ശരീരത്തില് എലിവിഷം എത്തിയെന്ന സംശയത്തെ തുടർന്ന് ആന്തരികാവയവങ്ങളുടെ സാമ്പിള് കോഴിക്കോട് റീജണല് കെമിക്കല് ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു. റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു.
അഞ്ജുശ്രീ എഴുതിയതെന്ന് സംശയിക്കുന്ന ആത്മഹത്യാക്കുറിപ്പ് മേൽപ്പറമ്പ് പോലീസ് കാസർകോട് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
മാനസിക പിരിമുറുക്കം മൂലം പിടിച്ചു നിൽക്കാനാവാതെ എല്ലാവരോടും വിട പറയുകയാണെന്ന് കുറിപ്പിൽ പറയുന്നു.
സൈബർ സെല്ലിന്റെ സഹായത്തോടെ അഞ്ജുശ്രീയുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ ഗൂഗിളിൽ എലിവിഷത്തെ പറ്റി തിരഞ്ഞതായി കണ്ടെത്തിയതായി പോലീസ് പറയുന്നു. എന്നാൽ, എവിടെ നിന്നാണ് വാങ്ങിയതെന്ന വിവരം ലഭ്യമല്ല. ഇതിന്റെ പാക്കറ്റ് വീട്ടിൽ നിന്ന് കണ്ടെടുത്തിട്ടില്ല.
അതേസമയം അഞ്ജുശ്രീയുടെ മരണത്തിലെ എല്ലാ വശങ്ങളും അന്വേഷിച്ച് ദുരൂഹത നീക്കണമെന്ന് കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു.
ചട്ടഞ്ചാൽ സ്വദേശിയും ബേക്കറി ജീവനക്കാരനുമായ അഞ്ജുശ്രീയുടെ സുഹൃത്ത് അസുഖത്തെ തുടർന്ന് ഒന്നര മാസം മുമ്പ് മരിച്ചു.
രണ്ടുവർഷമായി അഞ്ജുശ്രീയുമായി പ്രണയത്തിലായിരുന്നുവെന്നാണ് സൂചന. യുവാവ് മരിച്ച് 41-ാം ദിവസമാണ് അഞ്ജുശ്രീ മരിച്ചത്. മരണത്തെ തുടർന്നുണ്ടായ മനോവിഷമത്തിലാണോ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
മംഗലാപുരത്ത് ചികിത്സയിൽ കഴിയുന്ന ഇയാളെ കാണാൻ അഞ്ജുശ്രീ പോയിരുന്നു. അഞ്ജുശ്രീയിന്റെ മൊബൈൽ പരിശോധിച്ചതിൽ നിന്ന് പോലീസിന് ചില സൂചനകൾ ലഭിച്ചിട്ടുണ്ട്. അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധയെ തുടർന്നാണെന്ന ആരോപണത്തെ തുടർന്ന് കസ്റ്റഡിയിലെടുത്ത ഹോട്ടൽ ഉടമയെയും ജീവനക്കാരെയും പൊലീസ് വിട്ടയച്ചു.