കളിക്കുന്നതിനിടെ 15കാരന്റെ കൈയിലുണ്ടായിരുന്ന തോക്ക് പൊട്ടി നാലുവയസുകാരന് ദാരുണാന്ത്യം. കർണാടകയിലെ മാണ്ഡ്യ നാഗമംഗലത്താണ് സംഭവം.
പശ്ചിമബംഗാള്‍ സ്വദേശികളായ തൊഴിലാളികളുടെ നാലു വയസുള്ള മകൻ അഭിജിത് ആണ് മരിച്ചത്. നാഗമംഗലത്തെ ഒരു കോഴിഫാമില്‍ ഞായറാഴ്ച വൈകിട്ട് 5.45ഓടെയായിരുന്നു സംഭവം.
പശ്ചിമബംഗാളില്‍ നിന്ന് ജോലിക്കെത്തിയ പതിനഞ്ചുകാരന്റെ കൈയില്‍ നിന്നാണ് നാലുവയസുകാരനും അമ്മയ്ക്കും വെടിയേല്‍ക്കുന്നത്. ഫാം നോക്കി നടത്തുന്നവർ മുറിയില്‍ തോക്ക് സൂക്ഷിച്ചിരുന്നു. തോക്ക് പുറത്തെടുത്ത് വെച്ച ശേഷം ഇവർ പുറത്തേക്ക് പോയി. ഈ നേരം 15 കാരൻ ഇവിടേക്കെത്തി. തോക്ക് കണ്ട 15-കാരൻ അതെടുത്ത് പരിശോധിക്കുകയും അബദ്ധത്തില്‍ ട്രിഗർ വലിക്കുകയുമായിരുന്നു. രണ്ട് തവണ വെടിപൊട്ടിയതായാണ് റിപ്പോർട്ട്.
ആദ്യത്തെ വെടിയാണ് തൊട്ടടുത്തുണ്ടായിരുന്ന നാലുവയസുകാരന്റെ വയറ്റില്‍ തറച്ചത്. രണ്ടാമത്തേത് നാലുവയസുകാരന്റെ അമ്മയുടെ കാലിലും തറച്ചു. അമിതരക്തസ്രാവത്തെത്തുടർന്നാണ് കുട്ടി മരിച്ചത്. കുട്ടിയുടെ അമ്മയെ തൊട്ടടുത്ത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.