Click to learn more 👇

പെട്രോള്‍ പമ്ബിലെ ശൗചാലയം ഉപഭോക്താക്കള്‍ക്ക് മാത്രം, പൊതുജനങ്ങള്‍ക്കുള്ളതല്ലെന്ന് ഹൈക്കോടതി ഉത്തരവ്




 ഇനി മുതല്‍ പെട്രോള്‍ പമ്ബുകളിലെ ശുചിമുറികള്‍ എല്ലാവർക്കും ഉപയോഗിക്കാനാവില്ല. ഇവിടുത്തെ ശുചിമുറികള്‍ പൊതു ശൗചാലയങ്ങളായി ഉപയോഗിക്കുന്നതിനെതിരെ കേരള ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കി.



സ്വകാര്യ പെട്രോള്‍ പമ്ബ് ഉടമകളുടെ ആവശ്യം അംഗീകരിച്ചാണ് ഹൈക്കോടതിയുടെ നടപടി. ദീർഘ, ഹ്രസ്വ ദൂര യാത്രകളില്‍ പെട്രോള്‍ പമ്ബുകളിലെ ശുചിമുറികള്‍ ഉപയോഗിക്കുന്ന നിരവധിപ്പേർക്ക് ബാധകമാവുന്ന തീരുമാനമാണിത്. പെട്രോളിയം ട്രേഡേഴ്സ് ആൻഡ് ലീഗല്‍ സ‍ർവ്വീസ് സൊസൈറ്റി നല്‍കിയ റിട്ട് ഹർജിയിലാണ് ജസ്റ്റിസ് സി എസ് ഡയസിന്റെ തീരുമാനം. പെട്രോള്‍ പമ്ബുകളിലെ ശുചിമുറികള്‍ പൊതു ശൗചാലയങ്ങളാക്കാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു റിട്ട് ഹ‍ർജി. കേരള സർ‍ക്കാരാണ് കേസില്‍ എതി‍ർകക്ഷി സ്ഥാനത്തുള്ളത്.


പെട്രോള്‍ പമ്ബുകളിലെ ശുചിമുറികള്‍ പൊതുജനത്തിന് ഉപയോഗിക്കാൻ അനുവദിക്കണമെന്ന് നിർബന്ധം പിടിക്കാനാവില്ലെന്ന് തിരുവനന്തപുരം കോർപ്പറേഷനും സംസ്ഥാന സർക്കാരിനോടും ഇടക്കാല ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. സ്വച്ഛ് ഭാരത് മിഷന് കീഴില്‍ പൊതു ശുചിമുറികള്‍ നി‍ർമ്മിക്കേണ്ടതിനേക്കുറിച്ച്‌ തിരുവനന്തപുരം മുൻസിപ്പല്‍ കോർപ്പറേഷന് നിർദ്ദേശം നല്‍കിയത്.



സ്വകാര്യ പമ്ബുടമകള്‍ വൃത്തിയാക്കി പരിപാലിക്കുന്ന ശുചിമുറികള്‍ പൊതുശൗചാലയമായി മാറ്റാൻ നിർബന്ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. അവശ്യ സാഹചര്യങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാനായാണ് പെട്രോള്‍ പമ്ബുകളില്‍ ശുചിമുറികള്‍ നി‍ർമ്മിച്ചിട്ടുള്ളതെന്നും പരാതിക്കാർ ഹർജിയില്‍ വിശദമാക്കി. തിരുവനന്തപുരം മുൻസിപ്പല്‍ കോർപ്പറേഷനും മറ്റ് ചില പ്രാദേശിക ഭരണകൂടങ്ങളും പെട്രോള്‍ റിട്ടെയില‍ർമാർക്ക് പൊതുജനങ്ങള്‍ക്ക് ശുചിമുറികള്‍ ഉപയോഗിക്കാൻ അനുവദിക്കണമെന്ന് നിർദ്ദേശം നല്‍കിയതിന് പിന്നാലെയാണ് ഹർജിയെന്നാണ് പരാതിക്കാർ വിശദമാക്കുന്നത്.


ഇത്തരം നിർദ്ദേശം നല്‍കുന്നത് പെട്രോള്‍ പമ്ബുകളിലെ ശുചിമുറികള്‍ പൊതുശൗചാലയങ്ങളാണെന്ന ധാരണ ആളുകള്‍ക്കിടയില്‍ ഉണ്ടാക്കുമെന്നും പെട്രോള്‍ പമ്ബിന്റെ സ്വാഭാവിക രീതിയിലുള്ള പ്രവർത്തനം പലപ്പോഴും തടസപ്പെടുത്തുന്ന സാഹചര്യമുണ്ടെന്നും പരാതിക്കാർ ചൂണ്ടിക്കാണിക്കുന്നു.

പെട്രോള്‍ പമ്ബ് ജീവനക്കാരും ശുചിമുറി ഉപയോഗിക്കുന്നവരും തമ്മില്‍ വാക്കേറ്റമുണ്ടാകുന്ന സാഹചര്യങ്ങളുണ്ടെന്നും പരാതിക്കാർ ചൂണ്ടിക്കാണിക്കുന്നത്. ടൂറിസ്റ്റ് ബസുകളില്‍ അടക്കം എത്തി യാത്രക്കാർക്ക് ശുചിമുറി ഉപയോഗിക്കുന്നത് സുരക്ഷയേയും ബാധിക്കുന്നുവെന്നും പരാതിയില്‍ വിശദമാക്കുന്നു. 



പമ്ബുടമകള്‍ പണം ചെലവിട്ട് ഉപഭോക്താക്കളുടെ അത്യാവശ്യത്തിനായാണ് ശുചിമുറികള്‍ നി‍ർമ്മിച്ച്‌ പരിപാലിക്കുന്നത്. വലിയ രീതിയില്‍ പൊതുജനം ഈ സേവനം ഉപയോഗിക്കാൻ ശ്രമിക്കുന്നത് വലിയ ബുദ്ധിമുട്ടാണെന്നും പരാതിക്കാർ വിശദമാക്കി.

ഇന്ധനം നിറയ്ക്കുന്ന വാഹനങ്ങളിലെ ആളുകള്‍ക്ക് മാത്രമായി പമ്ബുകളിലെ ശുചിമുറി ഉപയോഗം നിയന്ത്രിക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. ആദ‍ർശ് കുമാർ, കെ എം അനീഷ്, ശശാങ്ക് ദേവൻ, യദുകൃഷ്ണൻ എന്നിവരാണ് പരാതിക്കാർക്ക് വേണ്ടി ഹാജരായത്. 


ഏപ്രില്‍ മാസത്തില്‍ പെട്രോള്‍ പമ്ബില്‍ ശുചുമുറിയുടെ താക്കോല്‍ നല്‍കാത്തതിന് ഉടമക്കെതിരെ ഉപഭോക്തൃ തർക്കപരിഹാര കോടതി 165000 രൂപ പിഴ വിധിച്ചിരുന്നു. ഏഴകുളം ഈരകത്ത്‌ ഇല്ലം വീട്ടില്‍ അധ്യാപികയായ സി.എല്‍. ജയകുമാരിയുടെ പരാതിയിലാണ് നടപടി. കോഴിക്കോട്‌ പയ്യോളിയിലുളള തെനംകാലില്‍ പെട്രോള്‍ പമ്ബ്‌ ഉടമ ഫാത്തിമ ഹന്നയ്ക്കെതിരെയാണ് കമ്മീഷൻ ഉത്തരവിട്ടത്. പെട്രോള്‍ പമ്ബ്‌ അനുവദിക്കുമ്ബോള്‍ ടോയ്ലറ്റ്‌ സൗകര്യങ്ങള്‍ ആവശ്യമാണെന്നിരിക്കെ അതൊന്നും ഇല്ലാതെയാണ്‌ പെട്രോള്‍ പമ്ബ്‌ പ്രവര്‍ത്തിച്ചു വരുന്നതെന്ന്‌ കമ്മീഷന്‍ വിലയിരുത്തിയ ശേഷമായിരുന്നു പിഴയിട്ടത്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക