Click to learn more 👇

ഇന്ത്യയില്‍ ഒരു വനിതയും ശരീരം മറയ്ക്കാതെ ആത്മഹത്യ ചെയ്യില്ല; രഹസ്യമായി ഗള്‍ഫില്‍ നിന്നെത്തി,ഭാര്യയെ നഗ്നയാക്കി കെട്ടിത്തൂക്കി കൊന്നു: ഭര്‍ത്താവിന് ജീവപര്യന്തം


 

പയ്യന്നൂരിലെ ലോഡ്ജ് മുറിയില്‍ യുവതിയെ നഗ്നയായി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭർത്താവിൻറെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവെച്ചു.


ഇന്ത്യൻ വനിതകളാരും സ്വയം നഗ്നയായി ആത്മഹത്യ ചെയ്യുമെന്ന് കരുതാനാകില്ലെന്നും മൃതശരീരം അങ്ങനെ കണ്ടെത്തുന്നതുതന്നെ കൊലപാതകത്തിന്റെ സൂചനയായതിനാല്‍ ആത്മഹത്യവാദം ദുർബലപ്പെടുത്തുന്നുവെന്നും വിലയിരുത്തിയാണ് ഉത്തരവ്.


അഴീക്കല്‍ സ്വദേശിക്ക് തലശ്ശേരി അഡീ. സെഷൻസ് കോടതി വിധിച്ച ശിക്ഷയാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് സി. പ്രദീപ്കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് ശരിവെച്ചത്.


ഗാർഹിക പീഡനക്കുറ്റം കോടതി ഒഴിവാക്കി. പ്രതിയുടെ അമ്മയെ വെറുതേ വിടുകയും ചെയ്തു. ഇരുവരും നല്‍കിയ അപ്പീലാണ് കോടതി പരിഗണിച്ചത്. സംശയം ഒരു രോഗമാണെന്നും ചികിത്സിച്ചില്ലെങ്കില്‍ ഒരുവനെ അന്ധനാക്കുമെന്നും അതിന്റെ പ്രത്യാഘാതം ദുരന്തമായിരിക്കുമെന്നും കോടതി വിധിന്യായത്തില്‍ കുറിച്ചിട്ടുണ്ട്. പ്രതി ഭാര്യയെ സംശയിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു.


2010 ജനുവരി 22-നാണ് യുവതിയെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഒപ്പമുണ്ടായിരുന്ന യുവാവിനെയും കുഞ്ഞിനെയും കാണാതായതടക്കം സംശയാസ്പദമായ സാഹചര്യങ്ങളുമുണ്ടായിരുന്നു. കൊലപാതക സൂചനകളുണ്ടെങ്കിലും ആത്മഹത്യയെന്ന വാദം തള്ളാനാകില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ വ്യക്തമാക്കിയിരുന്നു.


എന്നാല്‍, ഇന്ത്യയില്‍ ഒരു വനിതയും ശരീരം മറയ്ക്കാതെ ആത്മഹത്യ ചെയ്യില്ലെന്ന് മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത പോലീസ് സർജൻ തന്റെ 33 വർഷത്തെ സർവീസ് പരിചയത്തിന്റെ അടിസ്ഥാനത്തില്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇത് കോടതി ഗൗരവത്തിലെടുത്തു. തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ 30 പേരെയെങ്കിലും മാസംതോറും പോസ്റ്റ്മോർട്ടം നടത്താറുണ്ട്. ഒരു സ്ത്രീപോലും നഗ്നയായി ജീവനൊടുക്കിയത് അനുഭവത്തിലില്ലെന്ന് അദ്ദേഹം അറിയിച്ചു. ഒരു ഇന്ത്യൻ സ്ത്രീയും അല്പ വസ്ത്രധാരിയായി കടലില്‍ച്ചാടി ജീവനൊടുക്കില്ലെന്ന സുപ്രീംകോടതി നിരീക്ഷണവും കോടതി പരിഗണിച്ചു.


യു.എ.ഇ.യില്‍ ജോലിചെയ്തിരുന്ന പ്രതിക്ക് ഭാര്യയെ സംശയമുണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. സ്ത്രീധനത്തിനായി ഭർതൃവീട്ടുകാർ പീഡിപ്പിക്കുന്നതായി യുവതി വനിതാ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ വിരോധവുമുണ്ടായിരുന്നു. കൊല നടത്തുന്നതിന് ഏതാനും ദിവസം മുൻപ് പ്രതി രഹസ്യമായി ഗള്‍ഫില്‍ നിന്നെത്തി. പല സ്ഥലത്തും കറങ്ങിയ ശേഷമാണ് പയ്യന്നൂരെ ലോഡ്ജില്‍ വ്യാജ പേരില്‍ മുറിയെടുത്തത്.


കൊലയ്ക്കുശേഷം ഗള്‍ഫിലേക്ക് കടന്ന പ്രതിയെ അവിടെ നിന്ന് തിരിച്ചെത്തിച്ചാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ രഹസ്യമായി നാട്ടിലെത്തിയതിന് വിമാന യാത്രാ രേഖകള്‍ ഉള്‍പ്പെടെ തെളിവുകളും കണ്ടെത്തി. യുവതിയെ മദ്യം നല്‍കി മയക്കിയ ശേഷം ഭർത്താവ് കെട്ടിത്തൂക്കി കൊലപ്പെടുത്തിയെന്നാണ് പോലീസും വിചാരണക്കോടതിയും കണ്ടെത്തിയത്


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക