തൃശൂർ: ഇസ്രായേലിൽ കോടികളുടെ ചിട്ടി തട്ടിപ്പ് നടത്തിയ പ്രതി അറസ്റ്റിൽ.
ചാലക്കുടി പരിയാരം സ്വദേശി ലിജോ ജോർജാണ് പോലീസ് പിടിയിലായത്. ഇസ്രായേലിൽ നിന്നുള്ള നൂറുകണക്കിന് പ്രവാസികളിൽ നിന്ന് പണം തട്ടിയ ശേഷമാണ് ഇയാൾ മുങ്ങിയത്.
ഇന്ത്യയിലെത്തിയ ശേഷം ഒളിവിൽ പോയ പ്രതിയെ തൃശൂർ യൂണിറ്റ് ക്രൈംബ്രാഞ്ച് പോലീസ് സൂപ്രണ്ട് സന്തോഷ് ടി.ആറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. കെയർ വിസയിൽ ഇസ്രായേലിൽ ജോലി ചെയ്തിരുന്ന ലിജോ ജോർജ് നിയമവിരുദ്ധമായി പെര്‍ഫെക്‌ട് കുറീസ് എന്ന ചിട്ടി നടത്തിവരികയായിരുന്നു.
ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ പരസ്യം നൽകിയാണ് പ്രതി ചിട്ടിയിലേക്ക് ആളുകളെ ചേർക്കുന്നത്. കൂടുതലും ടേക്കര്‍മാരായി ജോലി ചെയ്തിരുന്ന നിരവധി മലയാളികളെ ഇയാൾ വലയിലാക്കി.
പ്രവാസികളിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത് ഇസ്രയേലിൽ നിന്ന് മുങ്ങിയ ഇയാൾ ഇന്ത്യയിൽ ഒളിവിൽ കഴിയുകയായിരുന്നു.
ലിജോ ജോർജ് എന്ന ഇയാൾ മലയാളികൾക്ക് പുറമെ ഇതര സംസ്ഥാനക്കാരായ പ്രവാസികളുടെ കൈയിൽ നിന്നും കോടികൾ തട്ടിച്ചിട്ടുണ്ട്.
ചാലക്കുടി പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റകൃത്യ അന്വേഷണ വിഭാഗമാണ് ഇപ്പോൾ അന്വേഷിക്കുന്നത്. പ്രതിയെ ചാലക്കുടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.