ഇടുക്കി: ഭക്ഷണത്തിൽ പുഴുക്കളെ കണ്ടെത്തിയെന്ന പരാതിയെ തുടർന്ന് വാഗമണിലെ വഗാലാൻഡ് ഹോട്ടൽ അടപ്പിച്ചു. ഇന്ന് രാവിലെ ഹോട്ടലിലെത്തിയ കോഴിക്കോട് സ്വദേശികളായ വിദ്യാർഥികൾക്ക് മുട്ടക്കറിയിൽ നിന്നാണ് പുഴുവിനെ കിട്ടിയത്.
കുട്ടികൾ ശക്തമായി പ്രതിഷേധിച്ചതോടെ അധികൃതർ എത്തി ഹോട്ടലിനെതിരെ നടപടിയെടുത്തു. അസ്വസ്ഥത പ്രകടിപ്പിച്ച ആറ് വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർഥികളും അധ്യാപകരുമടക്കം 85 പേരാണ് ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയത്.
മുട്ടക്കറി കഴിച്ച് ചില കുട്ടികൾക്ക് ഛർദ്ദി അനുഭവപ്പെട്ടു. തുടർന്ന് ഉദ്യോഗസ്ഥർ എത്തി ഹോട്ടലിനുള്ളിൽ പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാകം ചെയ്ത് സൂക്ഷിച്ചിരുന്നതെന്ന് പിന്നീട് കണ്ടെത്തി.
ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അതിനിടെ ഭക്ഷണത്തെക്കുറിച്ച് പരാതിപ്പെട്ട വിദ്യാർഥികളെ ഹോട്ടൽ ഉടമയും തൊഴിലാളികളും ചേർന്ന് മർദിക്കാൻ ശ്രമിച്ചതായും പരാതിയുണ്ട്. ഒരു മാസം മുൻപും ഈ ഹോട്ടല്‍ അധികൃതര്‍ അടപ്പിച്ചിരുന്നു.