Click to learn more 👇

പരമ്പര പിടിക്കാന്‍ ഇന്ത്യ, ചരിത്ര നേട്ടം സ്വന്തമാക്കാന്‍ ലങ്ക; രാജ്കോട്ടില്‍ ഇന്ന് തീ പാറും പോരാട്ടം


രാജ്‌കോട്ട്: ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പര സ്വന്തമാക്കാൻ ഇന്ത്യ ഇന്നിറങ്ങും. രാജ്‌കോട്ടിൽ വൈകുന്നേരം 7 മണിക്ക് ആരംഭിക്കുന്ന മത്സരം സ്റ്റാർ സ്‌പോർട്‌സിലും ഹോട്ട് സ്റ്റാറിലും തത്സമയം കാണാം. 

മുംബൈയിൽ ഇന്ത്യയും പുണെയിൽ ശ്രീലങ്കയും ജയിച്ചതോടെ രാജ്‌കോട്ടിൽ ഫൈനൽ മത്സരത്തിന് ആവേശം അതിരുകടക്കും.പുതിയ ക്യാപ്റ്റൻ ഹാർദിക്കിന്റെ കീഴിൽ യുവതാരങ്ങളുടെ കരുത്ത് തെളിയിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യമെങ്കിൽ, ഇന്ത്യൻ മണ്ണിൽ ശ്രീലങ്കയുടെ ആദ്യ ടി20 പരമ്പരയാണ് ലങ്ക ലക്ഷ്യം വെക്കുന്നത്.

കഴിഞ്ഞ അഞ്ച് തവണയും ഇന്ത്യയിൽ ടി20 പരമ്പരയിൽ എത്തിയപ്പോൾ നിരാശരായി കളം വിടാനായിരുന്നു ലങ്കയുടെ വിധി.  അതുകൊണ്ടാണ് ലങ്ക ഇന്ന് ജയിച്ച് ചരിത്രം തിരുത്താൻ ശ്രമിക്കുന്നത്. എന്നാൽ സ്വന്തം തട്ടകത്തിൽ കുട്ടി ക്രിക്കറ്റിൽ തുടർച്ചയായി 11 പരമ്പരകൾ നേടിയ ശേഷമാണ് ഇന്ത്യ രാജ്‌കോട്ടിൽ എത്തുന്നത്.  

2019-ലാണ് ഓസ്‌ട്രേലിയ അവസാനമായി ഇന്ത്യയെ സ്വന്തം തട്ടകത്തിൽ തോൽപ്പിച്ചത്. ഇന്ത്യയുടെ വിജയക്കുതിപ്പ് രാജ്‌കോട്ടിൽ അവസാനിക്കുമോയെന്ന് ഇന്നറിയാം.

പവർപ്ലേയിൽ ബാറ്റിംഗിലും ബൗളിംഗിലുമുള്ള പിഴവുകൾ ഹാർദിക്കിനും സംഘത്തിനും തലവേദനയാണ്.  

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മുൻനിര ബാറ്റ്‌സ്മാൻമാർക്ക് പ്രതീക്ഷക്കൊത്ത് ഉയരാനായില്ല. അക്‌സർ പട്ടേലിന്റെ വെടിക്കെട്ടാണ് രണ്ട് കളികളിലും ടീമിന്റെ കരുത്ത്. ആദ്യ മത്സരത്തിൽ സൂര്യകുമാർ നിരാശപ്പെടുത്തിയെങ്കിലും രണ്ടാം മത്സരത്തിൽ ഫോമിലേക്ക് തിരിച്ചെത്തിയത് ആശ്വാസമാണ്.  

റൺസ് വഴങ്ങുന്നതിൽ പിശുക്ക് കാണിക്കാത്ത ബൗളർമാരും ഇന്ത്യക്ക് തലവേദനയാണ്. കഴിഞ്ഞ മത്സരത്തിൽ ഏഴ് നോ ബോളുകളാണ് ഇന്ത്യൻ ബൗളർമാർ എറിഞ്ഞത്. ഇത് കളി കൈവിടുന്നതിൽ നിർണായകമായി.

ഡെത്ത് ഓവറിൽ ആര് എറിയുമെന്ന കാര്യത്തിലും ഹാർദിക്കിന് ആശങ്കയുണ്ടാകും.

ലങ്കൻ ടീമിന്റെ കരുത്ത് ക്യാപ്റ്റൻ ദസുൻ ഷനകയും കുശാൽ മെൻഡിസുമാണ്.  വനിന്ദു ഹസാരങ്കയുടെയും മഹേഷ് തിക്സാനയുടെയും സ്പിൻ ആക്രമണവും ഇന്ത്യൻ യുവനിര ശ്രദ്ധിക്കണം.  

ഇന്ത്യൻ നിരയിൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്നും കോച്ച് രാഹുൽ ദ്രാവിഡ് വ്യക്തമാക്കി.