Click to learn more 👇

ഇനി എവിടെ നിന്നും സ്വന്തം സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാം; നിര്‍ണായക നീക്കവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍


 

ഡൽഹി: ഇതര സംസ്ഥാനങ്ങളിലെ സ്വന്തം മണ്ഡലത്തിലെ വോട്ട് രേഖപ്പെടുത്താൻ അവസരമൊരുക്കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ.

റിമോട്ട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്താം.  ജനുവരി 16ന് പുതിയ വോട്ടിംഗ് മെഷീന്റെ പ്രവർത്തനം രാഷ്ട്രീയ പാർട്ടികൾക്ക് പരിചയപ്പെടുത്തും.

72 മണ്ഡലങ്ങളിലെ സ്ഥാനാർഥി പട്ടിക ഒറ്റ മെഷീനിൽ ഉൾപ്പെടുത്താനും നീക്കമുണ്ട്.  നിലവിൽ ഒരാൾക്ക് സ്വന്തം മണ്ഡലത്തിൽ മാത്രമേ നേരിട്ട് വോട്ട് ചെയ്യാൻ കഴിയൂ.  വിദ്യാഭ്യാസത്തിനും ജോലിക്കുമായി മറ്റിടങ്ങളിലേക്ക് മാറിയവർക്ക് പലപ്പോഴും വോട്ട് രേഖപ്പെടുത്താൻ കഴിയാറില്ല.  നിലവിൽ ഒരു വോട്ടിംഗ് മെഷീനിൽ ആ മണ്ഡലത്തിലെ സ്ഥാനാർത്ഥി പട്ടിക മാത്രമേ ഉണ്ടാകൂ.  

ഇതിന് പകരം 72 മണ്ഡലങ്ങളിലെ സ്ഥാനാർഥി പട്ടിക ഒരു മെഷീനിൽ ഉൾപ്പെടുത്തുന്ന തരത്തിലാണ് വോട്ടിങ് യന്ത്രത്തിൽ മാറ്റം വരുത്തുന്നത്.  തിരഞ്ഞെടുപ്പ് കമ്മിഷനിൽ അപേക്ഷ നൽകിയാൽ നിലവിൽ താമസിക്കുന്ന സംസ്ഥാനത്തെ പോളിങ് ബൂത്തിൽ മണ്ഡലത്തിലെ സ്ഥാനാർഥികളുടെ പട്ടികയുള്ള  വോട്ടിങ് യന്ത്രം എത്തിക്കുകയാണ് ലക്ഷ്യം.

"2019 ലെ പൊതുതെരഞ്ഞെടുപ്പിൽ 67.4 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 30 കോടിയിലധികം വോട്ടർമാർ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാത്തതിൽ ആശങ്കയുണ്ട്," തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.

എന്നാൽ വോട്ടിങ് യന്ത്രത്തിൽ ക്രമക്കേടുണ്ടെന്ന് രാഷ്ട്രീയ പാർട്ടികൾ ആരോപിക്കുന്ന സാഹചര്യത്തിൽ അവരെ കൂടി വിശ്വാസത്തിലെടുത്താലേ പരിഷ്‌കാരം നടപ്പാക്കാനാകൂ.  

യന്ത്രത്തിന്റെ പ്രവർത്തനം ബോധ്യപ്പെടുത്താൻ ജനുവരി 16ന് തിരഞ്ഞെടുപ്പ് കമ്മിഷൻ രാഷ്ട്രീയ പാർട്ടികളെ ക്ഷണിച്ചു.  

ത്രിപുര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ പ്രതിപക്ഷ പാർട്ടികൾ പുതിയ സംവിധാനത്തെ എതിർത്തേക്കും.