Click to learn more 👇

കൊല്ലം നിലമേലില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയെ മര്‍ദിച്ച അഞ്ച് CITU പ്രവര്‍ത്തകര്‍ അറസ്റ്റില്‍


കൊല്ലം: സൂപ്പർ മാർക്കറ്റ് ഉടമയെ നിലത്തിട്ട് മർദിച്ച സംഭവത്തിൽ അഞ്ച് CITU പ്രവർത്തകർ അറസ്റ്റിൽ.

CITU പ്രവർത്തകരായ പ്രേംദാസ്, രഘു, ജയേഷ്, സിനു, മോഹനൻ പിള്ള എന്നിവരെയാണ് ചതയമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. അനധികൃതമായി സംഘം ചേരൽ, അതിക്രമിച്ച് കടക്കൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

യൂണിയൻ കോർപ് സൂപ്പർമാർട്ട് ഉടമ ഷാനിനാണ് മർദനമേറ്റത്. സംഭവത്തിൽ 13 CITU പ്രവർത്തകർക്കെതിരെ ചടയമംഗലം പൊലീസ് കേസെടുത്തിരുന്നു.  കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം. കടയുടെ പിൻഭാഗത്തുള്ള ആളൊഴിഞ്ഞ സ്ഥലത്ത് മദ്യപിക്കുന്നതിന് രണ്ട് CITU പ്രവർത്തകരെ ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമായതെന്ന് കടയുടമ ആരോപിച്ചു.

കടയുടെ പുറകിൽ നിന്ന് മദ്യപിച്ച ഒരാളെ മാനേജരും മറ്റ് ജീവനക്കാരും ചേർന്ന് ചോദ്യം ചെയ്യുകയും പോകാൻ വിസമ്മതിച്ചപ്പോൾ പോകാൻ നിർബന്ധിക്കുകയും ചെയ്തു.

തുടർന്ന് മറ്റ് CITU പ്രവർത്തകരെ വിവരമറിയിക്കുകയും സംഘടിച്ച് ആക്രമിക്കുകയുമായിരുന്നുവെന്നാണ് പരാതി. CITU പ്രവർത്തകർ കടയുടമയെ മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.