ബംഗളുരു: നിർമാണത്തിനിടെ മെട്രോ തൂൺ തകർന്ന് സ്‌കൂട്ടറിലെത്തിയ കുടുംബത്തിന്റെ മുകളിലേക്ക് വീണ് അമ്മയ്ക്കും രണ്ടര വയസ്സുള്ള മകനും ദാരുണാന്ത്യം.
അപകടസമയത്ത് ബൈക്കിൽ നാല് പേരാണ് ഉണ്ടായിരുന്നത്. രാവിലെ 10.30 ഓടെയായിരുന്നു അപകടം.
തേജസ്വിനി എന്ന 28 കാരിയായ യുവതിയും രണ്ടര വയസ്സുള്ള മകൻ വിഹാനും അപകടത്തിൽ മരിച്ചു.
കുട്ടികളെ നഴ്സറിയിൽ വിടാൻ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ പിതാവ് ലോഹിതും മക്കളിൽ ഒരാളായ വിസ്മിതയും ചികിത്സയിലാണ്. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അമ്മയെയും കുഞ്ഞിനെയും രക്ഷിക്കാനായില്ല.
ബെംഗളൂരു മെട്രോയുടെ ഫേസ് 2 ബിയുടെ പണി പുരോഗമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ബെംഗളൂരു വിമാനത്താവളം വരെയാണ് ഈ ഘട്ടത്തിലെ ജോലികൾ. കനത്ത ഇരുമ്പ് കമ്പികൾ നിലത്തുവീണാണ് അപകടം.