ബെറ്റ് വച്ച് മദ്യപിച്ചു, തൊട്ടുപിന്നാലെ ജീവനും നഷ്ടമായി. പറയുന്നത് അതിശോയ്ക്തിയായി തോന്നുമെങ്കിലും സത്യമാണ്.
കർണാടകയിലെ കോലാറിലാണ് സംഭവം. കാർത്തിക് എന്ന 21-കാരനാണ് മരിച്ചത്.
എട്ടുദിവസം മുൻപാണ് ഇയാള്‍ക്കും ഭാര്യക്കും ആദ്യ കുഞ്ഞ് പിറന്നത്. മുല്‍ബാഗില്‍ താലൂക്കിലെ പൂജാരഹള്ളി ഗ്രാമത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. അഞ്ചു കുപ്പി മദ്യം വെള്ളം തൊടാതെ (ഡ്രൈ) കുടിച്ചാല്‍ 10,000 രൂപ തരാമെന്നായിരുന്നു വാഗ്ദാനം. വെങ്കിട റെഡ്ഡി, സുബ്രഹ്മണി,കാർത്തിക് മറ്റു മൂന്നുപേരും ചേർന്നാണ് ബെറ്റുവച്ചത്. ഇതില്‍ കാർത്തിക് വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു. വെങ്കിട റെഡ്ഡിയാണ് ബെറ്റ് വച്ചത്.
മദ്യപിക്കുന്നതില്‍ താൻ ഒരിക്കലും പരാജയപ്പെട്ടിട്ടില്ലെന്ന് തറപ്പിച്ച് പറഞ്ഞ കാർത്തിക് വെള്ളം തൊടാതെ കൃത്യം അഞ്ച് കുപ്പി മദ്യവും കുടിച്ചു. എന്നാല്‍ അളവിലധികം മദ്യം ശരീരത്തില്‍ പ്രവേശിച്ചതോടെ കാർത്തിക്കിന്റെ ആരോഗ്യം വഷളാവുകയും കുഴഞ്ഞു വീഴുകയുമായിരുന്നു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച് രക്ഷിക്കണമെന്ന് യുവാവ് യാചിച്ചു. സുഹൃത്തുക്കള്‍ ഉടൻ തന്നെ അദ്ദേഹത്തെ മുള്‍ബഗല്ലു ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചികിത്സ ലഭ്യമാക്കുകയും ചെയ്തു.
എന്നാല്‍ കാർത്തിക്കിന്റെ ശരീരം ചികിത്സയോട് പ്രതികരിക്കാതെ ആശുപത്രിയില്‍ വച്ച് മരിക്കുകയുമായിരുന്നു. ഒരുവർഷം മുൻപാണ് കാർത്തിക് വിവാഹിതനായത്. എട്ടുദിവസം മുൻപായിരുന്നു കുഞ്ഞിന്റെ ജനനം. പ്രസവാനന്തര ചടങ്ങുകള്‍ക്ക് ഭാര്യ സ്വന്തം വീട്ടിലേക്ക് പോകാനിരിക്കെയാണ് ദുരന്തം. കാർത്തിക്കിന്റെ കുടുംബം പൊലീസില്‍ പരാതി നല്‍കി.