Click to learn more 👇

പുതുവര്‍ഷം കണ്ണീരിലാഴത്തി; വിനോദയാത്രാ സംഘത്തിന്റെ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു


ഇടുക്കി: പുതുവത്സര ദിനത്തിൽ കോളേജിൽ നിന്നെത്തിയ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു.

ഇടുക്കി അടിമാലിയിൽ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം.  മലപ്പുറം സ്വദേശി മിൽഹാജാണ് മരിച്ചത്.  അപകടത്തിൽ നാൽപ്പതോളം പേർക്ക് പരിക്കേറ്റു.  

പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ഗുരുതരമായി പരിക്കേറ്റ ഒരാളെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

വളാഞ്ചേരി റീജണൽ കോളേജിൽ നിന്ന് വിനോദയാത്രയ്ക്ക് പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്.  

അടിമാലി മുനിയറയിൽ ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു.  രാവിലെ നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് ബസിനടിയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

വാഗമൺ സന്ദർശിച്ച് മടങ്ങുകയായിരുന്ന ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്.  ഇന്ന് പുലർച്ചെ 1.15നായിരുന്നു അപകടം.  

കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം വിട്ട ബസ് 70 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു.  

41 യാത്രക്കാരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. നാട്ടുകാരാണ് രക്ഷാപ്രവർത്തനത്തിന് മുൻകൈ എടുത്തത്.

വിനോദയാത്രാ സംഘത്തിന് രാത്രിയിൽ യാത്ര ചെയ്യാൻ വിദ്യാഭ്യാസ വകുപ്പ് അടുത്തിടെ അനുമതി നിഷേധിച്ചിരുന്നു.  വടക്കാഞ്ചേരി അപകടവുമായി ബന്ധപ്പെട്ടായിരുന്നു ഇത്.  

കഴിഞ്ഞ വർഷം ഒക്ടോബറിൽ വടക്കാഞ്ചേരിയിൽ സ്കൂൾ വിദ്യാർഥികളുമായി പോയ ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ട് നിരവധി വിദ്യാർഥികൾക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.  ഇതേത്തുടർന്ന് ടൂറിസ്റ്റ് ബസുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.