Click to learn more 👇

പ്രസവ ശസ്ത്രക്രിയക്കിടെ കത്രിക വയറ്റില്‍ മറന്നുവെച്ച സംഭവം; ഹര്‍ഷിനയ്ക്ക് രണ്ടുലക്ഷം രൂപ ധനസഹായം


തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രസവ ശസ്ത്രക്രിയക്കിടയില്‍ കത്രിക വയറ്റില്‍ മറന്നുവെച്ച സംഭവത്തില്‍ പരാതിക്കാരിയായ ഹര്‍ഷിനയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ അനുവദിക്കും.

ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം.

ആരോഗ്യവകുപ്പിന്‍റെ കീഴില്‍ നടത്തിയ രണ്ട് അന്വേഷണങ്ങളിലും ശസ്ത്രക്രിയ ഉപകരണം ഏതവസരത്തിലാണ് വയറ്റില്‍ കുടുങ്ങിയതെന്ന് കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ആഭ്യന്തര വകുപ്പ് അന്വേഷണം നടത്താനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.

സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നേരിട്ട് നല്‍കിയ ഉറപ്പ് പാലിക്കാത്തതില്‍ പ്രതിഷേധിച്ച്‌ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ആരംഭിക്കാനൊരുങ്ങുകയാണ് ഹര്‍ഷിന. ആരോഗ്യമന്ത്രി ഹര്‍ഷിനയെ നേരിട്ട് കാണുകയും രണ്ടാഴ്ചക്കകം പ്രശ്നത്തിന് പരിഹാരം ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. 

എന്നാല്‍, മൂന്നാഴ്ച കഴിഞ്ഞിട്ടും നടപടി ഇല്ലെന്നായപ്പോള്‍ ഹര്‍ഷിന ആരോഗ്യമന്ത്രിയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മറുപടി ഒന്നും ലഭിച്ചില്ല. ഇതോടെയാണ് സമരവുമായി വീണ്ടും മുന്നോട്ടുപോകാനുള്ള ഹര്‍ഷിനയുടെ തീരുമാനം.

ജെ.എല്‍.എന്‍ സ്റ്റേഡിയം മുതല്‍ കാക്കനാട് വഴി ഇന്‍ഫോപാര്‍ക്ക് വരെ 11.2 കി.മീ ദൈര്‍ഘ്യത്തില്‍ കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് 1571.05 കോടി രൂപയുടെ സംസ്ഥാന വിഹിതം കൂടി ഉള്‍പ്പെടുത്തി 1957.05 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി നല്‍കാനും തീരുമാനിച്ചു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.