കോഴിക്കോട്ട് പഠിക്കുന്ന എറണാകുളം സ്വദേശിയായ മൂന്നാം വർഷ നഴ്‌സിംഗ് വിദ്യാർത്ഥിനിയുടെ പരാതിയിലാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. ലൊക്കേഷൻ മാപ്പിന്റെയും ഫോൺ ലൊക്കേഷന്റെയും സഹായത്തോടെയാണ് എറണാകുളം സ്വദേശികളായ അമ്പാടി (19), അമൽ (21) എന്നിവരെ അന്വേഷണ സംഘം കുടുക്കിയത്. വൈദ്യപരിശോധനയ്ക്ക് ശേഷം ഇവരെ കോടതിയിൽ ഹാജരാക്കും. രണ്ട് സുഹൃത്തുക്കളാണ് തന്നെ പീഡിപ്പിച്ചതെന്ന് പെൺകുട്ടി മൊഴി നൽകിയിരുന്നു.
പ്രതികളും പെൺകുട്ടിയും തമ്മിൽ ഏറെ നാളായി പരിചയമുള്ളവരാണ്. പ്രതികളിലൊരാൾ നഗരത്തിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ശനിയാഴ്ച രാത്രിയാണ് പ്രതികൾ പെൺകുട്ടിയെ വീട്ടിലേക്ക് വിളിപ്പിച്ചത്. തുടർന്ന് ബലമായി മദ്യം കുടിപ്പിക്കുകയും പീഡിപ്പിക്കുകയും ചെയ്തതായി പെൺകുട്ടി പോലീസിന് മൊഴി നൽകി.
പിറ്റേന്ന് പ്രതികൾ പെൺകുട്ടിയെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. തുടർന്ന് പെൺകുട്ടി സുഹൃത്തിനെ വിളിച്ച് ആശുപത്രിയിലേക്കും വീട്ടിലേക്കും പോയി. പിറ്റേന്ന് വിദ്യാഭ്യാസ സ്ഥാപനത്തിൽ എത്തിയ പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അധ്യാപകർ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. കോഴിക്കോട് കസബ പോലീസ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തു.