെന്ന് ഒരാള്‍ കമൻറ് ചെയ്യുന്നു. മനുഷ്യർക്ക് മൃഗങ്ങളില്‍നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.
ഇത്തരമൊരു സാഹചര്യത്തില്‍ ശാന്തനായി പ്രതികരിച്ച കാട്ടാനയെ അഭിനന്ദിച്ചുകൊണ്ടുള്ള കമൻറുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.
Elephant gently reminding the human that he is in the way. pic.twitter.com/Ft6P7ICUf8