വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ സസ്പെൻഷനിലുള്ള സി.ഐ ഉള്‍പ്പെടെ രണ്ടുപേർ അറസ്റ്റില്‍.
ചങ്ങനാശ്ശേരി റെയില്‍വേ സ്റ്റേഷന് സമീപം താമസിക്കുന്ന ചിനിക്കടുപ്പില്‍ വീട്ടില്‍ സഞ്ജയ് സി.ടി (47), പത്തനംതിട്ട തുരുത്തിക്കാട് ഭാഗത്ത് അപ്പക്കോട്ടമുറിയില്‍ വീട്ടില്‍ പ്രീതി മാത്യു (51) എന്നിവരാണ് പിടിയിലായത്.
പ്രീതി മാത്യു നടത്തിയിരുന്ന കണ്‍സള്‍ട്ടൻസി സ്ഥാപനം വഴി തലപ്പുലം സ്വദേശിനിയുടെ മകള്‍ക്ക് യു.കെയില്‍ ജോലി വാഗ്ദാനം ചെയ്ത് 8.60 ലക്ഷം രൂപ പലതവണയായി വാങ്ങിയെടുക്കുകയായിരുന്നു.
ജോലി ലഭിക്കാത്തതിനെ തുടർന്ന് പണം തിരികെ ചോദിച്ചപ്പോള്‍ നല്‍കാത്തതിനെ തുടർന്ന് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പ്രീതി മാത്യുവിനെ അറസ്റ്റ് ചെയ്ത പൊലീസ് തുടർന്ന് നടത്തിയ അന്വേഷണത്തില്‍ സി.ഐ സഞ്ജയ് കൂടി ഈ തട്ടിപ്പില്‍ പങ്കാളിയാണെന്ന് കണ്ടെത്തി.
പ്രീതി മാത്യുവിന്റെ അക്കൗണ്ടില്‍ നിന്നും സഞ്ജയുടെ അക്കൗണ്ടിലേക്ക് പണം എത്തിയതായും ഇയാള്‍ പരാതിക്കാരിയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.
കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഒ പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രീതി മാത്യുവിന് കോട്ടയം വെസ്റ്റ് സ്റ്റേഷനില്‍ ഒമ്ബത് കേസുകളും ജില്ലയിലെ മറ്റു പല സ്റ്റേഷനുകളിലുമായി അഞ്ചു കേസുകളും ഉള്‍പ്പെടെ 14 കേസുകള്‍ നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. കേസിന്റെ തുടരന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയതായി ജില്ല പൊലീസ് മേധാവി ഷാഹുല്‍ഹമീദ് ഐ.പി.എസ് പറഞ്ഞു.