Click to learn more 👇

പെട്രോളിനും ഡീസലിനും രണ്ട് രൂപ സെസ്, മദ്യവില കുത്തനെ കൂട്ടി; ഭൂമി രജിസ്ട്രേഷൻ ചെലവ് വർദ്ധിക്കും ; വാഹനങ്ങളിൽ തൊട്ടാല്‍ ഇനി കൈ പൊള്ളും; സാധാരണക്കാരുടെ നെഞ്ചത്തടിച്ച്‌ സംസ്ഥാന ബഡ്ജറ്റ്


തിരുവനന്തപുരം: പിണറായി സർക്കാരിന്റെ രണ്ടാം സമ്പൂർണ ബജറ്റ് സാധാരണക്കാരന്  ഇരുട്ടടിയാക്കി  പെട്രോൾ, ഡീസൽ, മദ്യം എന്നിവയുടെ വില വർധിപ്പിച്ചു.

പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപയാണ് സെസ് ചുമത്തിയിരിക്കുന്നത്.

സാമൂഹിക സുരക്ഷാ ഫണ്ടിലേക്ക് മദ്യത്തിന് സെസ് പിരിക്കുമെന്ന് മന്ത്രി അറിയിച്ചു.  അടുത്തിടെ മദ്യത്തിന്റെ വില വർധിപ്പിച്ചിരുന്നു.1000 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 40 രൂപയാണ് സെസ് ചുമത്തുന്നത്. 1000 രൂപ വരെയുള്ള മദ്യത്തിന് 20 രൂപ സെസും ഏർപ്പെടുത്തും.  ഇതിലൂടെ നാനൂറ് കോടിയോളം രൂപയുടെ അധികവരുമാനം ഉണ്ടാകുമെന്നാണ് സർക്കാർ കണക്കാക്കുന്നത്.

ഭൂമി രജിസ്ട്രേഷൻ ചെലവ് വർദ്ധിക്കും

ഭൂമിയുടെ ന്യായവിലയും 20 ശതമാനം കൂട്ടി. കെട്ടിട പെര്‍മിറ്റ് ഫീസും, കെട്ടിട അനുമതി ഫീസും കൂട്ടി. കൂടാതെ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങൾക്ക് പ്രത്യേക നികുതി ചുമത്തും.  ഒന്നിൽ കൂടുതൽ വീടുള്ളവരിൽ നിന്ന് പ്രത്യേക നികുതിയും ഈടാക്കും.

വാഹനങ്ങളിൽ തൊട്ടാല്‍ കൈ പൊള്ളും

കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ ഒറ്റത്തവണ നികുതി വർധിപ്പിച്ചു. മോട്ടോർ വാഹന നികുതിയും സെസും വർധിപ്പിച്ചു.  മോട്ടോർ സൈക്കിളുകളുടെ ഒറ്റത്തവണ നികുതി രണ്ട് ശതമാനം വർധിപ്പിച്ചു.

ജുഡീഷ്യൽ കോടതി ഫീസും വർധിപ്പിച്ചിട്ടുണ്ട്. വാണിജ്യ, വ്യാവസായിക ആവശ്യങ്ങൾക്കുള്ള വൈദ്യുതി തീരുവയും വർധിപ്പിച്ചിട്ടുണ്ട്. സാമൂഹ്യക്ഷേമ പെൻഷൻ വർധിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നടന്നില്ല. ഇത് ബജറ്റിനെതിരെ പ്രതിഷേധത്തിനും ഇടയാക്കും. സർക്കാർ സംവിധാനങ്ങൾക്ക് മാത്രമാണ് ഫണ്ട് പ്രഖ്യാപിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

കെ ഫോണിന് 100 കോടിയും സ്റ്റാർട്ടപ്പ് മിഷന് 90.5 കോടിയും വകയിരുത്തി.  കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് 574.5 കോടി പ്രഖ്യാപിച്ചു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.