കുളിമുറിയിലുണ്ടായ ദുരന്തത്തില്‍ രണ്ടു സഹോദരിമാർ മരിച്ചു. മൈസുരുവിലെ പെരിയപട്നയിലാണ് സംഭവം. ഗുല്‍ഫം താജ് (23), സിമ്രാൻ താജ് (20) എന്ന യുവതികളാണ് കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ശനിയാഴ്ച രാവിലെ സംഭവിച്ചതാണ് ദാരുണ സംഭവം.
പെരിയപട്നയിലെ വീട്ടിലെ കുളിമുറിയില്‍ ഒരുമിച്ച് കുളിക്കാൻ കയറിയ സഹോദരിമാർ ഏറെ നേരം പുറത്തുവരാതിരുന്നതിനെ തുടർന്ന് പിതാവ് വാതില്‍ തകർത്താണ് അകത്ത് കയറിയത്. അപ്പോള്‍ ഇരുവരും അബോധാവസ്ഥയില്‍ വീണുകിടക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പൊലീസ് അറിയിച്ചു.
ഗ്യാസ് ഗീസറില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ചതാണ് മരണത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം. ഗീസറില്‍ നിന്ന് വാതക ചോർച്ചയുണ്ടായിരുന്നുവെങ്കിലും തീപിടിത്തമൊന്നും സംഭവിച്ചില്ല. കുളിമുറിക്ക് ആവശ്യമായ വെന്റിലേഷൻ ഇല്ലായിരുന്നതും ദുരന്തത്തിന് കാരണമായതായി അന്വേഷണത്തില്‍ വ്യക്തമായി.
ഒരു ചടങ്ങില്‍ പങ്കെടുക്കാനായി പെട്ടെന്ന് ഒരുങ്ങാനായിരുന്നു ഇരുവരും കുളിമുറിയിലേക്ക് ഒരുമിച്ച് കയറിയതെന്ന് ബന്ധുക്കള്‍ അറിയിച്ചു. പെരിയപട്ന പൊലീസ് സംഭവം സംബന്ധിച്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


 
 
 
 
 
