ഒറ്റ ഇരുപ്പില്‍ ജോലി മുഴുവൻ ചെയ്തു തീർക്കാനുള്ള പദ്ധതിയാണോ? എങ്കില്‍ അത് ശീലമാക്കേണ്ട.
നിങ്ങള്‍ ദിവസവും 6 മണിക്കൂറ് വരെ അങ്ങനെ ദീർഘനേരം ഇരിക്കുന്നവരാണെങ്കില്‍ കാത്തിരിക്കുന്നത് ഗൗരവമേറിയ ആരോഗ്യ പ്രശ്നങ്ങളാണ്.
ജോലിയുടെ തിരക്കിനിടയില്‍ ഒരുപക്ഷേ നിങ്ങള്‍ ശ്രദ്ധിക്കാതെ പോകുന്ന ഈ ഒരു കാര്യം ഭാവിയില്‍ ഏറെ ദോഷങ്ങള്‍ ശരീരത്തില്‍ സൃഷ്ടിക്കും. ദീർഘസമയത്തേക്കുള്ള ഈ ഇരിപ്പ് മെറ്റാബോളിസത്തിന് ദോഷകരമാണ്. ഇത് പിന്നീട് അമിതവണ്ണം, ശരീരഭാരം എന്നിവയിലേയ്ക്കും നയിക്കും. ശരീരഭാര നിയന്ത്രണത്തിനും ഈ ശീലം വെല്ലുവിളിയാകും.
പരിമിതമായ ശാരീരിക പ്രവർത്തനങ്ങളാണ് ഈ സമയത്ത് ഉണ്ടാവുക. അത് അവയവങ്ങള്‍ക്ക് ചുറ്റും വിസറല്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിന് കാരണമാകും, പ്രധാനമായും അടിവയറ്റില്‍. മെറ്റാബോളിസം കുറവായതിനാല്‍ ഇൻസുലിൻ്റെ പ്രവർത്തന ക്ഷമതയും നഷ്ടപ്പെടും. ഇത് അകാല പ്രമേഹത്തിന് കാരണമാകും.
പരിമിതമായ ശാരീരിക പ്രവർത്തനങ്ങളാണ് ഈ സമയത്ത് ഉണ്ടാവുക | ചിത്രം: ഫ്രീപിക്
കാലക്രമേണ ഇത് കൊളസ്ട്രോളിൻ്റെ അളവും രക്തസമ്മർദ്ദവും വർധിപ്പിക്കും. ഇത് ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ദീർഘനേരം ഇരിക്കുന്നു എന്നതു മാത്രമല്ല. എങ്ങനെ ഇരിക്കുന്നു എന്നതും പ്രധാനമാണ്. കൂനികൂടിയുള്ള ഇരുപ്പ് മിക്കവരിലും കഴുത്ത്, പുറം, നടു എന്നിവിടങ്ങളില്‍ വേദനയുണ്ടാക്കും. മണിക്കൂറുകളോളം ഇത് തുടരുമ്ബോള്‍ സന്ധികള്‍ക്ക് കാഠിന്യം അനുഭവപ്പെടുകയും, ചലനക്ഷമത കുറയുകയും ചെയ്യും.
ഒരു സ്ഥലത്തു തന്നെ അധികനേരം ഇരിക്കുന്നതിനു പകരം 4 മുതല്‍ 5 മിനിറ്റ് വരെ ഇടവേളകളെടുക്കാം. ഇത് നിങ്ങളുടെ സന്ധികള്‍ സജീവമാക്കുന്നതിനും ശരീരത്തിൻ്റെ മെറ്റാബോളിസം വർധിപ്പിക്കുന്നതിനും സഹായിക്കും എന്ന് ഡോ. മഞ്ജുഷ അഗർവാള്‍ പറയുന്നു.