നാദാപുരം സ്വദേശിയായ പ്രവാസിവ്യവസായിയെ ഹണിട്രാപ്പില്‍ കുരുക്കി 1.06 ലക്ഷം രൂപയും ജീപ്പും അപഹരിച്ച് കടന്നുകളഞ്ഞ സംഭവത്തില്‍ രണ്ടുപേരെ ചോമ്ബാല പോലീസ് അറസ്റ്റചെയ്തു.
മാഹി പള്ളൂരിലെ പാറാല്‍ പുതിയവീട്ടില്‍ തെരേസ റൊവീന റാണി (37), തലശ്ശേരി ധർമടം നടുവിലോതി അജിനാസ് (35) എന്നിവരെയാണ് ചോമ്ബാല ഇൻസ്പെക്ടർ ബി.കെ. സിജു, എസ്‌ഐ. പി. അനില്‍കുമാർ എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്.
പോലീസിന്റെ കൃത്യസമയത്തുള്ള ഇടപെടലില്‍ കുഞ്ഞിപ്പള്ളി ജങ്ഷനില്‍നിന്ന് ജീപ്പും കസ്റ്റഡിയിലെടുത്തു. ജീപ്പുമായി പോകുമ്ബോഴാണ് അജിനാസ് പിടിയിലായത്. സംഭവത്തില്‍ മൊത്തം ഏഴാളുടെ പേരില്‍ കേസുണ്ട്. വ്യാഴാഴ്ച രാത്രിയാണ് സംഭവം.
കേസിലെ ഒന്നാംപ്രതിയായി പോലീസ് കണക്കാക്കുന്ന റുബൈദയുടെ മുക്കാളിയിലെ വാടകവീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ഹണിട്രാപ്പ് ഒരുക്കിയത്. നേരത്തേ റുബൈദ പരാതിക്കാരനെ വിളിച്ച് സാമ്ബത്തികപ്രയാസം പറയുകയും പലപ്പോഴായി പണംവാങ്ങുകയും ചെയ്തിരുന്നു.
വ്യാഴാഴ്ച രാത്രി 8.10-ഓടെ മുക്കാളിയിലെ പുതിയ വാടകവീട് കാണിക്കാനാണെന്ന് പറഞ്ഞാണ് പരാതിക്കാരനെ നിർബന്ധിച്ച് മുക്കാളി അടിപ്പാതയ്ക്ക് സമീപത്തുള്ള വീട്ടിലെത്തിച്ചത്. അകത്ത് കയറിയ ഉടൻ റൊവീന റാണി, മറ്റൊരു പ്രതി അജ്മല്‍ എന്നിവർ അകത്തേക്ക് കയറുകയും മുതലെടുക്കാൻ വന്നതാണോ എന്നുചോദിച്ച് ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തു. പിന്നാലെ ഫോണും പൈസയും വണ്ടിയുടെ താക്കോലും കൈക്കലാക്കി. ഇതിനുശേഷമാണ് പരാതിക്കാരന്റെ മുണ്ടഴിപ്പിച്ച്, ഇയാളെ റുബൈദയുമായി ചേർത്തുനിർത്തി മൊബൈല്‍ഫോണില്‍ ഫോട്ടോയെടുത്തത്. ഫോട്ടോ ഭാര്യയുടെ ഫോണിലേക്ക് അയച്ചുനല്‍കുമെന്നും പോലീസില്‍ പരാതിപ്പെടേണ്ടെന്നും ഭീഷണിപ്പെടുത്തി. അഞ്ചുലക്ഷം രൂപയും ആവശ്യപ്പെട്ടു. പണം തന്നശേഷം വണ്ടിതരാമെന്ന് പറഞ്ഞ് റോഡില്‍ നില്‍ക്കുകയായിരുന്ന മറ്റു മൂന്നുപേർക്കൊപ്പം ഇവർ വണ്ടിയുമായി കടന്നുകളഞ്ഞു.
വണ്ടിയുടെ ഡാഷ്ബോർഡിലുണ്ടായിരുന്ന ഒരുലക്ഷം രൂപയും ഇവരെടുത്തു. എടിഎം കാർഡിന്റെ പിൻനമ്ബർ ചോദിച്ച് അജ്മല്‍ മർദിക്കുകയും ചെയ്തു. ചോമ്ബാല സ്റ്റേഷനിലെത്തി പരാതിക്കാരൻതന്നെയാണ് ഈ വിവരങ്ങളെല്ലാം പറഞ്ഞത്.
വ്യാഴാഴ്ച രാവിലെ അജിനാസ് വണ്ടിയുമായി വരുന്നുണ്ടെന്ന വിവരത്തെത്തുടർന്നാണ് വണ്ടി കണ്ടെത്തിയത്. റൊവീന റാണിയെ സംഭവം നടന്ന വീട്ടില്‍നിന്ന് പിടികൂടി. റുബൈദയും ഇവിടെയുണ്ടായിരുന്നെങ്കിലും ഒപ്പം കുട്ടികള്‍ ഉള്ളതിനാല്‍ അറസ്റ്റുചെയ്തിട്ടില്ല. പോലീസിന്റെ നിരീക്ഷണത്തിലാണിവർ.