Click to learn more 👇

ബാംഗ്ലൂരിനെ കരയിപ്പിച്ച് കിരീടത്തില്‍ മുത്തമിട്ട് എ.ടി.കെ മോഹന്‍ ബഗാന്‍


  

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടത്തില്‍ മുത്തമിട്ട് എ.ടി.കെ മോഹന്‍ ബഗാന്‍.

ആവേശം അലതല്ലിയ ഫൈനലില്‍ ബെംഗളൂരു എഫ്.സിയെ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ തകര്‍ത്താണ് മോഹന്‍ ബഗാന്‍ കിരീടം നേടിയത്. എ.ടി.കെയുടെ നാലാം ഐ.എസ്.എല്‍ കിരീടമാണിത്.

നിശ്ചിതസമയത്തും അധികസമയത്തും ഇരുടീമുകളും 2-2 ന് സമനില പാലിച്ചതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടില്‍ 4-3 എന്ന സ്‌കോറിനാണ് മോഹന്‍ ബഗാന്റെ വിജയം. നിശ്ചിത സമയത്ത് മോഹന്‍ ബഗാന് വേണ്ടി ദിമിത്രി പെട്രറ്റോസ് ഇരട്ട ഗോള്‍ നേടിയപ്പോള്‍ റോയ് കൃഷ്ണയും സുനില്‍ ഛേത്രിയും ബെംഗളൂരുവിനായി വലകുലുക്കി.

പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയ കളിയിൽ ബെംഗളൂരുവാണ് ആദ്യം കിക്കെടുത്തത്. അലന്‍ കോസ്റ്റയെടുത്ത ആദ്യ കിക്ക് ലക്ഷ്യത്തിലെത്തിയോടെ ബെംഗളൂരു മുന്നിലെത്തി. മോഹന്‍ ബഗാന് വേണ്ടി ആദ്യ കിക്കെടുത്ത പെട്രറ്റോസും ഗോളടിച്ചു. ഇതോടെ സ്‌കോര്‍ 1-1 ആയി. ബെംഗളൂരുവിനായി രണ്ടാം കിക്കെടുത്ത റോയ് കൃഷ്ണ ലക്ഷ്യം കണ്ടപ്പോള്‍ മോഹന്‍ ബഗാനുവേണ്ടി ലിസ്റ്റണ്‍ കൊളാസോയും ഗോളടിച്ചു. ഇതോടെ സ്‌കോര്‍ 2-2 ആയി മാറി. ബെംഗളൂരുവിനായി റമീറെസാണ് മൂന്നാം കിക്കെടുത്തത് എന്നാല്‍ അത് വിശാല്‍ കെയ്ത് തട്ടിയകറ്റി. പിന്നാലെ വന്ന കിയാന്‍ ലക്ഷ്യം കണ്ടതോടെ മോഹന്‍ ബഗാന്‍ 3-2 ന് മുന്നിലെത്തി.

നിര്‍ണായകമായ നാലാം കിക്ക് ബെംഗളൂരുവിനുവേണ്ടി എടുത്ത ഛേത്രി അനായാസം ലക്ഷ്യം കണ്ടു. മോഹന്‍ ബഗാന് വേണ്ടി നാലാം കിക്കെടുത്ത മന്‍വീര്‍ ഗോളടിച്ചതോടെ ടീം 4-3 ന് മുന്നിലെത്തി. അഞ്ചാം കിക്കെടുത്ത ബെംഗളൂരുവിന്റെ പാബ്ലോ പെരെസിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നതോടെ മോഹന്‍ ബഗാന്‍ കിരീട ജേതാക്കളായി.


മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.