മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി ഒന്നര കിലോയിലധികം സ്വർണം കടത്തിയെത് ഭർത്താവിന്റെ നിർബന്ധത്തിനു വഴങ്ങിയെന്ന് യുവതിയുടെ മൊഴി.
ഞായറാഴ്ച രാത്രി കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് സ്വർണവുമായി പിടിയിലായ കാസർകോട് സ്വദേശി ഷഹലയാണ് ഇക്കാര്യം പോലീസിനോട് പറഞ്ഞത്.
ഞായറാഴ്ച രാത്രി ദുബായിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് ഷഹല കരിപ്പൂരിലെത്തിയത്.
യുവതി സ്വർണം കടത്തുന്നതായി മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് നേരത്തെ രഹസ്യവിവരം ലഭിച്ചിരുന്നു. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം രാത്രി 11 മണിയോടെ വിമാനത്താവളത്തിന് പുറത്ത് വന്ന യുവതിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മണിക്കൂറുകളോളം ചോദ്യം ചെയ്തിട്ടും തന്റെ കൈയിൽ സ്വർണമില്ലെന്ന് ഷഹല ആദ്യം പറഞ്ഞിരുന്നു. എല്ലാ ചോദ്യത്തിനും ധൈര്യം കൈവിടാതെ യുവതി മറുപടി പറഞ്ഞതായി പോലീസ് പറയുന്നു. സ്വർണക്കടത്തിന്റെ വാഹകൻ താനാണെന്നോ കൈയിൽ സ്വർണമുണ്ടെന്നോ ഒരു ഘട്ടത്തിലും അവർ സമ്മതിച്ചില്ല. ഇതോടെ പോലീസ് വിശദമായ അന്വേഷണം നടത്തി.
യുവതിയുടെ ലഗേജാണ് ആദ്യം പരിശോധിച്ചത്. എന്നാൽ ലഗേജിൽ സ്വർണം കണ്ടെത്താനായില്ല. തുടർന്ന് ശരീര പരിശോധന നടത്തിയപ്പോളാണ് അടിവസ്ത്രത്തിനുള്ളിൽ വിദഗ്ധമായി തുന്നിച്ചേർത്ത മിശ്രിത രൂപത്തിലാക്കിയ 1.8 കിലോ സ്വർണം ഒളിപ്പിച്ചതായി കണ്ടെത്തിയത്.