Click to learn more 👇

“കാലകൂലി” കഴിച്ചാൽ ഒരു മണിക്കൂറോളം ലഹരിയുടെ ഉന്മാദത്തിൽ; സ്‌കൂൾ വിദ്യാർഥികളെ ലക്ഷ്യമിട്ട് കഞ്ചാവ് മിഠായിയും.


കൊച്ചി: കണ്ടാൽ അടിപൊളി മിഠായി പോലെ. കഴിച്ചാൽ ഒരു മണിക്കൂറോളം ലഹരിയുടെ ഉന്മാദത്തിൽ. സ്‌കൂൾ വിദ്യാർഥികളെ ലക്ഷ്യമിട്ട് കഞ്ചാവ് മിഠായിയും.

കൊച്ചിയിൽ ഏഴ് കിലോ കഞ്ചാവുമായി അന്യസംസ്ഥാനക്കാരായ കച്ചവടക്കാർ പിടിയിൽ. ഇവരിൽ നിന്ന് 510 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഉത്തർപ്രദേശ് സ്വദേശി വികാസ് (32), അസം സ്വദേശി സദ്ദാം ഹുസൈൻ (30) എന്നിവരാണ് അറസ്റ്റിലായത്.

എറണാകുളം ബാനർജി റോഡിൽ വർഷങ്ങളായി നടത്തുന്ന മുറുക്കാൻ  കടയുടെ മറവിലായിരുന്നു കച്ചവടം.  പോലീസിന്റെ പരാതി പരിഹാര ആപ്പായ യോധവിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിസിപിയുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘം ഇവരുടെ കഞ്ചാവ് മിഠായി ഇടപാട് നിരീക്ഷിച്ചുവരികയായിരുന്നു.  അന്യസംസ്ഥാനക്കാരുള്‍പ്പെടെ നിരവധിപേര്‍ കഞ്ചാവ് മിഠായി വാങ്ങി ഉപയോഗിക്കുന്നുണ്ടെന്ന് വ്യക്തമായതോടെ പ്രതികൾ പിടിയിലായി.

ഒരു മിഠായിക്ക് 10 രൂപയാണ് ഈടാക്കിയിരുന്നത്. കാലകൂലി എന്ന പേരിൽ ഉത്തരേന്ത്യയിൽ വ്യാപകമായി വിൽക്കുന്ന 30 പാക്കറ്റ് മിഠായികളാണ് കൊച്ചിയിൽ നിന്ന് പിടികൂടിയത്.  

ഒരു മിഠായിയിൽ 14 ശതമാനം കഞ്ചാവ് അടങ്ങിയിട്ടുണ്ടെന്ന് പാക്കേജിൽ പറയുന്നു.  വിദ്യാർഥികളെ ലക്ഷ്യമിട്ടായിരുന്നു അനധികൃത വിൽപ്പന. പരിശോധന വ്യാപകമാക്കാനാണ് പോലീസ് ആലോചിക്കുന്നത്.