അവിഹിത ബന്ധം സംശയിച്ച് യോഗാധ്യാപകനെ ജീവനോടെ കുഴിച്ചുമൂടി. ഹരിയാനയിലെ ചാര്‍ഖി ദാദ്രിയിലാണ് സംഭവം. പ്രതിയുടെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ചാണ് ക്രൂരത.
റോഹ്തക്കിലെ ഒരു സ്വകാര്യ സര്‍വകലാശാലയിലെ യോഗാധ്യാപകനായ ജഗ്ദീപാണ് കൊല്ലപ്പെട്ടത്. ജഗ്ദീപിനെ തട്ടിക്കൊണ്ടുപോയി ഏഴ് അടി ആഴമുള്ള കുഴിയില്‍ ജീവനോടെ കുഴിച്ചുമൂടുകയായിരുന്നു.
കുറ്റകൃത്യം നടന്ന് മൂന്ന് മാസങ്ങള്‍ക്ക് ശേഷം മാര്‍ച്ച് 24 നാണ് പോലീസ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെടുത്തത്. ഡിസംബര്‍ 24 ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ജഗ്ദീപിനെ തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു.
പ്രതി ജഗ്ദീപിന്റെ കൈകളും കാലുകളും കെട്ടി ശബ്ദമുണ്ടാക്കാതിരിക്കാന്‍ വായില്‍ ടേപ്പും ഒട്ടിച്ചിരുന്നു. തുടര്‍ന്ന് വിജനമായ ഒരു വയലിലേക്ക് കൊണ്ടുപോയി.
കുഴല്‍ക്കിണറിനാണെന്ന് പറഞ്ഞ് ഒരു തൊഴിലാളിയെകൊണ്ട് ആഴത്തിലുള്ള കുഴി കുഴിപ്പിച്ചു. ജഗ്ദീപിനെ ജീവനോടെ ഇതില്‍ കുഴിച്ചിട്ടു.
തട്ടിക്കൊണ്ടുപോകല്‍ നടന്ന് 10 ദിവസത്തിന് ശേഷം ഫെബ്രുവരി 3 ന് ജഗ്ദീപിനെ കാണാതായതായി പരാതി നല്‍കി. ജഗ്ദീപിന്റെ ഫോണ്‍ കോള്‍ റെക്കോര്‍ഡുകള്‍ കേസില്‍ നിര്‍ണായകമായ ഒരു സൂചന നല്‍കി. ഒടുവില്‍ ധരംപാല്‍, ഹര്‍ദീപ് എന്നീ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ കുല്‍ദീപ് പറഞ്ഞു.
ചോദ്യം ചെയ്യലില്‍, പ്രതികള്‍ കൊലപാതകത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തി. വാടകയ്ക്ക് താമസിച്ചിരുന്ന അതേ കെട്ടിടത്തില്‍ താമസിക്കുന്ന ഒരു സ്ത്രീയുമായി ജഗ്ദീപിന് ബന്ധമുണ്ടായിരുന്നുവെന്ന് ആരോപിക്കപ്പെടുന്നു.
ഈ ബന്ധമാണ് സ്ത്രീയുടെ ഭര്‍ത്താവിനെ കുറ്റകൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് പോലീസ് സംശയിക്കുന്നു.
ജഗ്ദീപിനെ ജീവനോടെ കുഴിച്ചുമൂടുന്നതിന് മുമ്ബ് മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് ആക്രമിച്ചോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.