Click to learn more 👇

ഈ മാസം തീരുന്നതിന് മുന്‍പ് സംസ്ഥാനത്തെ എല്ലാ ബസുകളിലും ക്യാമറകൾ ഘടിപ്പിക്കണമെന്ന് ഗതാഗത മന്ത്രി, പകുതി ചെലവ് സര്‍ക്കാര്‍ വഹിക്കും


കൊച്ചി: സംസ്ഥാനത്തെ എല്ലാ ബസുകളിലും ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനം. ഈ മാസം 28ന് മുമ്പ് എല്ലാ ബസുകളിലും ക്യാമറ സ്ഥാപിക്കണം.

ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ഇന്ന് കൊച്ചിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ബസിന്റെ മുൻവശത്തെ റോഡും ബസിന്റെ ഉൾവശവും കാണത്തക്ക വിധത്തിലാണ് ക്യാമറ സ്ഥാപിക്കേണ്ടത്. ചെലവിന്റെ 50 ശതമാനം റോഡ് സുരക്ഷാ അതോറിറ്റി വഹിക്കും.

 ഓരോ ബസും നിയമാനുസൃതമാണോ ഓടുന്നത് എന്ന് സ്ഥിരമായി പരിശോധിക്കാൻ ഓരോ ഉദ്യോഗസ്ഥർക്കും ചുമതല നൽകാനും യോഗത്തിൽ തീരുമാനമായി.  

നിയമം ലംഘിച്ചാൽ ആ ബസിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനും ഉത്തരവാദിയായിരിക്കും. ബസുകളുടെ മത്സര ഓട്ടവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിശോധിക്കാനാണ് ഗതാഗത മന്ത്രി യോഗം വിളിച്ചത്.

ബസുകളുടെ മരണപ്പാച്ചിലിനെ നിശിതമായി വിമര്‍ശിച്ച്‌ ഹെെക്കോടതി കഴിഞ്ഞ ദിവസം നിലപാടെടുത്തതിന്റെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു യോഗം  ബസുകളിൽ ക്യാമറകൾ സ്ഥാപിക്കാൻ  കെഎസ്ആർടിസിക്കും നിർദേശം നൽകി.  അപകടമുണ്ടാക്കിയത് ആരാണെന്ന് ക്യാമറ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.  ഇതിന് പുറമെ ലൈസൻസില്ലാത്ത ഡ്രൈവർമാർ ഓടിക്കുന്ന ബസുകളുടെ പെർമിറ്റ് റദ്ദാക്കാനും യോഗം തീരുമാനിച്ചു.

ഈ മാസം 28ന് മുമ്പ് സംസ്ഥാനത്തെ ബസുകളിൽ ക്യാമറകൾ സ്ഥാപിക്കണം.  ഡ്രൈവർമാരുടെ ലൈസൻസ് കോപ്പി ഉൾപ്പെടെയുള്ള വിവരങ്ങൾ ബസുടമകൾ ഗതാഗത വകുപ്പിനെ അറിയിക്കണം.  ആറുമാസത്തിലൊരിക്കൽ ബസ് ജീവനക്കാർക്ക് റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസ് നൽകാനും തീരുമാനിച്ചിട്ടുണ്ട്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.