ചെന്നൈ: വഴക്കിനെ തുടർന്ന് യുവതി ഭർത്താവിനെ മദ്യത്തില്‍ വിഷം നൽകി കൊലപ്പെടുത്തി. യുവതിക്ക് മറ്റൊരു പുരുഷനുമായുള്ള ബന്ധം ഭർത്താവ് ചോദ്യം ചെയ്തതിനെ തുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടായി.
ചെന്നൈ മധുരാന്തകം സ്വദേശിനി കവിതയാണ് ഭർത്താവിനെ കൊലപ്പെടുത്തിയത്. ഇതിനിടെ വിഷം ചേർത്തത് അറിയാതെ ഭർത്താവ് സുഹൃത്തിന് മദ്യം നൽകി. ഇയാളും മരിച്ചതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയാണ് ഇരുവരും ആശുപത്രിയിൽ മരിച്ചത്.
സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ് കവിത. ഭർത്താവ് കെ സുകുമാർ ഇറച്ചിക്കടയിൽ ജോലി ചെയ്തു വരികയായിരുന്നു. സഹപ്രവർത്തകനുമായുള്ള കവിതയുടെ അടുപ്പത്തെച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടാകുമായിരുന്നു. മൂന്ന് മാസം മുമ്പ് കവിതയും സുകുമാറും വേർപിരിഞ്ഞെങ്കിലും കുടുംബങ്ങൾ എത്തി പ്രശ്‌നം പരിഹരിച്ചു. എന്നാൽ ഇതിന് ശേഷവും കവിത സഹപ്രവർത്തകയുമായുള്ള ബന്ധം തുടർന്നു.
തുടർന്ന് ദമ്പതികൾ തമ്മിൽ വീണ്ടും വഴക്കുണ്ടായി. ഒടുവിൽ സുകുമാറിനെ കൊലപ്പെടുത്താൻ കവിത തീരുമാനിച്ചതായി പോലീസ് പറഞ്ഞു. ശനിയാഴ്ച ഭർത്താവിന്റെ സഹോദരൻ മണിയുടെ വീട്ടിലെത്തിയ കവിത, സുകുമാർ തന്നോട് മദ്യം വാങ്ങാൻ പറഞ്ഞതായി വിശ്വസിപ്പിച്ചു. മദ്യഷാപ്പിൽ പോകാൻ മടിയുള്ളതിനാൽ 400 രൂപ കൊടുത്ത് മദ്യം വാങ്ങാമോ എന്ന് മണിയോട് ചോദിച്ചു.രണ്ട് കുപ്പി വാങ്ങി വന്ന മണി ഒരെണ്ണമെടുത്ത് ഒരെണ്ണം കവിത കൊണ്ടുപോയി.
തുടർന്ന് സിറിഞ്ച് ഉപയോഗിച്ച് കുപ്പിക്കുള്ളിൽ കീടനാശിനി ചേർത്തു. സുകുമാറിന് കൈമാറാൻ സുഹൃത്ത് നൽകിയതാണെന്ന് പറഞ്ഞാണ് ഞായറാഴ്ച മദ്യക്കുപ്പി ഭർത്താവിന് നൽകിയത്.
തിങ്കളാഴ്ച സുകുമാർ മദ്യക്കുപ്പിയുമായി ചിക്കൻ സ്റ്റാളിലെത്തി. ഉച്ചയ്ക്ക് മുമ്പ് സുകുമാർ ഒരു പെഗ് കുടിക്കാൻ ഒരുങ്ങുമ്പോൾ ഹരിലാൽ എന്ന സുഹൃത്തും മദ്യം ചോദിച്ചു വന്നു. തുടർന്ന് മദ്യപിച്ച് ഇരുവരും ബോധരഹിതരായി വീണു.
കടയിലെ മറ്റ് തൊഴിലാളികൾ ഇവരെ ഉടൻ ചെങ്കൽപേട്ട് ജനറൽ ആശുപത്രിയിലെത്തിച്ചു. ഭാര്യ നൽകിയ മദ്യം കുടിച്ചാണ് അബോധാവസ്ഥയിലായതെന്ന് സുകുമാർ തന്നെയാണ് പോലീസിനോട് പറഞ്ഞത്. മദ്യം രാസപരിശോധന നടത്തിയപ്പോൾ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തി. കവിതയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഇവരുടെ സഹപ്രവർത്തകനും കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ഇയാൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.