Click to learn more 👇

തമിഴ്നാട്ടിലും ബംഗാളിലും HMPV സ്ഥിരീകരിച്ചു; രാജ്യത്താകെ റിപ്പോര്‍ട്ട് ചെയ്തത് 6 കേസുകള്‍; എച്ച്‌എംപിവി വൈറസിനെതിരെ വാക്സിനില്ല: ചികിത്സയും മുന്‍കരുതലും എങ്ങനെ? ഡോ.എസ്‌എസ് ലാല്‍ പറയുന്നു


 

തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും HMPV സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇത് വരെ റിപ്പോർ‌ട്ട് ചെയ്തത് ആറ് HMPV കേസുകള്‍.

ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ രണ്ട് കുട്ടികളാണ് ചികിത്സയിലുള്ളത്.


പനിയുടെ ലക്ഷണങ്ങളുമായി ചികിത്സ തേടിയെത്തിയ കുട്ടികളിലാണ് രോഗം സ്ഥിരീകരിച്ചത്. ബംഗാളിലും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കൊല്‍ക്കത്തയില്‍ എട്ട് മാസം പ്രായമുള്ള ആണ്‍കുട്ടിയാണ് ചികിത്സയിലുള്ളത്.


രോഗമുണ്ടാകാൻ സാധ്യതയുള്ള പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാൻ ഇന്ത്യ സജ്ജമാണെന്ന് ഐസിഎംആർ വ്യക്തമാക്കി. എന്നാല്‍ വൈറസ് ബാധ സംബന്ധിച്ച്‌ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഡയറക്‌ടറേറ്റ് ഓഫ് ജനറല്‍ ഹെല്‍ത്ത് സർവീസും അറിയിച്ചിട്ടുണ്ട്.


HMPV ബാധയെ കുറിച്ച്‌ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ശൈത്യകാലത്ത് സാധാരണ കണ്ടുവരുന്ന വൈറസ് ബാധയാണിത്. ജലദോഷത്തിന് സമാനമായ അസ്വസ്ഥതകളാണ് പ്രകടിപ്പിക്കുന്നതെന്നും ആരോഗ്യവിദഗ്ധർ പറയുന്നു.


ഡോ.എസ് എസ് ലാലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം 


എച് എം പി വൈറസിനെപ്പറ്റി ഒരേസമയം ശാസ്ത്രീയ വിവരങ്ങളും അപസർപ്പക കഥകളും പ്രചരിക്കുന്നുണ്ട്. അതിനാല്‍ നമ്മള്‍ വാർത്തകളെ ശ്രദ്ധിച്ച്‌ സമീപിക്കണം.


കേന്ദ്ര ആരോഗ്യ ഏജൻസികള്‍ ഇക്കാര്യത്തില്‍ ശ്രദ്ധാലുക്കളാണ്. എച്.എം.പി വൈറസിനെപ്പറ്റിയുള്ള കാര്യങ്ങള്‍ സസൂക്ഷ്മം വീക്ഷിക്കുകയാണ് അവർ.രാജ്യത്തെ രോഗനിരീക്ഷണ സംവിധാനങ്ങളുടെ കണക്കനുസരിച്ച്‌ ഈ രോഗം നമ്മുടെ രാജ്യത്ത് എവിടെയെങ്കിലും വേഗത്തിലോ വ്യാപകമായോ പടരുന്നതിൻ്റെ തെളിവുകള്‍ ഇതുവരെ ലഭ്യമല്ല. ഈ ദിവസങ്ങളില്‍ ബാംഗളൂരില്‍ നിന്നും രണ്ട് കുട്ടികള്‍ക്ക് രോഗം റിപ്പോർട്ട്

ചെയ്യപ്പെട്ടത്, ശ്വാസകോശ രോഗങ്ങള്‍ കണ്ടെത്താനായി ഐ.സി.എം.ആർ നടത്തി വരുന്ന നിരീക്ഷണ പദ്ധതി മൂലമാണ്.


എച്.എം.പി വി രോഗത്തെപ്പറ്റിയും വൈറസിനെപ്പറ്റിയും ശാസ്ത്രലോകത്തിന് പണ്ടേ അറിയാം. സാധാരണ ജലദോഷം വരുത്തുന്ന ഒരു രോഗമായി ഇതിനെ പണ്ടേ തിരിച്ചറിഞ്ഞിരുന്നു. സാധാരണ ഗതിയില്‍ കുട്ടികളിലും വൃദ്ധരിലും ആണ് ഈ രോഗം കാര്യമായ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്. മറ്റുള്ളവർക്ക് സാധാരണ ജലദോഷം പോലെ വന്നു പോകും. അതുകൊണ്ട് കൂടി ഈ രോഗത്തിനെതിരെ ഇതുവരെ വാക്സിൻ ഉണ്ടാക്കിയിട്ടില്ല.


ഈ രോഗമുണ്ടാക്കുന്ന വൈറസിനെതിരെ നിലവില്‍ മരുന്നുകള്‍ ഇല്ല. പനി, ചുമ തുടങ്ങിയ രോഗലക്ഷണങ്ങളെ ചികിത്സിക്കുക മാത്രമാണ് ചെയ്യാനുള്ളത്. രോഗം പകരാതിരിക്കാനും പടരാതിരിക്കാനും വ്യക്തിശുചിത്വം പാലിക്കണം. കോവിഡ് കാലത്ത് നമ്മള്‍ കൂടുതലായി ശുചിത്വ മാർഗങ്ങള്‍ ശീലിച്ചതാണ്. അവ തുടരേണ്ടതുമാണ്.


കുറച്ച്‌ ദിവസങ്ങളായി വടക്കൻ ചൈനയില്‍ ഈ രോഗം പടരുന്നതായും മരണങ്ങള്‍ ഉണ്ടാക്കുന്നതായും റിപ്പോർട്ടുകള്‍ ഉണ്ട്. എന്നാല്‍ ചൈനയായതു കൊണ്ട് വാർത്തകള്‍ വായിക്കുമ്ബോള്‍ ശ്രദ്ധ വേണം. ചൈനയുടെ രഹസ്യസ്വഭാവമാണ് ഒരു പ്രശ്നം. രോഗപ്പകർച്ചകള്‍ ഉണ്ടായാല്‍ അത് ഒളിച്ചു വയ്ക്കുന്നത് ചൈനയുടെ രീതിയാണ്. കോവിഡിൻ്റെ തുടക്കത്തെപ്പറ്റി കൂടുതല്‍ ഗവേഷണത്തിനായി ലോകാരോഗ്യ സംഘടന ഇപ്പോഴും ചൈനയുടെ പിറകേ നടക്കുകയാണ്.


അതുപോലെ തന്നെ ചൈനയെ പിടികൂടാൻ അവസരം പാത്തിരിക്കുന്നവരും ഉണ്ട്. അവർ ആ രാജ്യത്തിനെതിരെ കുപ്രചരണം നടത്തും. ഈ രണ്ട് കാര്യങ്ങളെപ്പറ്റിയും ആഗോള പൊതുജനാരോഗ്യ രംഗത്തിന് ബോദ്ധ്യമുണ്ട്. അതുകൊണ്ടാണ് ലോകാരോഗ്യ സംഘടന പോലും എടുത്തുചാടി പ്രതികരിക്കാതിരിക്കുകയോ മിതമായി പ്രതികരിക്കുകയോ ചെയ്യുന്നത്.


ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാൻ സാദ്ധ്യതയുണ്ട്. അതിനനസരിച്ച്‌ ആഗോള തലത്തിലും നമ്മുടെ രാജ്യത്തും ഔദ്യോഗിക തീരുമാനങ്ങള്‍ ഉണ്ടാകും. എച്.എം.പി.വി രോഗവുമായി ബന്ധപ്പെട്ട് ഒരുപക്ഷേ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങള്‍ നേരിടാൻ രാജ്യത്തിൻ്റെ ആരോഗ്യരംഗം തയ്യാറെടുപ്പുകള്‍ നടത്തുകയാണ്. ശാസ്ത്രീയ വിവരങ്ങള്‍ക്കും നിർദ്ദേശങ്ങള്‍ക്കും കാതോർക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്. നമുക്ക് കിടുന്ന ഉറവിടമറിയാത്ത വാട്ട്സാപ്പ് സന്ദേശങ്ങള്‍ നമ്മള്‍ പ്രചരിപ്പിക്കരുത്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക