നിധി തേടി കിണറ്റില്‍ ഇറങ്ങിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉള്‍പ്പെടെ കുരുക്കില്‍. മൊഗ്രാല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുജീബ് ഉള്‍പ്പെടെ അഞ്ച് പേരാണ് പോലീസ് പിടിയിലായത്.
ആരിക്കാടി കോട്ടയിലെ കിണറ്റില്‍ നിധിയുണ്ട് എന്ന് വിശ്വസിച്ചാണ് ഇവര്‍ എത്തിയതും കിണറ്റില്‍ ഇറങ്ങി കുഴക്കാന്‍ ആരംഭിച്ചതും. ശബ്ദം നാട്ടുകാര്‍ കേട്ടതോടെ എല്ലാം പൊളിഞ്ഞു.
കണ്ണൂരിലെ തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ക്ക് പറമ്ബ് വൃത്തിയാക്കുന്നതിനിടെ സ്വര്‍ണ നാണയങ്ങള്‍ കിട്ടിയത് അടുത്തിടെ വാര്‍ത്തയായിരുന്നു. ഈ പ്രദേശത്ത് വീണ്ടും തിരച്ചിലിന് ചിലര്‍ എത്തിയതും വാര്‍ത്തയായി. സമാനമായ രീതിയില്‍ ഭാഗ്യപരീക്ഷണത്തിന് കിണറ്റില്‍ ഇറങ്ങിയവരാണ് കാസര്‍കോട് പോലീസിന്റെ പിടിയിലായിരിക്കുന്നത്. കൗതുകം ഉണര്‍ത്തുന്ന സംഭവം ഇങ്ങനെ.
കോട്ടയിലെ കിണറ്റില്‍ വെള്ളമില്ല. ഇവിടെ നിധിയുണ്ട് എന്ന് വിശ്വസിച്ചാണ് അഞ്ചു പേരും എത്തിയത്. കുഴിക്കാന്‍ തുടങ്ങിയതോടെ ശബ്ദം കേട്ട് നാട്ടുകാര്‍ എത്തുകയും ചിലര്‍ ഓടി രക്ഷപ്പെടുകയും ചെയ്തു. വിവരം അറിയിച്ചതിനെ തുടര്‍ന്ന്, ഓടി രക്ഷപ്പെട്ടവര്‍ ഉള്‍പ്പെടെ അഞ്ചു പേരെയും പോലീസ് പൊക്കി.
നാട്ടുകാരെത്തിയപ്പോള്‍ രണ്ടുപേര്‍ കിണറില്‍ കുഴിയെടുക്കുന്ന തിരക്കിലായിരുന്നു. ബാക്കിയുള്ളവര്‍ പുറത്തും നില്‍ക്കുന്നുണ്ടായിരുന്നു.
ദിവസങ്ങള്‍ക്ക് മുമ്ബും ഇവര്‍ കോട്ടയ്ക്ക് പരിസരത്ത് എത്തിയിരുന്നു എന്നാണ് പോലീസിന് ലഭിച്ച വിവരം. നിധി തേടി തന്നെയാണ് അന്നും വന്നതെന്ന് സംശയിക്കുന്നു. ഇന്ന് വൈകീട്ടാണ് അഞ്ചുപേരെയും പോലീസ് പിടികൂടിയത്.
എന്താണ് ഇവിടെ കുഴിക്കാന്‍ കാരണം, ആരാണ് നിധിയുണ്ടെന്ന് പറഞ്ഞത്.. തുടങ്ങിയ കാര്യങ്ങള്‍ പോലീസ് ചോദിച്ചറിയുന്നുണ്ട്.
കോട്ട നില്‍ക്കുന്ന പ്രദേശം നേരത്തെ തങ്ങളുടെ പരിചയക്കാരുടേതായിരുന്നു എന്നാണ് നിധി കുഴിച്ചെടുക്കാന്‍ നേതൃത്വം നല്‍കിയവര്‍ മറ്റുള്ളവരോട് പറഞ്ഞതത്രെ. കിട്ടിയാല്‍ തുല്യമായി പങ്കിടാമെന്നും അഞ്ചു പേരും തീരുമാനിച്ചിരുന്നു. മുസ്ലിം ലീഗാണ് മൊഗ്രാല്‍ പഞ്ചായത്ത് ഭരിക്കുന്നത്. പുതിയ സാഹചര്യത്തില്‍ പോലീസ് മേഖലയില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അഞ്ചുപേരെയും പോലീസ് ജാമ്യത്തില്‍ വിട്ടു.