മധുരക്കിഴങ്ങ് പോഷക ഗുണങ്ങളേറെ നിറഞ്ഞൊരു ഭക്ഷണമാണ്. അതിനാല്‍തന്നെ പലരും ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമാക്കുന്നു.
മഴക്കാലത്തും ശൈത്യകാലത്തും ഇവ ലഭിക്കുമെങ്കിലും, ചില പ്രദേശങ്ങളില്‍ വേനല്‍ക്കാലത്തും ഇവ കൃഷി ചെയ്യാറുണ്ട്.
അതിനാല്‍, ഏറ്റവും വിലകുറഞ്ഞ സൂപ്പർഫുഡുകളില്‍ ഒന്നായി മധുരക്കിഴങ്ങ് കണക്കാക്കപ്പെടുന്നു. ഒരു വർഷത്തേക്ക് എല്ലാ ദിവസവും ഇവ കഴിക്കുന്നത് ഒരാളുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന് വിദഗ്ധരോട് ചോദിക്കാം.
"ഒരു വർഷത്തോളം ഇവ പതിവായി കഴിക്കുന്നത് ഹോർമോണ്‍ ആരോഗ്യം മുതല്‍ തിളങ്ങുന്ന ചർമ്മംവരെ എല്ലാത്തിനും സഹായിക്കും. ഇവ നാരുകള്‍, കോംപ്ലക്സ് കാർബോഹൈഡ്രേറ്റുകള്‍, ബീറ്റാ കരോട്ടിൻ (വൈറ്റമിൻ എ യുടെ ഒരു രൂപം), ദഹനം മെച്ചപ്പെടുത്താനും പ്രതിരോധശേഷി വർധിപ്പിക്കാനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്ബന്നമാണ്," താനെയിലെ കിംസ് ഹോസ്പിറ്റലിലെ ചീഫ് ഡയറ്റീഷ്യൻ ഡി.ഗുല്‍നാസ് ഷെയ്ഖ് പറഞ്ഞു.
മധുരക്കിഴങ്ങില്‍ അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റുകള്‍, സെറോടോണിൻ ഉത്പാദിപ്പിക്കാൻ സഹായിക്കുന്ന വൈറ്റമിൻ ബി6 എന്നിവ കാരണം, ഇവ കഴിച്ചതിനുശേഷം സ്ത്രീകളില്‍ പലപ്പോഴും ഊർജ വർധനവ്, പഞ്ചസാരയോടുള്ള ആസക്തി കുറയല്‍, മെച്ചപ്പെട്ട മാനസികാവസ്ഥ എന്നിവ പ്രടകമാകുന്നുണ്ട്. പ്രത്യുല്‍പാദന ആരോഗ്യത്തിലും മധുരക്കിഴങ്ങ് നല്ല സ്വാധീനം ചെലുത്തുന്നുണ്ട്.
"വൈറ്റമിൻ എ, മഗ്നീഷ്യം, ബി വൈറ്റമിനുകള്‍ തുടങ്ങിയ പോഷകങ്ങള്‍ ആർത്തവ ചക്രങ്ങളെ നിയന്ത്രിക്കാനും, പിഎംഎസ് അസ്വസ്ഥതകള്‍ ലഘൂകരിക്കാനും, മൊത്തത്തിലുള്ള ഹോർമോണ്‍ ബാലൻസിനെ പിന്തുണയ്ക്കാനും സഹായിക്കുന്നു. ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ കാരണം ചർമ്മം കൂടുതല്‍ തിളക്കമുള്ളതായി കാണപ്പെടും, കാലക്രമേണ മുടി ആരോഗ്യമുള്ളതായി അനുഭവപ്പെടും," ഷെയ്ഖ് പറഞ്ഞു.
മധുരക്കിഴങ്ങ് പതിവായി കഴിക്കുമ്ബോള്‍ ആരാണ് ശ്രദ്ധിക്കേണ്ടത്?
മധുരക്കിഴങ്ങ് പൊതുവെ സുരക്ഷിതവും പ്രയോജനകരവുമാണെങ്കിലും, ഉയർന്ന പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാല്‍ വിട്ടുമാറാത്ത വൃക്കരോഗമുള്ള വ്യക്തികള്‍ ജാഗ്രത പാലിക്കണമെന്ന് ഷെയ്ഖ് നിർദേശിച്ചു. "പ്രമേഹമുള്ള വ്യക്തികള്‍ മധുരക്കിഴങ്ങ് എത്ര തവണ, എത്ര അളവില്‍ കഴിക്കുന്നു എന്നതും ശ്രദ്ധിക്കണം. സാധാരണ ഉരുളക്കിഴങ്ങിനെ അപേക്ഷിച്ച് മധുരക്കിഴങ്ങിന് ഗ്ലൈസെമിക് സൂചിക കുറവാണെങ്കിലും, ഭാഗ നിയന്ത്രണം പ്രധാനമാണ്," ഷെയ്ഖ് പറഞ്ഞു.
ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുമ്ബോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം?
മധുരക്കിഴങ്ങ് തയ്യാറാക്കുന്ന രീതി വലിയ വ്യത്യാസമുണ്ടാക്കുന്നു. ഫ്രൈ ചെയ്യുന്നതിനുപകരം റോസ്റ്റ് ചെയ്യുകയോ, ആവിയില്‍ വേവിക്കുകയോ, ബേക്ക് ചെയ്യുകയോ ചെയ്യണമെന്ന് ഷെയ്ഖ് ഉപദേശിച്ചു. "നിങ്ങളുടെ ഭക്ഷണം കൂടുതല്‍ ബാലൻസും രക്തത്തിലെ പഞ്ചസാരയ്ക്ക് അനുയോജ്യമായതുമാക്കാൻ, പനീർ, മുട്ട, അല്ലെങ്കില്‍ ഒരുപിടി സീഡ്സ് പോലുള്ള പ്രോട്ടീൻ അല്ലെങ്കില്‍ ആരോഗ്യകരമായ കൊഴുപ്പിന്റെ ഉറവിടവുമായി അവ ജോടിയാക്കുക," ഷെയ്ഖ് പറഞ്ഞു.
''വ്യത്യസ്ത നിറങ്ങളിലുള്ളവ കഴിക്കുക. ഓറഞ്ച്, പർപ്പിള്‍, വെള്ള നിറങ്ങളിലുള്ള മധുരക്കിഴങ്ങ് അല്പം വ്യത്യസ്തമായ പോഷകങ്ങളും ആന്റിഓക്‌സിഡന്റ് പ്രൊഫൈലുകളും വാഗ്ദാനം ചെയ്യുന്നു. ഏറ്റവും പ്രധാനമായി, ഒരു ഭക്ഷണത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം വൈവിധ്യമാർന്നതും ആരോഗ്യകരവുമായ ഭക്ഷണക്രമത്തിന്റെ ഭാഗമായി അവ ആസ്വദിക്കുക," ഷെയ്ഖ് പറഞ്ഞു.
മുകളിലുള്ള ലേഖനം അറിവ് നല്‍കുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണല്‍ മെഡിക്കല്‍ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങള്‍ക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

