ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബാസ്റ്റേഴ്സ് കളത്തിൽ ഇറങ്ങുന്നു. കൊൽക്കത്തയിൽ നടക്കുന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാൾ ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.
ഈസ്റ്റ് ബംഗാളിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് ഇതുവരെ തോൽവിയറിഞ്ഞിട്ടില്ല. മൂന്നാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് വിജയമാണ് ലക്ഷ്യമിടുന്നത്. 12 പോയിന്റുമായി ഈസ്റ്റ് ബംഗാൾ ലീഗിൽ ഒമ്പതാം സ്ഥാനത്താണ്.
നോർത്ത് ഈസ്റ്റിനെതിരായ മത്സരത്തോടെ കേരള ബ്ലാസ്റ്റേഴ്സ് വിജയവഴിയിലേക്ക് മടങ്ങിയെത്തി. അതിനുമുമ്പ് ബ്ലാസ്റ്റേഴ്സിന് തുടർച്ചയായി രണ്ട് തോൽവികൾ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഇന്നും ലെസ്‌കോവിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലുണ്ടാകില്ല. പരിക്കിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന ലെസ്‌കോവിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പം കൊൽക്കത്തയിലേക്ക് പോയിട്ടില്ല. വിക്ടർ മോംഗിലും ഹോർമിപാമും ഇന്ന് ബ്ലാസ്റ്റേഴ്സിന്റെ സെന്റർ ബാക്കുകളാവും.
കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ ബ്രൈസ് മിറാൻഡ ആദ്യ ഇലവനിൽ തുടരുമെന്നാണ് കരുതുന്നത്. പുതിയ സൈനിംഗ് ഡാനിഷ് ഫാറൂഖും ഇന്ന് അരങ്ങേറ്റം കുറിക്കും. രാത്രി 7.30ന് നടക്കുന്ന മത്സരം തത്സമയം സംപ്രേക്ഷണം ഉണ്ടാകുന്നതാണ്.