തീരപ്രദേശത്തെ ചന്തകളില്‍ നിന്ന് വാങ്ങിയ മത്സ്യം കഴിച്ചവർക്ക് വയറിളക്കവും ഛർദ്ദിയും തലവേദനയും. 30ഓളം പേർ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി.
കാഞ്ഞിരംകുളം, പുതിയതുറ, പുത്തൻകട, ഊരമ്ബ് തുടങ്ങിയ ചന്തകളില്‍ നിന്ന് വാങ്ങിയ 'ചെമ്ബല്ലി' ഇനത്തില്‍പ്പെട്ട മത്സ്യമാണ് ഭക്ഷ്യ വിഷബാധയ്ക്ക് കാരണമായതെന്ന് കരുതുന്നു.
ആരുടെയും നില ഗുരുതരമല്ല. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് വയറിളക്കവും ഛർദ്ദിയും ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങളുമായി പുല്ലുവിള സാമൂഹികാരോഗ്യ കേന്ദ്രം, കാഞ്ഞിരംകുളത്തെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സ തേടി എത്തിയത്. ഇവരില്‍ കൂടുതല്‍ ബുദ്ധിമുട്ടുള്ളവരെ നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
കാഞ്ഞിരംകുളം സ്വദേശികളായ അഞ്ജന എസ്.ജോസ് (25),സുജിത്ത് (29),വത്സല (50),മനു (29), മഞ്ജുള (26), മോഹനചന്ദ്രൻ (61),ഷീല (52), ക്രിസ്‌തുദാസ് (65),സരള ജാസ്മിൻ (52), ചാണി സ്വദേശി ഷെറിൻ (40), പുത്തൻകട സ്വദേശികളായ ത്രേസ്യ (68), ലക്ഷ്മണൻ (78),അടിമലത്തുറ സ്വദേശികളായ മെറീന (32),മേരി സിലുവയ്യൻ (62),മെർലിൻ (26),ഷൈല പ്രവീണ്‍ (32), അംബ്രോസ് (71),പുല്ലുവിള സ്വദേശി ജയ (72) തുടങ്ങിയവരാണ് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്.നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയില്‍ മാത്രം മിനിയാന്നും ഇന്നലെയുമായി 30ഓളം പേർ ചികിത്സ തേടി.
കാരക്കോണം സി.എസ്.ഐ മെഡിക്കല്‍ കോളേജിലെ 14 പേരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. തലകറക്കം, ഛർദ്ദി, ശരീരവേദന, രക്തസമ്മർദ്ദക്കുറവ് തുടങ്ങിയവ മൂലം അവശരായ കൊല്ലംകോട് ആയ്‌ക്കാക്കുഴി സ്വദേശികളായ സുരേഷ് (46), ഭാര്യ സുമിജ (46),ഹഫ്‌സ (13), ഘന (10),ഷിജി (37),രമ്യ (33), സാന്ദ്ര (9), ഷാനിയ (8),വസന്ത, കൊല്ലംകോട് അനുക്കോട് സ്വദേശികളായ സുനില്‍ (32) ലത (51), കുന്നത്തുകാല്‍ ചാമവിള സ്വദേശികളായ വിനീത് (38), വാമദേവൻ (77), കൈലാസ്ദേവ് (13) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇവരെ കൂടാതെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും മറ്റ് സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടിയവരുമുണ്ട്. ഭക്ഷ്യവിഷബാധ ഏറ്റവരുടെ എണ്ണം ഇനിയും വർദ്ധിക്കാൻ സാധ്യതയുണ്ടെന്നാണ് നിഗമനം. അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ഫോർമാലിൻ കലർന്ന മത്സ്യം കരുംകുളം പള്ളത്തെ മീൻ വില്പന കേന്ദ്രത്തില്‍ നിന്നും വാങ്ങി വിവിധ സ്ഥലങ്ങളില്‍ വില്പന നടത്തുന്നുണ്ട്. ഇത്തരത്തില്‍ പള്ളത്തുനിന്ന് എത്തിച്ച മത്സ്യം വാങ്ങി കഴിച്ചവർക്കാണ് അസ്വസ്ഥതകള്‍ ഉണ്ടായത്.

