Click to learn more 👇

വാത്സല്യപൂര്‍വം അരികത്ത് വിളിച്ച്‌ ശരീരത്തില്‍ സ്പര്‍ശിച്ചു, വസ്ത്രങ്ങള്‍ അഴിക്കാനും ശ്രമിച്ചു; ആ രണ്ടു മുഖങ്ങള്‍ വ്യക്തമായി ഓര്‍മയില്ലെന്ന് കളക്ടര്‍ ദിവ്യ എസ് അയ്യര്‍


പത്തനംതിട്ട: ബാല്യകാലത്ത് തനിക്ക് ലൈംഗികമായ ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ്.

അയ്യര്‍ വെളിപ്പെടുത്തി. അതിക്രമത്തിനിരയാകുന്ന കുട്ടികളെക്കുറിച്ചുള്ള വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച്‌ മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് അവബോധം നല്‍കുന്നതിനായി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടര്‍.

ആറ് വയസുള്ളപ്പോഴാണ് ദുരനുഭവം ഉണ്ടായത്. അതിലെ രണ്ടു വ്യക്തികളുടെ മുഖം വ്യക്തമായി ഓര്‍മ്മയില്ല. അവര്‍ വാത്സ്യല്യപൂര്‍വം അരികത്ത് വിളിച്ച്‌ ശരീരത്തില്‍ സ്പര്‍ശിച്ചു. വസ്ത്രങ്ങള്‍ അഴിക്കാനും ശ്രമിച്ചു. അരുതാത്തത് എന്തോ ആണ് സംഭവിക്കുന്നതെന്ന് മനസിലായതോടെ കുതറിയോടി രക്ഷപ്പെടുകയായിരുന്നു. അന്ന് അങ്ങനെ ചെയ്യാന്‍ തോന്നി. എന്നാല്‍ എല്ലാ കുട്ടികള്‍ക്കും അങ്ങനെ ചെയ്യാന്‍ കഴിയണമെന്നില്ല.

മാതാപിതാക്കള്‍ മാനസിക പിന്‍ബലം തന്നതുകൊണ്ടു മാത്രമാണ് ആ ആഘാതത്തില്‍ നിന്ന് രക്ഷപ്പെടാനായത്. പിന്നീട് ആള്‍ക്കൂട്ടങ്ങളില്‍ ചെല്ലുമ്ബോള്‍ ഞാന്‍ എല്ലാവരെയും സൂക്ഷിച്ചു നോക്കും, ആ രണ്ടു മുഖങ്ങള്‍ അവിടെ എവിടെയെങ്കിലുമുണ്ടോയെന്ന്. നിഷ്‌കളങ്ക ബാല്യങ്ങള്‍ക്ക് ഏല്‍ക്കേണ്ടിവരുന്ന ഇത്തരത്തിലുളള ആഘാതങ്ങള്‍ അവരുടെ ജീവിതകാലം മുഴുവന്‍ വേട്ടയാടുമെന്നും കളക്ടര്‍ പറഞ്ഞു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.