Click to learn more 👇

ചുരത്തില്‍വെച്ച്‌ കുരങ്ങ് താക്കോല്‍ തട്ടിയെടുത്ത് ഓടി, തിരിച്ചെടുക്കാനിറങ്ങിയയാള്‍ കൊക്കയില്‍വീണു


കല്പറ്റ: താമരശ്ശേരി ചുരത്തിലെ വ്യൂ പോയിന്റിൽ കുരങ്ങ് മോഷ്ടിച്ച താക്കോൽ വീണ്ടെടുക്കാൻ പോയയാൾ അമ്പതടി താഴ്ചയിലേക്ക് വീണു.

മലപ്പുറം പൊന്മള സ്വദേശി അയമു (40) ആണ് വീണത്. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം.

വ്യൂപോയിന്റിൽ നിൽക്കുമ്പോൾ കുരങ്ങൻ അയമുവിന്റെ കയ്യിൽ നിന്ന് താക്കോൽ തട്ടിയെടുത്തു.  വ്യൂപോയിന്റിലെ കൈവരി കടന്ന് താക്കോൽ എടുത്ത് തിരികെ വരുമ്പോൾ അൻപതടിയോളം താഴ്ചയിലേക്ക് കാൽ വഴുതി വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. വിവരമറിഞ്ഞയുടൻ കൽപ്പറ്റയിൽ നിന്ന് അഗ്നിശമന സേനയെത്തി കയര്‍കെട്ടിയിറങ്ങി സ്ട്രെക്ചറില്‍ മുകളിലെത്തിക്കുകയായിരുന്നു.  അഗ്നിശമനസേനയെത്തുമ്പോൾ മരങ്ങൾക്കിടയിൽ കിടക്കുകയായിരുന്നു.  വീഴ്ചയിൽ കാലിന് നിസാര പരിക്കുണ്ട്.  വലിയ പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണെന്ന് ആളുകൾ പറഞ്ഞു. മലപ്പുറത്ത് നിന്ന് കാറിൽ ബന്ധുക്കൾക്കൊപ്പം വയനാട്ടിലെത്തിയതായിരുന്നു ഇയാൾ.

വയനാട് ജില്ലാ ഫയർ ഓഫീസർ മൂസ വടക്കേറ്റിലിന്റെ നേതൃത്വത്തിൽ കൽപ്പറ്റ സ്റ്റേഷൻ ഓഫീസർ പി.കെ. ബഷീര്‍, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ വി. ഹമീദ്, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ. സുരേഷ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ എം.എസ്. സുജിത്ത്, പി.കെ. മുകേഷ്, കെ.ആര്‍. രഞ്ജിത്, എം.വി. ദീപ്ത് ലാല്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഡ്രൈവര്‍മാരായ എ.ആര്‍. രാജേഷ്, ടി. രഘു, ഹോംഗാര്‍ഡുമാരായ പി.കെ. രാമകൃഷ്ണന്‍, വി.ജി. രൂപേഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.