കൊച്ചി: കേരളത്തിൽ നിന്ന് കൃഷി പഠിക്കാൻ പോയ സംഘത്തിൽ മുങ്ങിയ ബിജു കുര്യൻ നാളെ തിരിച്ചെത്തിയേക്കുമെന്ന് റിപ്പോർട്ട്.
ഇന്ന് ഉച്ചയ്ക്ക് ശേഷം ടെല്‍ അവീവ് വിമാനത്താവളത്തിൽ നിന്ന് ബിജു ഇന്ത്യയിലേക്ക് വിമാനം കയറുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല.
ഇക്കഴിഞ്ഞ പതിനേഴിനാണ് ബിജുവിനെ കാണാതായത്. ഇസ്രയേലിലെ പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനാണ് ബിജു കർഷക സംഘത്തിൽ നിന്ന് മുങ്ങിയത്. ആദ്യ ദിവസം ജറുസലേം പര്യടനം നടത്തി. അടുത്ത ദിവസം ബെത്‌ലഹേമിലേക്ക് പോയി. ബത്‌ലഹേമിൽ ഒരു ദിവസം ചെലവഴിച്ച ശേഷം സംഘത്തിൽ ചേർന്ന് കേരളത്തിലേക്ക് മടങ്ങാനായിരുന്നു പദ്ധതി.
അതിനിടെ സംഘം കൊച്ചിയിലേക്ക് മടങ്ങിയെന്നും ബിജു പറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു. തന്നെ സംബന്ധിച്ച് കേരളത്തിൽ നടക്കുന്ന വിവാദങ്ങളിലും ബിജു ഖേദം പ്രകടിപ്പിക്കുന്നു. സംസ്ഥാന സർക്കാരിനുണ്ടായ മാനക്കേടിൽ കൃഷിമന്ത്രി പി പ്രസാദ് ഉൾപ്പെടെയുള്ളവരോട് മാപ്പ് പറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.
അതിനിടെ ബിജു കുര്യന്റെ വിസ റദ്ദാക്കാനുള്ള നീക്കങ്ങൾ സർക്കാർ നടത്തുന്നതിനിടെയാണ് ബിജു കുര്യൻ തിരിച്ചെത്തുന്നുവെന്ന വാർത്ത പുറത്തുവന്നത്. വിസ റദ്ദാക്കി തിരിച്ചയക്കണമെന്നാവശ്യപ്പെട്ട് ഇസ്രയേലിലെ ഇന്ത്യൻ എംബസിക്ക് കത്തുനല്‍കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം.