രമേശൻ (48), ഭാര്യ സുലജകുമാരി (46), ഇവരുടെ മകൾ രേഷ്മ (23) എന്നിവരെയാണ് കാർത്തിക പടിഞ്ഞാറെ മൂലയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. മരിച്ച രമേശൻ ഇന്നലെ ഗൾഫിൽ നിന്ന് നാട്ടിലെത്തി. സാമ്പത്തിക ബാധ്യത തീർക്കാൻ വീടും വസ്തുവും വിൽക്കാൻ ശ്രമിച്ചെങ്കിലും കേസിൽ ഉൾപ്പെട്ടതിനാൽ വിൽക്കാനായില്ല. ലോണ്‍ എടുക്കാൻ വിദേശത്ത് നിന്ന് എത്തിയതായിരുന്നു രമേശൻ.
എന്നാൽ ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെ കുടുംബത്തിലെ മൂന്ന് പേർ തീകൊളുത്തി മരിക്കുകയായിരുന്നു. രാത്രി 12 മണിയോടെ ജനൽചില്ലുകൾ തകരുന്ന ശബ്ദം കേട്ട് അയൽവാസികളാണ് കിടപ്പുമുറിയിൽ നിന്ന് തീ ആളിപ്പടരുന്നത് കണ്ടത്.
അയൽവാസികൾ മുൻവശത്തെ വാതിൽ തകർത്ത് അകത്ത് കടന്നെങ്കിലും കിടപ്പുമുറിയുടെ വാതിൽ തുറക്കാതിരിക്കാൻ അലമാരയും മറ്റും ചേര്‍ത്തു വച്ചിരിക്കുകയായിരുന്നു. പുറത്തെ ജനലിലൂടെ വെള്ളം ഒഴിച്ചെങ്കിലും മരണം സംഭവിച്ചു.
രമേശന്റെ മൃതദേഹം തറയിൽ കിടക്കുന്ന നിലയിലും സുലജയുടെയും രേഷ്മയുടെയും മൃതദേഹങ്ങൾ കട്ടിലിൽ കിടക്കുന്ന നിലയിലും ആയിരുന്നു.
മകൻ തമിഴ്നാട്ടിലെ ചെണ്ടമേളത്തിന് പോയിരുന്നു. അസ്വാഭാവിക മരണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.