മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ കൗണ്‍സിലിങ്ങിന്റെ മറവില്‍ 15 വർഷത്തിനിടെ അൻപതോളം പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത മനഃശാസ്ത്രജ്ഞൻ പിടിയില്‍.
രാജേഷ് ധോകെ (47) ആണ് അറസ്റ്റിലായത്. പോക്‌സോ, എസ്.സി- എസ്.ടി എന്നീ വകുപ്പുകള്‍ പ്രകാരം രാജേഷിനെതിരെ പൊലീസ് മൂന്ന് കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
റെസിഡൻഷ്യല്‍ ക്യാമ്ബുകളില്‍ കൗണ്‍സിലിംങ് നല്‍കാനെന്ന വ്യാജേനയാണ് ഇയാള്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചത്. പീഡിപ്പിച്ച ശേഷം പെണ്‍കുട്ടികളുടെ സ്വകാര്യ ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകർത്തുകയും ഇത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
ഭണ്ഡാര, ഗോണ്ടിയ തുടങ്ങിയ ഗ്രാമപ്രദേശങ്ങളില്‍ രാജേഷ് വ്യക്തിത്വ വികസന ക്യാമ്ബുകള്‍ സംഘടിപ്പിച്ചിരുന്നതായി പൊലീസ് പറയുന്നു. ഈ ക്യാമ്ബുകളില്‍ രാജേഷ് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. പല പെണ്‍കുട്ടികളെയും അവരുടെ വിവാഹശേഷവും ഇയാള്‍ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേർത്തു.
രാജേഷ് സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നതിൻ്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. മർദ്ദനമുറകളടക്കം പ്രയോഗിച്ചിട്ടും പ്രതിക്ക് യാതൊരു കുറ്റബോധവുമില്ലെന്നും പൊലീസ് പറയുന്നു. ആവർത്തിച്ചുള്ള ഭീഷണിയിലും, അധിക്ഷേപത്തിലും രാജേഷിന്റെ മുൻ വിദ്യാർഥിയായ ഒരാള്‍ സഹുഡ്‌കേശ്വർ പൊലീസില്‍ നല്‍കിയ പരാതിയെത്തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്.
ആരോപണങ്ങളുടെ ഗൗരവം കണക്കിലെടുത്ത് പൊലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. ഇരകളായ കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് വ്യക്തമാക്കി. പ്രതിയില്‍ നിന്നും വരുംദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് പൊലീസിന്റെ നീക്കം.