നെയ്യാറ്റിൻകരയില്‍ ജീവനൊടുക്കിയ വീട്ടമ്മയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. വായ്പ വാഗ്ദാനം ചെയ്ത് ഡിസിസി നേതാവും കൗണ്‍സിലറുമായ ജോസ് ഫ്രാങ്ക്ളിൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും, മാനസികമായി ഉപദ്രവിച്ചെന്നും വീട്ടമ്മ ആത്മഹത്യാ കുറിപ്പില്‍ വെളിപ്പെടുത്തുന്നു.
മകനു വേണ്ടി എഴുതിയ കത്തിലാണ്, കോണ്‍ഗ്രസ് നേതാവിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങള്‍ വീട്ടമ്മ ഉന്നയിക്കുന്നത്. "ജോസ് ഫ്രാങ്ക്ളിൻ എന്നെ ജീവിക്കാൻ അനുവദിക്കില്ല, ഞാൻ അവൻ്റെ വെപ്പാട്ടി ആകണം എന്ന് പറഞ്ഞു. കടം തീർക്കാൻ സബ്‌സിഡിയറി ലോണ്‍ ശരിയാക്കി തരാമെന്ന് പറഞ്ഞ് ഓഫീസിലേക്ക് വിളിച്ചു വരുത്തിയ ശേഷം ജോസ് ഫ്രാങ്ക്ളിൻ തന്നെ കൈ പിടിച്ചു കടന്നുപിടിച്ചെന്നും സ്വകാര്യഭാഗങ്ങളില്‍ സ്പർശിച്ചെന്നും" വീട്ടമ്മ കത്തില്‍ പറയുന്നു.
"വിളിക്കുമ്ബോഴെല്ലാം ചെല്ലണമെന്നും ആഴ്‌ചയിലൊരിക്കല്‍ എവിടെയെങ്കിലും വച്ച് കാണണമെന്നും പറഞ്ഞു, എൻ്റെ സ്വകാര്യ ഭാഗങ്ങളിലൊക്കെ പിടിച്ചു, അവന്റെ സ്വകാര്യഭാഗത്തൊക്കെ എൻ്റെ കൈ പിടിച്ചുവച്ചു, ലോണിന്റെ കാര്യമായതുകൊണ്ട് ഞാൻ ഒന്നും പറഞ്ഞില്ല, അവൻ വിളിക്കുമ്ബോള്‍ അതുകൊണ്ടാണ് ഞാൻ നിന്നെ കൊണ്ടുപോകാത്തത്, ഒരു കൗണ്‍സിലർ എന്ന നിലയില്‍ ആവശ്യങ്ങള്‍ക്ക് പോയാല്‍ ഇങ്ങനെയാണ്, ഭർത്താവില്ല എന്നുകരുതി ഇങ്ങനെയൊക്കെ ചെയ്യാമോ, എനിക്കിങ്ങനെ വൃത്തികെട്ട് ജീവിക്കണ്ട. അവൻ എന്നെ ജീവിക്കാൻ സമ്മതിക്കില്ല, ഞാൻ പോകുന്നു" എന്നിങ്ങനെ തുടങ്ങി വളരെ ഗുരുതരമായ കാര്യങ്ങളാണ് വീട്ടമ്മ ജോസ് ഫ്രാങ്ക്ളിനെതിരേ ഉന്നയിച്ചിരിക്കുന്നത്.
മുട്ടയ്ക്കാട് കെന്‍സ ഹൗസില്‍ സലിത കുമാരി ഒക്ടോബർ 9നാണ് വീട്ടില്‍ വച്ച് ജീവനൊടുക്കിയത്. ആദ്യം അടുക്കളയില്‍ വച്ചുണ്ടായ സ്വാഭാവിക തീ പിടുത്തം മൂലമുണ്ടയ അപകടമാണെന്നാണ് കരുതിയെങ്കിലും പോസ്റ്റ്‌മോര്‍ട്ടത്തില്‍ ആത്മഹത്യയെന്നു ഉറപ്പിച്ചു. പിന്നാലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ബൈബിളില്‍ നിന്നും രണ്ടു ആത്മഹത്യ കുറിപ്പുകളും കണ്ടെത്തി. മകനും മകള്‍ക്കുമായി പ്രത്യേകം ആത്മഹത്യ കുറിപ്പുകളായിരുന്നു. മകന്‍ രാഹുലിനെഴുതിയ കുറിപ്പിലാണ് കൗണ്‍സിലറും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ ജോസ് ഫ്രാങ്ക്ളിന്‍ തന്നെ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന് പറയുന്നത്.
നെയ്യാറ്റിൻകര കൗണ്‍സിലർ കൂടിയായ ജോസ് ഫ്രാങ്ക്ളിൻ പലരെയും സാമ്ബത്തിക ബുദ്ധിമുട്ടുകളുടെ പേരില്‍ സമാനമായി പീഡിപ്പിച്ചതായും, വട്ടിപ്പലിശക്കായി പലരില്‍ നിന്നും വീടും വസ്തുക്കളും എഴുതി വാങ്ങിയതായും തൊഴില്‍ വാഗ്ദാനം ചെയ്ത് ചിലരെ കബളിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. ആത്മഹത്യാക്കുറിപ്പിലെ വെളിപ്പെടുത്തലുകളെ തുടർന്ന് നിലവിലെ കേസില്‍ കൂടുതല്‍ പേർ പരാതിയുമായി രംഗത്തെത്താൻ സാധ്യതയുണ്ട്.