സോഷ്യൽ മീഡിയയിലൂടെ ഓരോ ദിവസവും വ്യത്യസ്തവും നമ്മളില്‍ കൗതുകം നിറയ്ക്കുന്നതുമായ എത്രയോ വീഡിയോകള്‍ നമുക്ക് കാണാന്‍ സാധിക്കാറുണ്ട്
ഇവയില്‍ പലതും താല്‍ക്കാലികമായ ആസ്വാദനത്തിന് മാത്രം ഉപകരിക്കുന്ന, കാഴ്ചക്കാരെ കൂട്ടുന്നതിന് വേണ്ടി ബോധപൂര്‍വ്വം തയ്യാറാക്കിയ ഉള്ളടക്കങ്ങള്‍ ഉള്ളതാകാറുണ്ട്.
ഇങ്ങനെയുള്ള വീഡിയോകളെല്ലാം വളരെ പെട്ടെന്ന് തന്നെ നാം മറന്നുപോയേക്കാം. എന്നാല്‍ ചില വീഡിയോകളുണ്ട്. കണ്ടുകഴിഞ്ഞാല്‍ അത്ര പെട്ടെന്നൊന്നും മറന്നുപോകാത്ത, നമ്മെ ഏതെങ്കിലും വിധത്തില്‍ സ്പര്‍ശിക്കുന്ന രംഗങ്ങള്‍.
ഒന്നുകില്‍ നമ്മെ സന്തോഷിപ്പിക്കുന്നതാകാം, അല്ലെങ്കില്‍ നമ്മെ നിരാശപ്പെടുത്തുന്നതോ, സങ്കടത്തിലാഴ്ത്തുന്നതോ, അസ്വസ്ഥതപ്പെടുത്തുന്നതോ, പ്രചോദനം നല്‍കുന്നത്... അങ്ങനെ എന്തുമാകാം.
അത്തരത്തില്‍ നമ്മെ ഏറെ സന്തോഷിപ്പിക്കുന്നൊരു കാഴ്ചയിലേക്ക്, അങ്ങനെയൊരു വീഡിയോയിലേക്ക് ആണിനി നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്. ഒരു 'സെല്‍ഫ് ഡ്രൈവിംഗ് കാറി'ല്‍ യാത്ര ചെയ്യുന്ന വൃദ്ധരായ രണ്ട് പേരെയാണ് വീഡിയോയില്‍ കാണുന്നത്. യുഎസുകാരാണ് കെന്നി എന്നും ജെറി എന്നും പേരുള്ള ഈ വൃദ്ധര്‍. ഇതില്‍ കെന്നി തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ രസകരമായ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
'സെല്‍ഫ് ഡ്രൈവിംഗ് കാര്‍' പലര്‍ക്കും കേട്ടറിവ് പോലുമില്ലാത്ത സംഗതിയാണ്. അതായത് ഡ്രൈവറില്ലാതെ തനിയെ തന്നെ കാര്‍ ഓടുന്ന ടെക്നിക്. ഇങ്ങനെയുള്ള കാറുകള്‍ നേരത്തെ തന്നെ പുറത്തിറങ്ങിയിട്ടുള്ളതാണ്. എന്നാല്‍ വ്യാപകമായ രീതിയില്‍ എത്തിയിട്ടില്ല. പലര്‍ക്കും പക്ഷേ ഇപ്പോഴും ഇത് അവിശ്വസനീയം കൂടിയാണ്. ഡ്രൈവറില്ലാതെ എങ്ങനെയാണ് ഒരു കാര്‍ ഓടുക. ഇതുതന്നെയാണ് ഈ വീഡിയോയില്‍ സെല്‍ഫ് ഡ്രൈവിംഗ് കാറില്‍ യാത്ര ചെയ്യുന്ന വൃദ്ധരും ചോദിക്കുന്നത്.
കാറില്‍ മുന്‍സീറ്റിലുള്ള യുവതിയാണ് വീഡിയോ പകര്‍ത്തുന്നത്. ഇവരുടെ പേര് അമാന്‍ഡ എന്നാണ്. ഇടയ്ക്കിടെ കെന്നി അമാന്‍ഡയോട് ഓരോ ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്. എല്ലാം അത്ഭുതം തന്നെ. ഇടയ്ക്ക് തനിക്കിത് വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്ന് ആവര്‍ത്തിക്കുകയും ചെയ്യുന്നു.
രണ്ട് പേരുടെയും 'എക്സ്പ്രഷന്‍സ്' പകരം വയ്ക്കാനില്ലാത്തതാണെന്നും, ഈ വീഡിയോ കണ്ടില്ലെങ്കില്‍ അത് നഷ്ടം തന്നെയെന്നും വീഡിയോ കണ്ടവരെല്ലാം കമന്‍റുകളില്‍ കുറിച്ചിരിക്കുന്നു. പ്രായമാകുംതോറും കുട്ടികളെ പോലെ 'ക്യൂട്ട്' ആകുമെന്ന് പറയുന്നത് സത്യമാണെന്നും പലരും കമന്‍റില്‍ എഴുതിയിരിക്കുന്നു. അത്രയും രസകരമാണ് ഇവരുടെ യാത്ര കാണാന്‍.
വീഡിയോ കാണാം ...