കഴിഞ്ഞ ജൂൺ-ജൂലൈ മാസങ്ങളിൽ മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ഉപയോഗിച്ച വെള്ളത്തിന്റെ അളവാണ് പുറത്തുവിട്ടത്.
1.22 ലക്ഷം ലിറ്റർ വെള്ളമാണ് ഈ രണ്ട് മാസത്തിനിടെ മന്ത്രിയുടെ വീട്ടിൽ ഉപയോഗിച്ചത്. പ്രതിമാസം ശരാശരി ഉപഭോഗം 61000 ലിറ്ററാണ്. നിയമസഭയിൽ സനീഷ് കുമാർ ജോസഫിന്റെ ചോദ്യത്തിന് മന്ത്രി തന്നെ മറുപടി നൽകി.
മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ രണ്ട് കുടിവെള്ള കണക്ഷനുകളുണ്ട്. ജൂണ്‍-ജൂലായ് മാസം ഇതില്‍ ഒന്നില്‍ 1.12 ലക്ഷം ലിറ്റര്‍ വെള്ളവും രണ്ടാമത്തേതില്‍ 10000 ലിറ്റര്‍ വെള്ളവും ഉപയോഗിച്ചുവെന്നാണ് കണക്ക്. രണ്ട് കണക്ഷനിലുമായി 2542 രുപയാണ് ബില്ല് വന്നത്.
കഴിഞ്ഞ ഒരു വർഷത്തെ ശരാശരി നോക്കുമ്പോൾ മന്ത്രിയുടെ വീട്ടിലെ ശരാശരി ജല ഉപഭോഗം പ്രതിമാസം ഏകദേശം 40000 ലിറ്ററാണ്.
നേരത്തെ വെള്ളക്കരം ഉയർത്താനുള്ള തീരുമാനത്തെ ന്യായീകരിച്ച് നിയമസഭയിൽ സംസാരിക്കവെ, നാലംഗ കുടുംബത്തിന് പ്രതിദിനം 100 ലിറ്റർ വെള്ളം തികയില്ലേയെന്ന് മന്ത്രി ചോദിച്ചു. നിയന്ത്രിതമായി വെള്ളം ഉപയോഗിക്കണമെന്ന് നിർദേശിച്ച മന്ത്രി നേരെ മറിച്ചാണ് ചെയ്യുന്നതെന്ന് സ്വന്തം വസതിയിലെ വെള്ളം ബില്ല് കണക്കുകളിലൂടെ വ്യക്തമാകുന്നത്.