Click to learn more 👇

നിങ്ങള്‍ക്ക് നന്ദിയില്ല; നിങ്ങള്‍ ലക്ഷക്കണക്കിന് ആളുകളുടെ ജീവിതം വച്ച്‌ ചൂതാടുന്നു; നിങ്ങള്‍ അമേരിക്കയോട് അനാദരവ് കാട്ടി: ഒച്ച ഉയര്‍ത്തി ചൂടായി ട്രംപ്; യുദ്ധത്തിന്റെ തുടക്കം മുതലേ ഞങ്ങള്‍ ഉറച്ച മനസ്സോടെ നില്‍ക്കുകയാണെന്ന് സെലന്‍സ്‌കി; ഓവല്‍ ഓഫീസില്‍ പൊരിഞ്ഞ വാക് പോരില്‍ ഉലഞ്ഞ് കൂടിക്കാഴ്ച; വീഡിയോ കാണാം


 

അടുത്തകാലത്തൊന്നും കാണാത്ത നയതന്ത്ര ഏറ്റുമുട്ടലിനാണ് കഴിഞ്ഞദിവസം വൈറ്റ്ഹൗസ് സാക്ഷ്യം വഹിച്ചത്.

യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയും യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലാണ് ഓവല്‍ ഓഫീസില്‍ വെച്ച്‌ ചൂടേറിയ വാഗ്വാദം നടന്നത്.


അപൂർവ ധാതുക്കരാറില്‍ ഒപ്പുവെയ്ക്കാൻ യു.എസിലെത്തിയപ്പോഴാണ് യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയത്. ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച വാക്കുതർക്കത്തില്‍ കലാശിച്ചതിനെ തുടർന്ന് കരാറില്‍ ഒപ്പുവെക്കാതെ സെലൻസ്കി വൈറ്റ്ഹൗസില്‍ നിന്ന് മടങ്ങി. യുക്രൈന്റെ അത്യപൂർവ ധാതുസമ്ബത്തില്‍ ഒരു പങ്കിന്റെ അവകാശം യു.എസിന് നല്‍കുന്നതിനുള്ള കരാറായിരുന്നു ഒപ്പിടേണ്ടിയിരുന്നത്.


റഷ്യക്കെതിരേ പ്രതിരോധം തീർക്കാനുള്ള പിന്തുണയും യുദ്ധാനന്തരമുള്ള സുരക്ഷാ ഉറപ്പും നല്‍കണമെന്ന സെലെൻസ്കിയുടെ അഭ്യർഥനയാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. സമാധാനക്കരാർ ഉണ്ടാക്കാൻ സന്നദ്ധമായാല്‍ മടങ്ങിവരൂവെന്നായിരുന്നു സെലെൻസ്കിയോടുള്ള ട്രംപിന്റെ പ്രതികരണം. പിന്നാലെ ഇരു നേതാക്കളും ചേർന്ന് നടത്താനിരുന്ന പത്രസമ്മേളനം റദ്ദാക്കിയതായി വൈറ്റ്ഹൗസ് അറിയിച്ചു. ഇതോടെ സൗദിയില്‍വെച്ച്‌ യു.എസും റഷ്യയുംചേർന്ന് പ്രഖ്യാപിച്ച യുക്രൈൻ സമാധാനശ്രമങ്ങളുടെ ഭാവി തുലാസിലായി.


സെലെൻസ്കി യു.എസിനോട് കാണിക്കുന്നത് നന്ദികേടാണെന്ന് കൂടിക്കാഴ്ചക്കിടെ ട്രംപ് പറഞ്ഞു. സെലെൻസ്കിയെ നന്ദിപറയാൻ നിർബന്ധിക്കുകയും ചെയ്തു. 35000 കോടി ഡോളറിന്റെ സഹായം യു.എസ്. നിങ്ങള്‍ക്ക് നല്‍കി. നിങ്ങള്‍ക്ക് സൈനികോപകരണങ്ങള്‍ പോലുമില്ലായിരുന്നു. യു.എസ്. പിന്തുണയില്ലായിരുന്നെങ്കില്‍ യുദ്ധത്തില്‍ എന്നേ അടിപതറിയേനെയെന്നും ട്രംപ് സൂചിപ്പിച്ചു. നിങ്ങളുടെ രാജ്യം വലിയ അപകടത്തിലാണെന്നും ജയിക്കാൻ കഴിയില്ലെന്നും മുന്നറിയിപ്പ് നല്‍കി.


നിങ്ങളൊരിക്കലെങ്കിലും നന്ദി പറഞ്ഞിട്ടുണ്ടോയെന്ന് ചോദിച്ച വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് അമേരിക്കൻ മാധ്യമങ്ങളുടെ മുന്നില്‍ നന്ദി പറയണമെന്ന് ആവശ്യപ്പെട്ടു. യുക്രൈൻകാരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാൻ താങ്കള്‍ എന്നെങ്കിലും അവിടെ വന്നിട്ടുണ്ടോയെന്ന് വാൻസിനോട് സെലെൻസ്കി തിരിച്ചുചോദിച്ചു. പ്രകൃതിവിഭവക്കരാറുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസമാണ് ഇരുരാജ്യങ്ങളും ധാരണയിലെത്തിയത്. യുക്രൈനുള്ള സുരക്ഷാഉറപ്പ് വാഗ്ദാനം ചെയ്യാത്തതാണ് കരാർ. റഷ്യയ്ക്കെതിരേയുള്ള യുദ്ധത്തിന് നല്‍കിയ സഹായത്തിനു പ്രതിഫലമായാണ് യുക്രൈന്റെ പ്രകൃതിവിഭവങ്ങളിലെ വരുമാനത്തിന്റെ പങ്ക് യു.എസ്. ആവശ്യപ്പെടുന്നത്.


പുതിന്റെ റഷ്യ അധിനിവേശം നടത്തി യുക്രൈന്റെ വലിയൊരു ഭാഗം അധീനതയിലാക്കി. 2014 മുതല്‍ ക്രിമിയയില്‍ അടക്കം കയ്യേറ്റം നടത്തിയ കാലത്തൊന്നും പുതിനെ യു.എസ് പ്രസിഡന്റുമാർ ആരും തടഞ്ഞില്ല എന്ന് സെലൻസ്കി തിരിച്ചടിച്ചു. ജനങ്ങള്‍ മരിച്ചുവീഴുകയാണ്. 2019 ല്‍ പുതിനുമായി വെടിനിർത്തല്‍ കരാറില്‍ ഒപ്പുവെച്ചതാണ്. എന്നാല്‍ അതിന് ശേഷവും കരാർ പുതിൻ ലംഘിച്ചു. തടവുകാരെ പരസ്പരം കൈമാറുള്ള കരാറില്‍ ഒപ്പിട്ടിട്ടും പുതിൻ അതിന് തയ്യാറായില്ല. പിന്നെ എന്ത് നയതന്ത്രമാണ് നിങ്ങള്‍ പറയുന്നതെന്ന് വാൻസിനോട് സെലൻസ്കി ചോദിച്ചു. ഈ ഘട്ടത്തില്‍ നിങ്ങള്‍ ഇപ്പോള്‍ സുരക്ഷിതാവസ്ഥയിലല്ല ഇപ്പോഴുള്ളതെന്ന് പറഞ്ഞ ട്രംപ് മൂന്നാം ലോകമഹായുദ്ധത്തെ ക്ഷണിച്ചുവരുത്തുകയാണെന്നും പറഞ്ഞു. അമേരിക്കയെ അപമാനിക്കുന്ന തരത്തില്‍ സംസാരിക്കുകയാണെന്നും കുറ്റപ്പെടുത്തി.




ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക