നാല്‍പത് കഴിഞ്ഞാല്‍ ആരോഗ്യം ക്ഷയിക്കുന്നത് സ്വാഭാവികമാണ്. ഈ പ്രായത്തിലുള്ളവർ ആരോഗ്യം നിലനിർത്താൻ ദിവസവും കഴിക്കേണ്ട ചിലതുണ്ട്.
ഇത് ആരോഗ്യം നിലനിർത്താൻ മാത്രമല്ല ദീർഘായുസ്സിനും ഇത് ഉത്തമമാണ്. 40 വയസ്സിന് ശേഷം ശരീരത്തിന്റെ പ്രവർത്തനങ്ങള്‍ മന്ദഗതിയിലാകുമ്ബോള്‍, ശരിയായ പോഷകാഹാരം, വ്യായാമം, പതിവ് ആരോഗ്യ പരിശോധനകള്‍ എന്നിവ അത്യാവശ്യമാണ്. ആയുസ്സ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നതും ശാസ്ത്രീയ പിൻബലമുള്ളതുമായ ചില ഭക്ഷണങ്ങള്‍ പരിചയപ്പെടാം.
ഓട്‌സ്, തവിട് കളയാത്ത അരി, ബാർലി, ഗോതമ്ബ് തുടങ്ങിയ മുഴുവൻ ധാന്യങ്ങള്‍ ഹൃദയത്തിനും ദഹനവ്യവസ്ഥയ്ക്കും അത്യന്താപേക്ഷിതമാണ്. ഇവയിലെ നാരുകള്‍, വിറ്റാമിനുകള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ ഹൃദ്രോഗം, സ്ട്രോക്ക്, ടൈപ്പ് 2 പ്രമേഹം എന്നിവയുടെ സാധ്യത കുറയ്ക്കുന്നു. ബദാം, വാള്‍നട്ട്, പിസ്ത തുടങ്ങിയ നട്‌സുകള്‍ ആരോഗ്യകരമായ കൊഴുപ്പുകള്‍, പ്രോട്ടീൻ, നാരുകള്‍ എന്നിവയുടെ കലവറയാണ്.
ഇവ ഹൃദയ സംബന്ധമായ അസുഖങ്ങളും മെറ്റബോളിക് പ്രശ്നങ്ങളും കുറയ്ക്കാൻ സഹായിക്കുന്നു. പഴങ്ങളിലും പച്ചക്കറികളിലുമുള്ള വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ കോശങ്ങളുടെ കേടുപാടുകള്‍ തടഞ്ഞ് വാർദ്ധക്യം വൈകിപ്പിക്കാൻ സഹായിക്കും.
സാല്‍മണ്‍, മത്തി, അയല തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളിലെ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ഹൃദയത്തിന്റെ ആരോഗ്യത്തിന് മികച്ചതാണ്. ഇത് രക്തധമനികളില്‍ പ്ലാക്ക് അടിഞ്ഞുകൂടുന്നത് തടയുകയും തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു. പരിപ്പ്, കടല, ബീൻസ് തുടങ്ങിയ പയർവർഗ്ഗങ്ങള്‍ സസ്യാഹാര പ്രോട്ടീനും നാരുകളും നല്‍കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ്, കൊളസ്‌ട്രോള്‍ എന്നിവ കുറയ്ക്കാൻ സഹായിക്കും.
ഇതിനൊപ്പം തന്നെ മറ്റ് ചില ദിവസവും 30 മിനിറ്റെങ്കിലും മിതമായ വ്യായാമം ചെയ്യുന്നത് ആയുസ്സ് വർദ്ധിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ്. യോഗ, മെഡിറ്റേഷൻ എന്നിവയിലൂടെ സമ്മർദ്ദം കുറയ്ക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും.
സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടുമൊപ്പമുള്ള നല്ല ബന്ധങ്ങള്‍ മാനസികാരോഗ്യം നിലനിർത്തും. പുകവലി പൂർണ്ണമായും ഒഴിവാക്കുകയും മദ്യപാനം പരിമിതപ്പെടുത്തുകയും ചെയ്യുക.
രോഗങ്ങളില്ലെങ്കില്‍ പോലും വർഷത്തിലൊരിക്കല്‍ ആരോഗ്യ പരിശോധന നടത്തുന്നത് വളരെ പ്രധാനമാണ്.

